- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുരുദേവൻ സന്യാസിയാണ്; ഹിന്ദുമത ആചാര്യനാണ്; സാമൂഹിക പരിഷ്‌കർത്താവാണ്; ഗുരുദേവനോളം പണ്ഡിതനായ ഒരു സന്യാസിയും ഉണ്ടായിട്ടില്ല; ഗുരുദേവനെ ആരും ചുവപ്പ് ഉടുപ്പിക്കാൻ വരേണ്ടെന്ന് സുരേന്ദ്രൻ; സന്യാസിയെന്നത് ഹൈന്ദവ ആചാരത്തിന്റെ ഭാഗമെന്ന് കേന്ദ്രമന്ത്രി മുരളീധരനും; ഗുരുവിനെ കാവിയുടുപ്പിച്ചെന്ന് ആരോപണം; പ്രതികരിച്ച് ബിജെപി
കോട്ടയം: ബിജെപിയുടെ ഔദ്യോഗിക ഫേസ്‌ബുക് പേജിൽ ശ്രീനാരായണ ഗുരുവിനെ ഹൈന്ദവ സന്യാസിയെന്ന് വിശേഷിപ്പിച്ചത് വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി നേതൃത്വം. വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്തു വന്നു.
നാരായണഗുരുവിനെ കാവിയുടുപ്പിച്ചെന്ന് പറഞ്ഞ് അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും അദ്ദേഹത്തെ ആരും ചുവപ്പുടുപ്പിക്കാൻ നോക്കേണ്ടെന്നും ഇരുവരും പ്രതികരിച്ചു. പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. 'സാമൂഹിക പരിഷ്‌കർത്താവും, ഹൈന്ദവ സന്യാസി ശ്രേഷ്ഠനുമായ ശ്രീനാരായണ ഗുരുദേവന് ബിജെപി കേരളത്തിന്റെ പ്രണാമം' എന്നാണ് ബിജെപി ഫേസ്‌ബുക്കിൽ കുറിച്ചത്. ഇത് വിവാദമായി. ഗുരു ദേവനെ ഹൈന്ദവ സന്യാസിയായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ആക്ഷേപം. ചില ചാനലുകളിൽ വാർത്തയായി. ചിലർ പ്രതികരണവുമായി എത്തി. ഇതോടെയാണ് ബിജെപിയും പ്രതികരിക്കുന്നത്.
'ഗുരുദേവൻ ഹിന്ദു സന്യാസിയാണെന്ന് പറയുന്നതിൽ ആർക്കാണ് തർക്കമുള്ളത്. അദ്ദേഹം പിന്നെ മതേതര സന്യാസിയാണോ. സന്യാസമെന്നു പറയുന്നത് ഭാരതത്തിന്റെ പരമ്പരാഗതമായിട്ടുള്ള ആചാരത്തിന്റെ ഭാഗമാണ്. അതിൽ തർക്കമൊന്നുമില്ല. സിപിഎം സന്യാസിയാണോ ഗുരുദേവൻ? ഗുരുദേവനെ കേവലം സാമൂഹിക പരിഷ്‌കർത്താവായിട്ട് മാത്രം ഒതുക്കാനുള്ള നീക്കം കഴിഞ്ഞ കാലങ്ങളിൽ കേരളത്തിലെ കമ്യൂണിസ്റ്റുകാർ നടത്തിയിരുന്നു.
പക്ഷേ ഗുരുദേവൻ വിനായകാഷ്ടകം എഴുതി, ഗുരുദേവൻ കീർത്തനങ്ങൾ എഴുതി, ഗുരുദേവൻ ക്ഷേത്രപ്രതിഷ്ഠ നടത്തി. അതാണ് ഗുരുദേവൻ. ഗുരുദേവനെ ആര് കാവിയുടുപ്പിച്ചെന്നാണ്? ഗുരുദേവനെ ആരും ഒന്നും ഉടുപ്പിക്കേണ്ട്, ചുവപ്പും ഉടുപ്പിക്കേണ്ട. ഗുരുദേവൻ അദ്ദേഹത്തിന്റേതായ രൂപത്തിൽ എക്കാലത്തും ഈ ലോകത്തെ ജനങ്ങളുടെ മുന്നിലുണ്ടാകും.' വി.മുരളീധരൻ പറഞ്ഞു.
ഗുരുദേവൻ സന്യാസിയല്ലെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് സുരേന്ദ്രൻ ചോദിച്ചു. 'ഗുരുദേവൻ സന്യാസിയാണ്. അദ്ദേഹം ഹിന്ദുമത ആചാര്യനാണ്. അദ്ദേഹം സാമൂഹിക പരിഷ്‌കർത്താവാണ്. ഗുരുദേവനോളം പണ്ഡിതനായ ഒരു സന്യാസിയും ഉണ്ടായിട്ടില്ല. അതുകൊണ്ട് ഗുരുദേവനെ ആരും ചുവപ്പ് ഉടുപ്പിക്കാൻ വരേണ്ട' സുരേന്ദ്രൻ പ്രതികരിച്ചു.
ഗണപതി ഭഗവാൻ മിത്താണെന്ന് സ്ഥാപിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി കാണിച്ച വ്യഗ്രത കേരളത്തിൽ പല ദേശീയ ബിംബങ്ങളെയും ഹൈന്ദവമല്ലാതാക്കി മാറ്റാൻ കമ്മ്യൂണിസ്റ്റുകാർ കാണിച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ് പി. കെ. കൃഷ്ണദാസ് പോസ്റ്റിട്ടിരുന്നു. സനാതന ധർമ്മവിശ്വാസികളായ സംന്യാസി സമൂഹത്തിന്റെ ഭാഗമായിരുന്ന ശ്രീനാരായണ ഗുരുദേവനെ ഹിന്ദുവല്ലാതാക്കാൻ അവർ പണ്ടു മുതലെ ശ്രമിച്ചിട്ടുണ്ട്. നാരായണ ഗുരു ഈശ്വര വിശ്വാസിയല്ലെന്ന് വരെ അവർ പ്രചരിപ്പിച്ചു. ഭാരതത്തിന്റെ ആർഷ പാരമ്പര്യം സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സർവാശ്ലേഷിയായ പ്രത്യയശാസ്ത്രമാണെന്നും വിശദീകരിച്ചു.
വസുധൈവ കുടുംബകമെന്നും വിശ്വംഭവത് ഏക നീഢം എന്നും ലോക സമസ്ത സുഖിനോ ഭവന്തുവെന്നും പ്രഖ്യാപിച്ച അദ്വൈത പാരമ്പര്യത്തിൽ നിന്നാണ് ശ്രീനാരായണ ഗുരു അദ്ദേഹത്തിന്റെ ചിന്തകൾ ഊതികാച്ചിയെടുത്തതെന്നും കൃഷ്ണദാസ് വ്യക്തമാക്കി. അദ്വേഷ്ടാ സർവ ഭൂതാനാം എന്ന ഗീതാവാക്യം തന്നെയാണ് ഒരു പീഡയുറുമ്പിനും വരാ എന്ന അനുകമ്പാ ദശകത്തിൽ പറയുന്നത്. അഹം ബ്രഹ്‌മാസ്മിയെന്ന ഉപനിഷത് മഹാവാക്യത്തിൽ വിശ്വസിക്കുന്ന ഒരു ഹിന്ദു സംന്യാസിക്ക് മാത്രമേ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹാ പ്രഖ്യാപനം നടത്താനാകുവെന്നായിരുന്നു കൃഷ്ണദാസിന്റെ നിരീക്ഷണം.




