കൊച്ചി: കേരളത്തിലെ എന്‍സിപി പിളര്‍പ്പിലേക്ക് പോകാനുള്ള സാധ്യത ഏറെ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും നിര്‍ണ്ണായകം. മന്ത്രി എകെ ശശീന്ദ്രനെ പിണറായി പിന്തുണച്ചാല്‍ കേരള രാഷ്ട്രീയത്തില്‍ പുതിയൊരു പാര്‍ട്ടി കൂടി വരും. എന്‍സിപിയിലെ പാര്‍ട്ടിയിലെ തര്‍ക്കത്തില്‍ മന്ത്രിസ്ഥാനം എളുപ്പത്തില്‍ ഒഴിഞ്ഞുകൊടുക്കില്ലെന്ന സൂചന നല്‍കി മന്ത്രി എ.കെ.ശശീന്ദ്രന്‍ രംഗത്തു വന്നത് പിണറായിയുടെ പിന്തുണയില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ്. മന്ത്രിസ്ഥാനം ഉടന്‍ മാറുമോ എന്ന ചോദ്യത്തിന്, കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സാധ്യതയുണ്ടോയെന്ന് പരിശോധിക്കണമെന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണം. കുട്ടനാട് എംഎല്‍എയായ തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നതാണ് എന്‍സിപി നേതൃത്വത്തിന്റെ ഇപ്പോഴുള്ള തീരുമാനം.

എന്‍സിപിയില്‍ ഭിന്നത രൂക്ഷമാണ്. ഒക്ടോബര്‍ നാലിനാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ മൂന്നിന് കാണാമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയെ അറിയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയെ കാണാനായി സമയം ചോദിച്ച ശശീന്ദ്രന്‍ വിഭാഗം നേതാക്കളോടും ഒക്ടോബര്‍ മൂന്നിനേ കേരളത്തിലേക്കു തിരികെ വരികയുള്ളൂവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. ഫലത്തില്‍ ഈ നിയമസഭാ സമ്മേളന കാലത്ത് കൂടി ശശീന്ദ്രന്‍ മന്ത്രിയായി തുടരാനാണ് സാധ്യത. അതിന് ശേഷം എന്തു സംഭവിക്കുമെന്നതും പറയാന്‍ കഴിയാത്ത സ്ഥിതിയിലാണ്. അത്ര സങ്കീര്‍ണ്ണമാണ് എന്‍സിപിയിലെ പ്രശ്നങ്ങള്‍.

എല്ലാം ശരദ്പവാറിനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ തീരുമാനം വരുന്നതിനു മുന്‍പ് ചിലര്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത് ഉചിതമാണോ എന്ന് ആലോചിക്കണം. മന്ത്രിസ്ഥാനം വച്ചുമാറുന്ന ധാരണയുണ്ടായിരുന്നെന്ന് ദേശീയ നേതൃത്വം ഇപ്പോഴാണ് പറയുന്നത്. മാറുന്നതില്‍ തനിക്ക് ഒരു വൈമനസ്യവും ഇല്ല. എന്നാല്‍, മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വന്നാല്‍ എന്‍സിപിക്ക് മന്ത്രിസ്ഥാനം ഉറപ്പുവരുത്തേണ്ടതുമുണ്ട്-ഇതാണ് ശശീന്ദ്രന്റെ നിലപാട്. തന്നെ മാറ്റിയാല്‍ മറ്റൊരാളെ സിപിഎം മന്ത്രിയാക്കില്ലെന്ന സൂചനയാണ് ശശീന്ദ്രന്‍ നല്‍കുന്നത്. എന്നാല്‍ സിപിഎം ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തി മാറ്റം ഉറപ്പിക്കാനാണ് പിസി ചാക്കോയുടെ നീക്കം. പ്രകാശ് കാരാട്ടുമായി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

നിയമസഭാ സമ്മേളനത്തിനിടെ മന്ത്രിമാറ്റം ഉണ്ടാകില്ലെന്നും സമ്മളനം കഴിയുന്നതുവരെ കാത്തിരിക്കാനുമാകും മുഖ്യമന്ത്രി നിര്‍ദേശിക്കുക എന്നുമാണു ശശീന്ദ്രന്‍ വിഭാഗം കരുതുന്നത്. ശരദ് പവാര്‍ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മാറ്റാന്‍ പറ്റാത്തത് എന്‍സിപി സംസ്ഥാന നേതൃത്വത്തേയും വെട്ടിലാക്കിയിട്ടുണ്ട്. കുറുമാറ്റ നിരോധനത്തില്‍ കുടുങ്ങാതെ എന്‍സിപി വിടാന്‍ ശശീന്ദ്രന്‍ ആലോചനകള്‍ നടക്കുന്നുണ്ട്. ശശീന്ദ്രന്‍ കോണ്‍ഗ്രസിലേക്ക് (എസ്) മടങ്ങിപ്പോകാനും സാധ്യതയുണ്ട്. കൂറുമാറ്റ നിരോധനത്തില്‍ ശശീന്ദ്രനെ തളയ്ക്കാന്‍ പിസി ചാക്കോ വിഭാഗത്തിന് കഴിയില്ല. ഇവിടെയാണ് ശശീന്ദ്രന്‍ സാധ്യതകള്‍ കാണുന്നത്.

ദേശീയ തലത്തില്‍ എന്‍സിപി പിളര്‍ന്നിരുന്നു. ശരത് യാദവും അജിത് പവാറും രണ്ടു വിഭാഗത്തിലാണ്. അജിത് പവാര്‍ വിഭാഗത്തിലെ ചില നേതാക്കളുമായി ശശീന്ദ്രന്‍ വിഭാഗം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അജിത് പവാര്‍ ബിജെപിക്കൊപ്പമാണ്. എന്നാല്‍ ഔദ്യോഗിക എന്‍സിപി അജിത് പവാറും. അതുകൊണ്ട് തന്നെ ശശീന്ദ്രനെ ആയോഗ്യനാക്കാന്‍ അജിത് പവാറിനേ കഴിയൂ. ബിജെപിക്കൊപ്പമുള്ള അജിത് കുമാറിനെ പരസ്യമായി അംഗീകരിക്കാന്‍ ശശീന്ദ്രനും കഴിയില്ല. ചാക്കോയ്ക്കും കേരള രാഷ്ട്രീയത്തില്‍ നില്‍ക്കാന്‍ അജിത് പവാറിനെ അംഗീകരിച്ചാല്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങനെ ചിഹ്നത്തില്‍ ശരത് പവാറിന് അവകാശമില്ലാത്തതിനാല്‍ ആകെ പ്രതിസന്ധിയിലാണ് എന്‍സിപി കേരളാ ഘടകം.

ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് പ്രഖ്യാപിച്ചാല്‍ ചാക്കോയ്ക്കോ ശരത് പവാറിനോ പോലും ഒന്നും ചെയ്യാനാകില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മാത്രമാകും ഇതില്‍ നിര്‍ണ്ണായകം. അത് ശശീന്ദ്രനും അറിയാം. അതുകൊണ്ടാണ് ശരത് പവാറിനേയും ചാക്കോയേയും ശശീന്ദ്രന്‍ അംഗീകരിക്കാത്തത്. അജിത് പവാറിനെ പ്രകോപിപ്പിക്കാതെ പാര്‍ട്ടി പിളര്‍ത്തിയാലും ശശീന്ദ്രന് തന്ത്രങ്ങളിലൂടെ മന്ത്രിയായി തുടരാം. അങ്ങനെ വന്നാല്‍ തോമസ് കെ തോമസിന്റെ മന്ത്രി മോഹം വെറുതെയാകും. എന്നാല്‍ ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമാണ് സിപിഎമ്മും എന്‍സിപിയും. ഇന്ത്യാ മുന്നണിയിലെ പ്രധാനപ്പെട്ട നേതാവാണ് ശരത് പവാര്‍. അതുകൊണ്ട് തന്നെ പവാറിന്റെ പാര്‍ട്ടിയെ പിണറായിയ്ക്ക് തള്ളി പറയാന്‍ കഴിയില്ലെന്ന വിലയിരുത്തലും സജീവമാണ്.