- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദ്യാരംഭ ദിനത്തിൽ സ്പീക്കർ എ.എൻ. ഷംസീറിന് ഗണപതി മിത്തല്ല; ഹരിശ്രീ ഗണപതയേ ചൊല്ലി എഴുത്തിനിരുത്ത്; ഗണപതിക്ക് എത്രമാത്രം ശക്തിയുണ്ടെന്ന് ഇപ്പോൾ സിപിഎം നേതൃത്വത്തിന് മനസ്സിലായിക്കാണുമെന്ന് ബിജെപി
കണ്ണൂർ: ഗണപതി മിത്താണെന്ന് പറഞ്ഞ് വിവാദത്തിലകപ്പെട്ട സ്പീക്കർ എ.എൻ. ഷംസീർ ഹരിശ്രീ ഗണപതയേ ചൊല്ലി വിദ്യാരംഭ ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തിയതു വീണ്ടും വിവാദമാകുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലും സംയുക്തമായി വിജയദശമി ദിനത്തിൽ തലശ്ശേരി ഗുണ്ടർട്ട് സ്റ്റോറി ടെല്ലിങ് മൃൂസിയത്തിൽ നടത്തിയ എഴുത്തിനിരുത്ത് ചടങ്ങിലാണ് ഹൈന്ദവ പാരമ്പര്യത്തിലധിഷ്ഠിതമായ രീതിയിൽ ഹരിശ്രീ ഗണപതയേ ചൊല്ലിയത്.
പാരമ്പര്യ രീതിയിൽ നിലത്തിരുത്തി താലത്തിലെ അരിയിൽ കുട്ടിയുടെ കൈപിടിച്ച് എ.എൻ. ഷംസീർ തന്നെയാണ് ഹരിശ്രീ ഗണപതയേ ചൊല്ലിക്കൊടുത്തത്. ചടങ്ങിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സംഘാടകർ തന്നെയാണ് ചടങ്ങിന്റെ വീഡിയോയും ഫോട്ടോയും റക്കോഡ് ചെയ്ത് ഷെയർ ചെയ്തത്.
ഹൈന്ദവ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സയന്റിഫ് ടെംപറുമായി കൂട്ടിയിണക്കി ഗണപതി മിത്താണെന്ന് പൊതുവേദിയിൽ പ്രസംഗിച്ച ഷംസീറിനെ ന്യായീകരിക്കുന്ന നിലപാടാണ് സിപിഎം നേതൃത്വവും സ്വീകരിച്ചത്. എന്നാൽ മിത്താണെന്ന് പറഞ്ഞ ഗണപതിയെ സ്മരിച്ച് കൊണ്ട് ഷംസീർ തന്നെ കുട്ടികളെ എഴുത്തിനിരുത്തിയതോടെ ഇതിന് ന്യായീകരണക്യാപ്സൂൾ പുറത്തിറക്കേണ്ട സി.പി. എമ്മിന്റെ തലയിൽ വീണിരിക്കുകയാണ്.
തലശേരി ഇല്ലിക്കുന്ന് ഗുണ്ടർട്ട് ബംഗ്ളാവ് മ്യൂസിയത്തിൽ എ.എൻ. ഷംസീർ തന്നെയാണ് എഴുത്തിനിരുത്തൽ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ജില്ലാ കലക്ടർ അരുൺ കെ വിജയൻ, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, നഗരസഭ കൗൺസിലർമാരായ വി. മജ്മ, ടി. സാഹിറ, ഫാ. ടോജിൻ സിഎസ് ഐ, ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ്‌കുമാർ, രാഹുൽ വി. രത്നാകരൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിനിടെ സ്പീക്കർ ഷംസീറിനെതിരെ വിമർശനവുമായി ബിജെപി രംഗത്തുവന്നു.
ഗണപതി കേവലം മിത്തല്ലെന്നും സത്യമാണെന്നും സ്പീക്കർ എ.എൻ. ഷംസീറിന്റെ നാവിൽ കൂടി തന്നെ വ്യക്തമായെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഗണപതി മിത്താണെന്ന് പറഞ്ഞ ഷംസീറാണ് ഇന്നലെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലും സംയുക്തമായി വിജയദശമി ദിനത്തിൽ തലശ്ശേരി ഗുണ്ടർട്ട് സ്റ്റോറി ടെല്ലിങ് മൃൂസിയത്തിൽ നടത്തിയ എഴുത്തിനിരുത്ത് ചടങ്ങിൽ ഹൈന്ദവ പാരമ്പര്യത്തിലധിഷ്ഠിതമായ രീതിയിൽ ഹരിശ്രീ ഗണപതയേ ചൊല്ലിയത്.
ഹൈന്ദവ വിശ്വാസികളെ അന്ധവിശ്വാസികളാക്കി കാണിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായത്. പോതുസമൂഹം ആദ്ധ്യാത്മികതയുടെ പാതയിലേക്ക് പോകുന്നത് കണ്ടപ്പോഴാണ് സിപിഎം സന്തത സഹചാരികൾ ഇത്തരം പ്രസ്താവന നടത്തിയത്. എന്നാൽ ഷംസീറിന്റെ നാവിൽകൂടി തന്നെ അത് തിരുത്തേണ്ടി വന്നു. ഗണപതി മിഥ്യയല്ല സത്യമാണെന്ന് അദ്ദേഹം തന്നെ സമൂഹത്തെ ബോധ്യപ്പെടുത്തി. ഈ ഇരട്ടത്താപ്പ് നയം സിപിഎം നേതൃത്വം ഉപേക്ഷിക്കണം. സിപിഎം നേതാക്കൾ ഇത്തരം പ്രസ്താവന നടത്തുമ്പോൾ ഗണപതി തന്നെയാണ് ഷംസീറിന്റെ നാവിലൂടെ ഹരിശ്രീ ഗണപതയേ നമ എന്ന് പറയിപ്പിച്ചത്. ഷംസീർ പോലും അറിയാതെയാണ് അത് പുറത്ത് വന്നത്. ഗണപതിക്ക് എത്രമാത്രം ശക്തിയുണ്ടെന്ന് ഇപ്പോൾ സിപിഎം നേതൃത്വത്തിന് മനസ്സിലായിക്കാണുമെന്നും ഹരിദാസ് പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്