- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തോല്‍വിയുടെ ഉത്തരവാദിത്തം സുരേന്ദ്രന്, അത് കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവെക്കേണ്ട; വോട്ട് കുറഞ്ഞത് കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം; കൃഷ്ണ കുമാറിന്റെ ആസ്തി പരിശോധിക്കണം; തനിക്ക് വസ്തുക്കച്ചവടം ഇല്ല; പ്രഭാരി രഘുനാഥ് എസി മുറിയില്‍ കഴിയുകയായിരുന്നു'; തുറന്നടിച്ചു എന്‍ ശിവരാജന്‍
'തോല്‍വിയുടെ ഉത്തരവാദിത്തം സുരേന്ദ്രന്,
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ തോല്‍വിയില്‍ പൊട്ടിത്തെറി തുടരുന്നു. തോല്‍വിയില്‍ പാലക്കാട് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ ആരോപണം ഉന്നയിച്ച കെ സുരേന്ദ്രനെതിരെ പൊട്ടിത്തെറിച്ച് ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ രംഗത്തെത്തി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേയും പാലക്കാട് ചുമതല ഉണ്ടായിരുന്ന രഘു നാഥിനെതിരെയും സ്ഥാനാര്‍ത്ഥി കൃഷ്ണ കുമാറിനെതിരേയുമാണ് ബിജെപി ദേശീയ കൗണ്‍സില്‍ അംഗമായ മുതിര്‍ന്ന നേതാവിന്റെ വിമര്‍ശനം.
തോല്‍വിയുടെ ഉത്തരവാദിത്തം കെ സുരേന്ദ്രനാണെന്ന് ശിവരാജന്‍ തുറന്നടിച്ചു. അത് കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടി വെക്കേണ്ട. പ്രഭാരി രഘു നാഥ് എസി മുറിയില്‍ കഴിയുക ആയിരുന്നു. രഘുനാഥിനെ പ്രഭാരി സ്ഥാനത്തു നിന്ന് മാറ്റണം എന്ന് 6 മാസം മുന്‍പ് ആവശ്യപ്പെട്ടിരുന്നു. പ്രഭാരിയുടെ ജോലി എസി റൂമില്‍ ഉറങ്ങല്‍ അല്ലെന്നും ശിവരാജന്‍ പറഞ്ഞു. കൗണ്‍സിലര്‍മാര്‍ അല്ല തോല്‍വിക്ക് കാരണം. വോട്ട് കുറഞ്ഞതിന്റ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം. സ്വന്തം വാര്‍ഡില്‍ പോലും ജയിക്കാന്‍ ആകാത്ത ആള്‍ ആണ് രഘുനാഥ്. എന്റെ ആസ്തി പരിശോധിക്കാം. കൃഷ്ണ കുമാറിന്റെ ആസ്തി പരിശോധിക്കണം. തനിക്ക് വസ്തുക്കച്ചവടം ഇല്ലെന്നും ശിവരാജന്‍ പറഞ്ഞു.
അതേസമയം, തോല്‍വിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പരസ്യ പ്രതികരണത്തിനൊരുങ്ങുകയാണ് ബിജെപി കൗണ്‍സിലര്‍മാര്‍. നഗരസഭ ചെയര്‍മാന്‍ പ്രമീള ശശിധരന്‍ ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്വം കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവെക്കുന്നതില്‍ പ്രതിഷേധം അറിയിക്കാനാണ് കൗണ്‍സിലര്‍മാരുടെ തീരുമാനം. സ്വന്തം ഭാര്യയുടെ വാര്‍ഡില്‍ പോലും വോട്ട് കുറഞ്ഞതെങ്ങനെയെന്നാണ് കൗണ്‍സിലര്‍മാരുടെ ചോദ്യം.
അതേസമയം ഉപതിരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ എറണാകുളത്ത് നേതൃയോഗം ചേരാനിരിക്കെയാണ് കെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചു രംഗത്തുവന്നത്. സംസ്ഥാന അധ്യക്ഷന്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് നയിച്ച തിരഞ്ഞെടുപ്പായിട്ടും വമ്പന്‍ തോല്‍വി നേരിട്ടതിന്റെ ക്ഷീണം പാലക്കാട്ടെ ബിജെപിയുടെ പ്രാദേശിക കൗണ്‍സിലര്‍മാരില്‍ കെട്ടിവെക്കാനാണ് കെ സുരേന്ദ്രന്‍ ശ്രമിച്ചത്. ഇതിനെതിരായണ് ശിവരാജന്‍ അടക്കമുള്ളവര്‍ തുറന്നടിച്ചു രംഗത്തുവരുന്നത്. നേതൃത്വത്തിന്റെ കഴിവുകേടിനെ തങ്ങളുടെ പിടലിയില്‍ ചാര്‍ത്തേണ്ടെന്ന വികാരത്തിലാണ് ബിജെപി പ്രാദേശിക നേതാക്കള്‍.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മാറുമെന്ന തരത്തിലാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. നേതൃനിരയില്‍ സുരേന്ദ്രന്‍ തുടരുന്നത് തന്നെ കാലാവധി കഴിഞ്ഞതിന് ശേഷമാണ്. അതുകൊണ്ട് തന്നെ സുരേന്ദ്രനെ താമസിയാതെ മാറ്റും. ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ പേരില്‍ മാറ്റുന്നതിനോടാണ് നേതൃത്വത്തിന് എതിര്‍പ്പുള്ളത്. അതുകൊണ്ട് തന്നെ അധികം താമസിയാതെ തന്നെ സുരേന്ദ്രനെ മാറ്റുമെന്ന് ഉറപ്പാണ്.
എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ പാര്‍ട്ടിയെ നയിക്കുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഇത് നേരത്തെ പാര്‍ട്ടിയിലുള്ള ധാരണയാണ്. അതുവരെ തുടരാനാണ് സാധ്യതയുണ്. ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് യോഗത്തില്‍ കൃത്യമായ മറുപടി നല്‍കാനുള്ള തയാറെടുപ്പിലാണ് സുരേന്ദ്രന്‍. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തന്നെ പാലക്കാട്ടെ ബിജെപിയില്‍ പ്രശ്‌നങ്ങളുണ്ട്. പാലക്കാട്ടെ പരാജയത്തെ സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തോട് ചോദിക്കണമെന്ന വി.മുരളീധരന്റെ പ്രസ്താവനയും സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയാണെന്ന പ്രചാരണത്തിന് ശക്തി പകരുന്നതാണ്. മുരളീധരന്റെ പിന്തുണയില്ലായ്മയാണ് സുരേന്ദ്രന് വലിയ വെല്ലുവിളിയായി തീര്‍ന്നിരിക്കുന്നത്.
നാളെ നേതൃയോഗം നടക്കാനിരിക്കെയാണ്. നാളെ നേതൃയോഗത്തില്‍ സംസ്ഥാന അധ്യക്ഷനെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ ഒരു വിഭാഗം തയാറെടുക്കുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയവും പ്രചാരണവും ഏകപക്ഷീയമായി നടത്തിയ സുരേന്ദ്രനാണ് പരാജയത്തിന് കാരണമെന്നാണ് ചില നേതാക്കള്‍ പറയുന്നത്. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നാളെ യോഗം ചര്‍ച്ച ചെയ്യും. പാലക്കാട് നഗരസഭയുടെ പ്രവര്‍ത്തന രീതി വോട്ടു ചോര്‍ച്ചയ്ക്ക് ഇടയാക്കിയെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. നേതാക്കള്‍ക്കിടയിലെ വിഭാഗീയതയും, സന്ദീപ് വാരിയര്‍ പാര്‍ട്ടി വിട്ടതില്‍ അണികള്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പവും, ശോഭാ സുരേന്ദ്രന് സീറ്റ് നിഷേധിച്ചതുമെല്ലാം വോട്ടു ചോര്‍ച്ചയ്ക്കിടയാക്കിയെന്നാണ് നിഗമനങ്ങള്‍.
വിജയം ഉറപ്പിച്ച പാലക്കാട് പരാജയത്തിന് പുറമേ വോട്ട് കുറഞ്ഞതും ബി.ജെ.പി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വെച്ച് താരതമ്യം ചെയ്യുമ്പോള്‍ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്ക് കുറഞ്ഞത്. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലും ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിരുന്നു. തനിക്കെതിരെയുണ്ടാകാനിടയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കാനാണ് സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതിന് പിന്നിലെന്ന് പറയുന്നവരും ഏറെയാണ്.
ശോഭാസുരേന്ദ്രനും അനുകൂലികളും പാലക്കാട് പാലം വലിച്ചതായാണ് സുരേന്ദ്രന്‍ വിഭാഗം മുന്നോട്ട് വെക്കുന്നത്. എന്നാല്‍ പരാജയത്തിന് കാരണം ശോഭാ സുരേന്ദ്രനും ശോഭയെ പിന്തുണക്കുന്ന 18 നഗരസഭാ കൗണ്‍സിലര്‍മാരും ആണെന്ന് കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രന്‍ അറിയിച്ചതായാണ് സൂചനകള്‍. ശോഭാ സുരേന്ദ്രന്റെ ഡ്രൈവര്‍ കണ്ണാടി പഞ്ചായത്ത് കേന്ദ്രീകരിച്ച് വോട്ട് മറിച്ചെന്നും സുരേന്ദ്രന്റെ പക്ഷം ആരോപിക്കുന്നുണ്ട്.