- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശശീന്ദ്രനും തോമസ് കെ തോമസും നടത്തുന്നത് കടുത്ത പാര്‍ട്ടി അച്ചടക്ക ലംഘനം; ജൂലൈ നാലിന് അയച്ച കത്തിന് വിശദീകരണം നല്‍കണം; അല്ലെങ്കില്‍ അയോഗ്യരാക്കാന്‍ നടപടികള്‍ എടുക്കുമെന്ന് പ്രഫുല്‍ പട്ടേല്‍; പിണറായി മന്ത്രിസഭയില്‍ ബിജെപി ഘടകക്ഷിയുണ്ടെന്ന ചര്‍ച്ച വീണ്ടും സജീവമാകും; കേരളത്തിലെ രണ്ട് എംഎല്‍എമാരെ എന്‍സിപി ആയോഗ്യരാക്കിയേക്കും
തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ ബിജെപി ഘടകക്ഷികളുടെ പ്രതിനിധികള്‍ ഉണ്ടെന്നതിന് ഒടുവില്‍ സ്ഥിരീകരണം. മന്ത്രി എകെ ശശീന്ദ്രനും തോമസ് കെ തോമസും എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന്റെ കത്ത്. ശരദ് പവാറിനൊപ്പം തുടര്‍ന്നാല്‍ അയോഗ്യരാക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ശരദ് പവാറിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് തോമസ് കെ തോമസ് അറിയിച്ചു. പക്ഷേ ഈ രണ്ട് പേരും എന്‍സിപി ചിഹ്നമായ ടൈംപീസില്‍ മത്സരിച്ച് ജയിച്ചവരാണ്. ഇപ്പോള്‍ ഈ ചിഹ്നത്തിന്റെ അവകാശികള്‍ക്കെതിരെ നടപടി എടുക്കുമെന്നാണ് പ്രഫുല്‍ പട്ടേലിന്റെ പ്രഖ്യാപനം. ഇതോടെ ഈ രണ്ടു പേരും നിലവില്‍ കേന്ദ്ര സര്‍ക്കാരില്‍ ബിജെപി മുന്നണിയില്‍ ആണെന്ന് വ്യക്തമായി. ഇതേ സാഹചര്യം ജനതാദള്‍ യുണൈറ്റഡിന്റെ ഭാഗമായി ജയിച്ച മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കുമുണ്ട്. ജെഡിയു നിലവില്‍ ബിജെപിക്കൊപ്പമാണ്. എന്നാല്‍ കൃഷ്ണന്‍കുട്ടിക്കെതിരെ ജെഡിയു നടപടികളിലേക്ക് കടന്നിട്ടുമില്ല. ജെഡിയുവിനെ തള്ളി പറഞ്ഞ് കേരളത്തില്‍ മന്ത്രിയായി തുടരുകയാണ് കൃഷ്ണന്‍കുട്ടി. എന്നാല്‍ അത് ഇനി എന്‍സിപിയുടെ അംഗങ്ങള്‍ക്ക് കഴിയില്ല. ഇതാണ് പ്രഫുല്‍ പട്ടേലിന്റെ കത്ത് വ്യക്തമാക്കുന്നത്.
എന്‍സിപി ദേശീയ അധ്യക്ഷനാണ് പ്രഫുല്‍ പട്ടേലല്‍. ശരദ് പവാറിനൊപ്പം തുടര്‍ന്നാല്‍ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യരാക്കുമെന്ന് എംഎല്‍എമാര്‍ക്ക് അയച്ച കത്തില്‍ പ്രഫുല്‍ പട്ടേല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളത്തിലെ എന്‍സിപി എംഎല്‍എമാര്‍ പവാറിനൊപ്പമാണെന്ന് തോമസ് കെ തോമസ് പറഞ്ഞു. കേരളത്തിലെ എംഎല്‍എമാര്‍ ശരദ് പവാറിനൊപ്പം തുടരുന്നതിനാല്‍ മെയ് 31നുള്ളില്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട പ്രഫുല്‍ പട്ടേല്‍ രണ്ട് എംഎല്‍എമാര്‍ക്കും നേരത്തെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും അതിന് വിശദീകരണം നല്‍കാത്ത സാഹചര്യത്തിലാണ് പുതിയ കത്ത് അയച്ചിരിക്കുന്നത്. ജൂലൈ നാലിന് അയച്ച കത്തില്‍ ഇരുവരും കടുത്ത പാര്‍ട്ടി അച്ഛടക്കലംഘനമാണ് നടത്തിയതെന്നും വിശദീകരണം നല്‍കാത്ത പക്ഷം ഇരുവരെയും ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും ഉടന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും അല്ലാത്ത പക്ഷം അയോഗ്യരാക്കുമെന്നും കത്തില്‍ പറയുന്നു. എന്‍സിപിയില്‍ ദേശീയ തലത്തില്‍ വലിയ പിളര്‍പ്പുണ്ടായി അജിത് പവാറും ശരദ് പവാറും രണ്ട് പക്ഷത്തേക്ക് എത്തിയിരുന്നു. എന്നാല്‍ കേരളത്തിലെ എന്‍സിപി അജിത് പവാറിനെ തള്ളി ശരദ് പവാറിനൊപ്പം നിലകൊള്ളുകയായിരുന്നു. കേരളത്തിലെ ചെറിയൊരു വിഭാഗം മാത്രമാണ് അജിത് പവാറിനൊപ്പം പോയത്.
ദേശീയ തലത്തില്‍ ബിജെപിക്കൊപ്പം നിലകൊള്ളുന്ന എന്‍സിപി കേരളത്തില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ഥികളായ എകെ ശശീന്ദ്രനും തോമസ് കെ തോമസും ക്ലോക്ക് അടയാളത്തിലാണ് മത്സരിച്ച് ജയിച്ചത്. പിന്നീട് എന്‍സിപി പിളര്‍ന്നതിനെ തുടര്‍ന്ന് അജിത് പവാറാണ് ഔദ്യോഗിക എന്‍സിപിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തില്‍ എന്‍ഡിഎയ്‌ക്കൊപ്പമാണ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി. എന്നാല്‍ ആ എന്‍സിപിയുടെ ഭാഗമായ ശശീന്ദ്രനും തോമസ് കെ തോമസും എല്‍ഡിഎഫില്‍ തുടരുകയാണ്. എന്നാല്‍ സംസ്ഥാനത്തെ എന്‍സിപി എംഎല്‍എമാര്‍ പവാറിനൊപ്പം തുടരുമെന്ന് തോമസ് കെ തോമസ് പറഞ്ഞു. അവര്‍ക്ക് മറ്റ് പണിയില്ലാത്തതിനാലാണ് കത്തയച്ചിരിക്കുന്നത്. പവാറിനൊപ്പം തുടരുന്നവരില്‍ പലരും ക്ലോക്ക് ചിഹ്നത്തില്‍ ജയിച്ചവരാണെന്നും തോമസ് കെ തോമസ് പറഞ്ഞു.
എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിലും പ്രതിസന്ധികളുണ്ട്. ശരദ്പവാര്‍ വിഭാഗം എന്‍സിപിയുടെ പുതിയ മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ, ചൊവ്വാഴ്ച പാര്‍ട്ടി ജനറല്‍ബോഡി യോഗം വിളിച്ചിരിക്കുകയാണ് മുംബൈയില്‍. നിലവിലെ സംസ്ഥാന അധ്യക്ഷന്‍ ജയന്ത്പാട്ടീല്‍ സ്ഥാനം രാജിവെച്ചതായും അദ്ദേഹത്തിനുപകരം ശശികാന്ത് ഷിന്ദേ സ്ഥാനം ഏറ്റെടുക്കുമെന്നും വാര്‍ത്തകള്‍ വന്നിട്ടുണ്ട് .തനിക്ക് പാര്‍ട്ടിയെ നയിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ അത് സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് ശശികാന്ത് ഷിന്ദേ പറഞ്ഞു.ചൊവ്വാഴ്ച പാര്‍ട്ടി നേതാക്കള്‍ യോഗം ചേര്‍ന്ന് ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2018 ലാണ് അവിഭക്ത നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍സിപി) സംസ്ഥാന പ്രസിഡന്റായി ജയന്ത് പാട്ടീല്‍ തിരഞ്ഞെടുക്കപ്പെട്ടത്. അജിത് പവാറിന്റെയും മറ്റ് എംഎല്‍എമാരുടെയും വിമത നീക്കത്തെത്തുടര്‍ന്ന് 2023 ജൂലായില്‍ പാര്‍ട്ടി പിളര്‍ന്നതിനുശേഷം, ശരദ്പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയുടെ പ്രസിഡന്റായി പാട്ടീല്‍ പ്രവര്‍ത്തിച്ചുവരുകയാണ്. രാജി സംബന്ധിച്ച് പാര്‍ട്ടിയില്‍ നിന്നോ ജയന്ത് പാട്ടീലില്‍ നിന്നോ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഇതിനിടെയാണ് കേരളത്തിലെ എംഎല്‍എമാരെ ലക്ഷ്യമിട്ട് പ്രഫുല്‍ പട്ടേലിന്റെ കത്തു വരുന്നത്.
ജൂണ്‍ 10ന് എന്‍സിപിയുടെ 26-ാം സ്ഥാപക ദിനവുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ ശരദ്പവാറിന്റെ സാന്നിധ്യത്തില്‍ പാട്ടീല്‍ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് സൂചന നല്‍കിയിരുന്നു. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കേണ്ടത് പാര്‍ട്ടിക്ക് പ്രധാനമാണെന്നും പാട്ടീല്‍ പറഞ്ഞിരുന്നു. ശരദ് പവാറിന്റെ വിശ്വസ്തനായ പാട്ടീല്‍, 1999-ല്‍ എന്‍സിപി രൂപവത്കരിച്ചതു മുതല്‍ അദ്ദേഹത്തോടൊപ്പമുണ്ട്. ശരദ് പവാറിനൊപ്പമുള്ള കൂടുതല്‍ പേരെ അടര്‍ത്തിയെടുക്കാന്‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ശ്രമിക്കുന്നുണ്ട്.