- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമാന്യ മര്യാദയ്ക്ക് ഷേക്ക്ഹാന്‍ഡ് കൊടുക്കാനും ജാട! ബൂത്തില്‍ വച്ച് കൃഷ്ണകുമാര്‍ ചുമലില്‍ തട്ടി വിളിച്ചിട്ടും മുഖം കൊടുക്കാതെ എന്‍ എന്‍ കൃഷ്ണദാസ്; പി സരിനെ മൈന്‍ഡ് ചെയ്യാതിരുന്ന ഷാഫിയെയും രാഹുലിനെയും അനുസ്മരിപ്പിച്ച് വീണ്ടും വിവാദം
കൃഷ്ണകുമാര്‍ ചുമലില്‍ തട്ടി വിളിച്ചിട്ടും മുഖം കൊടുക്കാതെ എന്‍ എന്‍ കൃഷ്ണദാസ്
പാലക്കാട്: പരസ്പരം പോര്‍വിളികള്‍ നടത്തുമെങ്കിലും നേരില്‍ കാണുമ്പോള്‍ കൈ കൊടുത്തുപിരിയുന്നവരായിരുന്നു സംസ്ഥാനത്തെ രാഷ്ട്രീയക്കാര്‍. എന്നാല്‍, പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കവേ, പി സരിന് കൈ കൊടുക്കാന്‍ എതിരാളിയായ രാഹുല്‍ മാങ്കൂട്ടത്തിലും, ഷാഫി പറമ്പിലും തയ്യാറാകാതിരുന്നത് വാര്‍ത്തയായിരുന്നു. ഏറ്റവുമൊടുവില്‍ വോട്ടെടുപ്പ് ദിവസം, ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍ കൈ നീട്ടിയെങ്കിലും സിപിഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസ് മുഖം തിരിച്ച് പോയതായി ആക്ഷേപം. വോട്ട് ചെയ്യാനായി കല്‍പ്പാത്തിയില്‍ ഇരുവരും എത്തിയപ്പോഴായിരുന്നു സംഭവം.
കൃഷ്ണകുമാര്‍ ഷേക്ക് ഹാന്‍ഡ് ചെയ്യാന്‍ ചുമലില്‍ തട്ടി വിളിച്ചിട്ടും മുഖം കൊടുക്കാതെയാണ് കൃഷ്ണദാസ് പോയത്. കൃഷ്ണകുമാര്‍ ബൂത്തിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് കൃഷ്ണദാസ് വോട്ടു ചെയ്യാന്‍ ബൂത്തിലേക്ക് കയറുന്നത്. കൃഷ്ണകുമാര്‍ അടുത്ത് ചെന്ന് തോളില്‍ തട്ടി വിളിച്ചിട്ടും പ്രതികരിക്കാതെ കൃഷ്ണദാസ് ബൂത്തിലേക്ക് കയറുകയായിരുന്നു.സംഭവം ചാനല്‍ ക്യാമറകള്‍ ഒപ്പി എടുത്തതിനാല്‍ കൃഷ്ണകുമാര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ''സാമാന്യ മര്യാദപോലുമില്ലാത്ത ഇത്തരത്തിലുള്ള നേതാക്കളാണ് പാലക്കാട് സിപിഎമ്മിന്റെ ശാപം. ഇത്രയും സംസ്‌കാരശൂന്യനായ നേതാവ് പാലക്കാട് വേറെയില്ല.'' സി.കൃഷ്ണകുമാര്‍ തുറന്നടിച്ചു.
ബൂത്തിന് മുന്നില്‍ വച്ച് എതിര്‍സ്ഥാനാര്‍ത്ഥിക്ക് കൈകൊടുത്താല്‍, ചിരിച്ചാല്‍ എന്താണ് കുഴപ്പം, പാര്‍ട്ടി മാറുമോ? കൃഷ്ണകുമാര്‍ ചോദിച്ചു. ''ചിരിച്ച് കൈ കൊടുക്കുന്നത് ഒരു സംസ്‌ക്കാരമാണ്. എന്റെ വീടിനു തൊട്ടടുത്ത് കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി താമസിക്കുന്ന ആളാണ്. ഒരു ജനപ്രതിനിധിയുമായിരുന്നു. സംസ്‌കാരവും മര്യാദയും ആണത്.'' കൃഷ്ണകുമാര്‍ പറഞ്ഞു.
എന്നാല്‍ കൃഷ്ണകുമാറിനെ കണ്ടില്ലെന്നാണ് കൃഷ്ണദാസ് പ്രതികരിച്ചത്. താന്‍ വരുമ്പോള്‍ കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. ഒരു ഉപദ്രവം വേണ്ട എന്ന് വിചാരിച്ച് ഒഴിഞ്ഞുപോവുകയായിരുന്നു എന്നാണ് കൃഷ്ണദാസ് പറഞ്ഞത്.