കണ്ണൂർ: ഓണത്തിനിടെയിലെ പുട്ടുകച്ചവടം പോലെ നവകേരളസദസിനിടെയിലും കണ്ണൂർ ജില്ലയിൽ സി.പി. എം-സി.പി. ഐ പോര് തുടരുന്നു.  രണ്ടാം പിണറായി സർക്കാരിന്റെ നവകേരള സദസ് മുഖ്യമന്ത്രയുടെ നേതൃത്വത്തിൽ കാസർകോട്ടുജില്ലയിലെ മണ്ഡലങ്ങളിൽ പര്യടനം പൂർത്തീകരിച്ചു പയ്യന്നൂരിൽ പ്രവേശിച്ചിരിക്കെ തളിപറമ്പ് മണ്ഡലത്തിലെ കീഴാറ്റൂരിലെ മാന്ദംകുണ്ടിൽ ബഹിഷ്‌കരണവുമായി സി.പി. ഐ പ്രാദേശിക നേതൃത്വം രംഗത്തെത്തി.

പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ സി.പി. എം കടന്നാക്രമണം തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്‌ച്ച വൈകുന്നേരം 4.30 ന് നടക്കുന്ന തളിപ്പറമ്പ് ഉണ്ടപ്പറമ്പിലെ നവകേരള സദസിൽ നിന്ന് സിപിഐ തളിപ്പറമ്പ് ലോക്കൽ കമ്മറ്റിയോഗം വിട്ടുനിൽക്കാൻ തീരുമാനിച്ചു.
നവകേരള സദസ് സംബന്ധിച്ച ഒരു കാര്യങ്ങളും തളിപ്പറമ്പ് ലോക്കൽ കമ്മറ്റിയെ അറിയിച്ചിരുന്നില്ലെന്നും, അതുകൊണ്ടുതന്നെ നവകേരള സദസുമായി സഹകരിക്കേണ്ടതില്ലെന്നാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നതെന്നും സിപിഐ ജില്ലാ കൗൺസിൽ അംഗം കെ.മുരളീധരൻ തളിപറമ്പിൽ അറിയിച്ചു.

അതേസമയം തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഉൾപ്പെടെ മറ്റെല്ലാ കമ്മറ്റികളും നവകേരള സദസുമായി സഹകരിക്കും.മുൻനഗരസഭാ വൈസ് ചെയർമാൻ കോമത്ത് .മുരളീധരൻ സിപിഎം വിട്ട് സിപിഐയിൽ ചേർന്നതിന് ശേഷം ഇവിടെ സിപിഎം-സിപിഐ കക്ഷികൾ തമ്മിൽ നിരന്തരമായി ഏറ്റുമുട്ടൽ നടന്നുവരികയാണ്.

സിപിഎം പ്രവർത്തകനെ മർദ്ദിച്ചതായി ആരോപിച്ച് കെ.മുരളീധരൻ ഉൾപ്പെടെ മൂന്ന് സിപിഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് ആഭ്യന്തര വകുപ്പിനെതിരെ സിപിഐ തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് നടത്തിയിരുന്നു.തളിപറമ്പിൽ സി.പി. എം-സി.പി. ഐ സംഘർഷം നിലനിൽക്കവെയാണ് സർക്കാരിന്റെ ഏറ്റവും വലിയ പരിപാടി തന്നെബഹിഷ്‌കരിക്കാൻ തളിപറമ്പിലെ സി.പി. ഐ പ്രാദേശിക നേതൃത്വം തീരുമാനിച്ചത്.

കീഴാറ്റൂർ മാന്ധംകുണ്ടിൽ ഇരുപാർട്ടിക്കും രണ്ടുവിഭാഗമായി കുടുംബസംഗമം നടത്തിയതിനെ തുടർന്നാണ് ചേരിപ്പോര് രൂക്ഷമായത്. സി.പി. എംനടത്തിയ എൽ.ഡി. എഫ് കുടുംബസംഗമത്തിൽ നിന്നും തങ്ങളെ ഒഴിവാക്കിയെന്നാരോപിച്ചു സി.പി. ഐ ബദൽ കുടുംബസംഗമം നടത്തിയിരുന്നു. സി.പി. എം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദനാണ് സി.പി. എം കീഴാറ്റൂർ മാന്ദംകുണ്ടിൽ നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്തിരുന്നത്.

എന്നാൽ തളിപറമ്പ് മണ്ഡലം എംഎൽഎ കൂടിയായ എം.വി ഗോവിന്ദന്റെ മണ്ഡലത്തിലെ നവകേരളസദസ് ഘടകകക്ഷി പാർട്ടി തന്നെ ബഹിഷ്‌കരിക്കുന്നത് കനത്തതിരിച്ചടിയാകുമെന്നാണ് സൂചന. ഉഭയകക്ഷി ചർച്ചയിലൂടെ താൽക്കാലിക വെടിനിർത്തലിനായി സി.പി. എം നേതാക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്. സി.പി. ഐ ബഹിഷ്‌കരിച്ചാൽ തളിപറമ്പിൽ നടക്കുന്നനവകേരളസദസിന്റെ ശോഭകുറയുമെന്നും മാധ്യമങ്ങൾ ഇതുവലിയ വാർത്തായാക്കുമെന്നാണ് ഇവർ പറയുന്നത്. സി.പി. ഐ സംസ്ഥാന നേതാക്കളുമായി ബന്ധപ്പെട്ടാണ് അനുനയ നീക്കങ്ങൾ അണിയറയിൽ നടക്കുന്നത്.