പാലക്കാട്: പാലക്കാട്ടെ തോല്‍വിയും വോട്ടുചോര്‍ച്ചയും സംസ്ഥാന ബിജെപി നേതൃത്വത്തില്‍ ശുദ്ധികലശം വേണമെന്ന മുറവിളിക്ക് ആക്കം കൂട്ടുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ച സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണ് തുറന്ന വിമര്‍ശനങ്ങളെന്നും സൂചനയുണ്ട്. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ഡിഎ വൈസ് ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ രംഗത്തെത്തി. കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിരയായി മാറിയെന്നാണ് വിമര്‍ശനം. വീഴ്ച്ചയുടെ ഉത്തരവാദിത്തതില്‍ നിന്ന് നേതാക്കള്‍ക്ക് ഒഴിഞ്ഞ് മാറാനാകില്ല. ഇത്തിള്‍ കണ്ണികളെ പറിച്ചെറിയണമെന്നും നേതൃതലത്തില്‍ ശുദ്ധി കലശം നടത്തണമെന്നും ചന്ദ്രശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടിയുടെ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുക്കണമെന്നും ചന്ദ്രശേഖരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു.

വിഷ്ണുപുരം ചന്ദ്രശേഖരന്റെ പോസ്റ്റ്:

കേരളത്തിലെ ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര; സംഘം നിയന്ത്രണം ഏറ്റെടുക്കണം

ബിജെപിയുടെയും അവര്‍ നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെയും കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍ വലിയ വീഴ്ച സംഭവിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിരയെ പോലെ മാറിക്കൊണ്ടിരിക്കുന്നു. ഏതെങ്കിലും ഒരു നേതാവിനെ കുറിച്ചല്ല പറയുന്നത്. കോര്‍ കമ്മിറ്റി അടക്കം നേതൃത്വം നല്‍കുന്ന നിരവധിപേര്‍ ഉണ്ടല്ലോ?

ആര്‍ക്കും ഈ വീഴ്ചകളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആകില്ല. മറ്റ് സംസ്ഥാനങ്ങളിലെ വിജയാഘോഷിക്കുമ്പോള്‍ സ്വന്തം സ്ഥലത്ത് വിജയിപ്പിക്കാനോ നേട്ടങ്ങള്‍ ഉണ്ടാക്കാനോ എന്താണ് കഴിയാത്തത്? എന്തുപറഞ്ഞാലും കേന്ദ്രം ഭരിക്കുന്നവരാണ് എന്ന ന്യായീകരണം പറഞ്ഞ് ഒഴിയുകയല്ല വേണ്ടത്. ഇവിടെയും സംഘടനയെ ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. ജനസമ്മതി ഇല്ലാത്ത കുറെ നേതാക്കള്‍ ആണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

ഞാന്‍ അടക്കം ദേശീയ ജനാധിപത്യ സഖ്യം കേരള ഘടകത്തിന്റെ എല്ലാം നേതാക്കളും ആത്മപരിശോധന നടത്തണമെന്ന് തന്നെയാണ് അഭിപ്രായം. പ്രധാനമായും ബിജെപി നേതാക്കള്‍. പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍ കൊടുത്തവരും ജയിലില്‍ കിടക്കുന്നവരുമായ എത്ര ആളുകളുണ്ട്. അവരുടെ കുടുംബത്തില്‍ എത്ര പേര്‍ക്ക് ഒരു ജോലി നല്‍കാനോ സംരക്ഷിക്കാനോ ഈ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ആളുകളെ സംരക്ഷിച്ചു നിര്‍ത്തുന്നത് കാണണം.

കേന്ദ്രസര്‍ക്കാരിന്റെ എത്ര സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉണ്ട്. വിഴിഞ്ഞത്തു തന്നെ എത്രപേര്‍ക്ക് ഇപ്പോള്‍ ജോലി ലഭിച്ചു. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടപ്പെട്ട ഒരാള്‍ക്കെങ്കിലും ജോലി തരപ്പെടുത്തി കൊടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞോ? പ്രസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ സംരക്ഷിക്കാന്‍ കഴിയാത്ത നേതൃത്വം ഒരിക്കലും വളര്‍ന്നുവരില്ല. കേരളത്തിലെ ബിജെപി നശിക്കുന്നതില്‍ നേതൃസ്ഥാനങ്ങളിലുള്ള മുഴുവന്‍ പേര്‍ക്കും പങ്കുണ്ട്. കൂടിയിരുന്ന് തീരുമാനിക്കുന്ന എന്തെങ്കിലും നടപ്പാക്കുന്നുണ്ടോ എന്ന് ആരെങ്കിലും പിന്നീട് ചിന്തിക്കാറുണ്ടോ?

മറ്റൊരു കാര്യം, ദീപാവലി പോലെ തെരഞ്ഞെടുപ്പും ഇവര്‍ക്ക് ഒരു ആഘോഷമായി മാറിയിട്ടുണ്ട്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും പലതരത്തിലാണ് നേട്ടങ്ങള്‍.

എത്ര നേതാക്കള്‍ സമീപകാലത്ത് മറ്റു പാര്‍ട്ടികള്‍ നിന്ന് ഇവിടേക്ക് വന്നു. പിന്നെ എന്താണ് അവരുടെ അവസ്ഥ. അവരെ കൂടി മുഖ്യധാരയില്‍ കൊണ്ടുനടക്കാന്‍ തയ്യാറല്ല. ഒരാള്‍ വന്നാല്‍ ആ സ്‌പെയ്‌സ് കുറയുകയല്ലേ? ഒന്നോ രണ്ടോ പ്രാവശ്യത്തില്‍ കൂടുതല്‍ ആര്‍ക്കും സീറ്റ് കൊടുക്കരുത്. ഇഷ്ടം പോലെ യുവാക്കള്‍ ഉണ്ടല്ലോ? അവരും മത്സരിക്കട്ടെ.

സന്ദീപ് വാര്യരെ പോലെ തൊലിപ്പുറത്ത് ആദര്‍ശം ഉള്ള ആമാശയവാദികളെ കുറിച്ചല്ല പറയുന്നത്. അത്തരക്കാരെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. കാരണം എന്താണ് ഈ പ്രസ്ഥാനം എന്നറിഞ്ഞുകൂടാത്ത ആളുകളാണ് പലരും. അങ്ങനെ ഉള്ളവരെ വെട്ടിമാറ്റി ശുദ്ധീകരിക്കണം. Rss നിയന്ത്രണം ഏറ്റെടുത്ത് ഇത്തിള്‍ കണ്ണികളെ എല്ലാം പറിച്ചെറിഞ്ഞ് കേരളത്തിലെ ബിജെപിയെ രക്ഷിക്കണം.

ഗ്രൂപ്പ് കളിച്ചാല്‍ രക്ഷയില്ല എന്ന് എല്ലാവര്‍ക്കും ബോധ്യമാകണം. ഗ്രൂപ്പിന്റെ പേരില്‍ വരുന്ന ഒരാള്‍ക്ക് പോലും സ്ഥാനമാനങ്ങള്‍ ലഭിക്കരുത്.

എന്‍ഡിഎയിലും ഇത്തരം ശുദ്ധീകരണം വേണം. സഹോദര സംഘടന എന്ന് പറഞ്ഞാല്‍ പരസ്പരം സ്‌നേഹം ഉണ്ടായിരിക്കണം.

അല്ലാതെ കാര്യങ്ങള്‍ തുറന്നു പറയുന്നവരെ ഒഴിവാക്കുകയും പാര പണിയുകയും അല്ല വേണ്ടത്. ആരുടെയും മുഖം കറുക്കുമെന്ന് വിചാരിച്ച് പറയാനുള്ളത് ഒരിക്കലും പറയാതിരുന്നിട്ടില്ല. ഇപ്പോള്‍ ഈ തുറന്നു പറച്ചില്‍ വേണ്ടത് തന്നെയാണ് എന്ന് ഉറപ്പായതിനാലാണ് പറയുന്നത്. അതില്‍ ആരെയും ഭയമില്ല.

കോവളത്ത് മത്സരിച്ചപ്പോള്‍ ഒപ്പം നിന്ന് തോല്‍പ്പിക്കാന്‍ ശ്രമിച്ച പലരെയും നേരിട്ട് അറിയാം. എന്നോടുള്ള എതിര്‍പ്പ് ആയിരുന്നില്ല, ബിജെപിയുടെ പഞ്ചായത്ത് തലം മുതലുള്ള ഗ്രൂപ്പുകളിയും പരസ്പരമുള്ള പാരവയ്പ്പും അതില്‍ പ്രതിഫലിച്ചിട്ടുണ്ട്,

വാര്‍ഡ് തലം മുതല്‍ പ്രവര്‍ത്തനം ശക്തമാക്കാതെ, വെറുതെ പ്രസംഗിച്ചിട്ട് കാര്യമില്ലല്ലോ? തോല്‍വിയുടെ കാരണങ്ങള്‍ കൃത്യമായി അന്ന് മനസ്സിലായതാണ്. എന്നാല്‍ അത് ചര്‍ച്ച ചെയ്യാന്‍ ഒരു അവസരവും ലഭിച്ചിട്ടില്ല.

രാജ്യത്ത് ആകമാനം വര്‍ഷങ്ങളായി ദേശീയ ജനാധിപത്യ സഖ്യം നേടുന്ന വിജയത്തിളക്കം കേരളത്തില്‍ ഉണ്ടാകാത്തതിന് ഒരു പ്രധാന കാരണം ഇത്തരം ചര്‍ച്ചകളും തിരുത്തലുകളും ഇല്ലാത്തതാണ്. തെരഞ്ഞെടുപ്പില്‍ തോറ്റുകഴിഞ്ഞാല്‍ പരാജയകാരണം ചര്‍ച്ച ചെയ്യാനോ, തെറ്റുകള്‍ തിരുത്താനോ തയ്യാറാകുന്നില്ല.

പാലക്കാട്ടെ തോല്‍വിയില്‍ ബിജെപിക്കോ, എന്‍ഡിഎ കേരള ഘടകത്തിനോ ഞെട്ടാന്‍ ഒന്നുമില്ല. ആ തോല്‍വി ക്ഷണിച്ചുവരുത്തിയതാണ്. കെ. സുരേന്ദ്രനോ ശോഭാ സുരേന്ദ്രനോ ആയിരുന്നു പാലക്കാട് മത്സരിച്ചതെങ്കില്‍ വിജയ സാധ്യത വളരെയേറെയായിരുന്നു. കൃഷ്ണകുമാര്‍ മോശം സ്ഥാനാര്‍ത്ഥിയാണെന്നോ അദ്ദേഹത്തിന്റെ നേട്ടം ചെറുതാണെന്നോ അല്ല പറയുന്നത്.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ ഉണ്ടായത് ഒരു മാതൃകയാണ്. ഒരു പുതുമുഖ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി നല്ല മത്സരം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു. അത്തരക്കാര്‍ സംഘടനയ്ക്ക് പ്രതീക്ഷയാണ്. എടുത്തുപറയേണ്ട മറ്റൊരു അനുഭവം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സംഭവിച്ചതാണ്. ഉറപ്പായും ജയിക്കേണ്ട സ്ഥാനാര്‍ഥിയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. എന്നാല്‍ വേണ്ട വിധം പ്രവര്‍ത്തിക്കാന്‍ മുന്നണിക്ക് കഴിഞ്ഞോയെന്ന് എല്ലാവരും ആത്മപരിശോധന നടത്തണം.

കോണ്‍ഗ്രസിന്റെ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകര്‍ മുതല്‍ നേതാക്കള്‍ വരെയായി ഏതാണ്ട് 1500ഓളം പേര്‍ ഒരുമിച്ച് അംഗത്വം സ്വീകരിക്കാമെന്ന് അന്ന് ഞാനുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് പറഞ്ഞതാണ്. അത് എന്‍ഡിഎ- ബിജെപി നേതാക്കളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ നേതൃത്വത്തില്‍ ചിലരുടെ താത്പര്യമില്ലായ്മ മൂലം ആത് നടന്നില്ല.അന്ന് അത്രയും പേര്‍ വന്നിരുന്നെങ്കില്‍ തന്നെ ഉറപ്പായും തെരഞ്ഞെടുപ്പ് ചിത്രം മാറിയേനെ.

എന്‍ഡിഎ കേരളഘടകം വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ തിരുവനന്തപുരത്തെ തോല്‍വിയുടെ കാരണം വിലയിരുത്തണമെന്ന് മുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യാതൊരു പ്രയോജനവും ഉണ്ടായില്ല. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ എന്തെങ്കിലും മുട്ടാപ്പോക്ക് പറഞ്ഞ് മുഖം രക്ഷിക്കുകയല്ല വേണ്ടത്. വീഴ്ചകള്‍ എന്തൊക്കെയാണെന്ന് വിലയിരുത്തി പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടുപോകണം.

മുന്നണിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ നേതൃത്വത്തില്‍ പാകപ്പിഴകളുണ്ടായിട്ടുണ്ടെങ്കില്‍ അത് അടിയന്തരമായി പരിഹരിക്കണം. ഘടകകക്ഷികളെ കൂടി വിശ്വാസത്തിലെടുത്തു മുന്നോട്ടു പോയെങ്കില്‍ മാത്രമേ എന്‍ഡിഎയ്ക്ക് കൂടുതല്‍ കരുത്താര്‍ജിക്കാന്‍ കഴിയൂ.

എന്‍ഡിഎയുടെയും ബിജെപിയുടെയും ഓരോ നേതാക്കളും പ്രവര്‍ത്തകരും ഇത്തരമൊരു ആത്മവിമര്‍ശനത്തിന് തയ്യാറാകണം.

നേരത്തെ സൂചിപ്പിച്ചതുപോലെ സംഘം പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്ത് പ്രസ്ഥാനത്തെ താഴെത്തട്ട് മുതല്‍ കരുത്തുറ്റതാക്കി മുന്നോട്ടുപോയാല്‍ ഉറപ്പായും കേരളത്തില്‍ ചരിത്രം സൃഷ്ടിക്കാം.

ഭാരത് മാതാ കീ ജയ്...


ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്പന്‍ തോല്‍വി സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയാണ്. തോല്‍വിയുടെ ഉത്തരവാദിത്വം സുരേന്ദ്രന്‍ ഏറ്റെടുക്കണമെന്നാവശ്യം ബിജെപിയില്‍ ശക്തമാണ്. അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കാലാവധി പൂര്‍ത്തിയാക്കിയ അധ്യക്ഷനാണ് സുരേന്ദ്രന്‍. അടുത്ത പുനസംഘടന വരെ അതുകൊണ്ട് സുരേന്ദ്രന് തുടരാനാകും. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ പുനസംഘടനാ നടപടിക്രമങ്ങള്‍ ബിജെപിയില്‍ പൂര്‍ത്തിയാകും. 'തൃശൂരിന് പിന്നാലെ താമര വിരിയുന്നത് പാലക്കാട്. മൂന്നാം സ്ഥാനത്ത് യുഡിഎഫ്'' എന്നായിരുന്നു രണ്ട് ദിവസം മുമ്പുള്ള കെ സുരേന്ദ്രന്റെ എഫ്ബി പോസ്റ്റ്. വിശ്വാലാക്ഷി സമേതനായ വിശ്വനാഥന്‍ പാലക്കാട്ട് ജയമൊരുക്കുമെന്ന തരത്തിലായിരുന്നു പ്രതീക്ഷ പങ്കുവയ്ക്കല്‍. തൃശൂരില്‍ വടക്കും നാഥന്‍ നല്‍കിയ വിജയവും ഉയര്‍ത്തി. ഇത്തരം പോസ്റ്റുകള്‍ സാഹചര്യം മനസ്സിലാകാതെ നടത്തിയതാണെന്ന് അന്തിമ ഫലത്തില്‍ തെളിഞ്ഞു. എല്ലാം ഏകപക്ഷീയമായി സുരേന്ദ്രന്‍ നിശ്ചയിച്ചുെന്ന ആക്ഷേപവും സജീവമാണ്.

സി കൃഷ്ണകുമാറിനെ നിയോഗിച്ചതും പാലക്കാട് മേല്‍നോട്ടക്കാരെ നിശ്ചയിച്ചതുമെല്ലാം സുരേന്ദ്രനായിരുന്നു. സന്ദീപ് വാര്യരുടെ പുറത്തു പോകലിനും ഇത് കാരണമായി. ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കില്ലെന്ന കടുംപിടിത്തവും സുരേന്ദ്രന്റേതായിരുന്നു. എങ്ങനേയും ജയിക്കണമെന്നും നല്ല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നുമുള്ള പൊതു വികാരവും കണക്കിലെടുത്തില്ല. സന്ദീപ് വാര്യരെ തഴഞ്ഞെന്ന് മാത്രമല്ല, ഉടക്കിനിന്ന സന്ദീപിനെ അനുനുയിപ്പിക്കാന്‍ ശ്രമിക്കാതെ അവഗണിച്ചുവിട്ടു. ചുമതലക്കാരെല്ലാം സുരേന്ദ്രന്റെ അടുപ്പക്കാരായത് കൃഷ്ണദാസ് പക്ഷത്തെ ചൊടുപ്പിച്ചു. സുരേഷ് ഗോപിയും സജീവമായില്ല. സംസ്ഥാന അധ്യക്ഷന്‍ നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ച്ചയുണ്ടായത് ഗൗരവമായി പരിശോധിക്കണമെന്ന സന്ദീപ് വാചസ്പതിയുടെ പോസ്റ്റ് സുരേന്ദ്രനുള്ള കുത്താണ്.

പാലക്കാട്ടെ തോല്‍വി നേൃത്യത്തിന്റെ പരാജയമാണോ എന്ന ചോദ്യത്തിന് തെ സുരേന്ദ്രനോട് ചോദിക്കണം എന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ മറുപടി. ശോഭാ സുരേന്ദ്രന്‍ തന്ത്രപരമായ മൗനത്തിലാണ്. അധ്യക്ഷ പദവിയില്‍ ഊഴം പൂര്‍ത്തിയാക്കിയ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തമാകും. ശോഭ അടക്കം അമര്‍ഷമുള്ള നേതാകകള്‍ കേന്ദ്രനേതൃത്വത്തെ സമീപിക്കും. വി മുരളീധരന്റെ നിലപാടും നിര്‍ണ്ണായകമാണ്. ആറ്റിങ്ങലില്‍ മത്സരിച്ചപ്പോള്‍ സംസ്ഥാന നേതൃത്വം മതിയായ സംവിധാനം ഒരുക്കിയില്ലെന്ന പരിഭവം മുരളീധരനുണ്ട്. ആറ്റിങ്ങലില്‍ മൂന്ന് ലക്ഷത്തോളം വോട്ടുയര്‍ത്തിയത് മുരളീധരന്റെ മാത്രം ശ്രമ ഫലമാണെന്ന വസ്തുത ബിജെപിയില്‍ എല്ലാവരും അംഗീകരിക്കുന്നുമാണ്. പാലക്കാട്ടെ പ്രചരണത്തിലും മുരളീധരന്‍ സജീവമായില്ല.

വയനാട്ടില്‍ ശോഭ സുരേന്ദ്രന്‍ മത്സരിക്കണമെന്ന് ആഗ്രഹിച്ചവര്‍ പോലുമുണ്ട്. എന്നാല്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ മത്സരിച്ച് ശോഭ വന്‍തോതില്‍ വോട്ടുയര്‍ത്തുമോ എന്ന ഭയത്തില്‍ അതിനേയും സുരേന്ദ്രന്‍ വെട്ടി. ചേലക്കരയില്‍ സുരേന്ദ്രന്‍ ഇടപെടലുണ്ടായില്ല. അവിടെ സ്ഥാനാര്‍ത്ഥിക്ക് വോട്ടു കൂടി. തിരവില്വാമല ബാലകൃഷ്ണന് വേണ്ടി ആര്‍ എസ് എസ് സജീവ ഇടപെടലും നടത്തി. അതായത് പാലക്കാടിന് തൊട്ടടുത്തുള്ള ചേലക്കരയില്‍ ബിജെപിക്ക് തരംഗമുണ്ടാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശക്തി കേന്ദ്രമായ പാലക്കാട് വോട്ട് കുറയുകയും ചെയ്തു. ഇതിന് പിന്നില്‍ നേതൃത്വത്തിന്റെ പിടിപ്പു കേടാണെന്ന വിലയിരുത്തലാണ് ബിജെപിയിലുള്ളത്.

ശോഭാ സുരേന്ദ്രനെ വിളിക്കൂ ബിജെപിയെ രക്ഷിക്കൂവെന്ന മുറവിളിയും ശക്തമാണ്. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരുന്ന നേതൃയോഗം ഏറ്റുമുട്ടലിന് വേദിയാകും. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട് കനത്ത പ്രഹരമാണ് പാര്‍ട്ടി നേരിടേണ്ടിവന്നത്. സംസ്ഥാന അധ്യക്ഷന്‍ നേരിട്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച മണ്ഡലത്തിലെ തോല്‍വി ഏറെ ഗൗരവത്തോടെ കാണണമെന്നാണ് പാര്‍ട്ടിയിലെ ആവശ്യം. 2021ലെ പ്രകടനം ആവര്‍ത്തിക്കാനായില്ല. ശക്തികേന്ദ്രമായ നഗരമേഖലയില്‍ തിരിച്ചടി. മൂന്നാംസ്ഥാനത്തുള്ള എല്‍ഡിഎഫുമായി കാര്യമായ അകലമില്ല. ബിജെപി ജയിക്കാതിരിക്കാന്‍ എതിരാളികള്‍ വോട്ടുമറിച്ചുവെന്ന പതിവ് വാദം വിലപ്പോകില്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന നേതൃത്വത്തിനെതിരെ സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വിമര്‍ശന പ്രവാഹമാണ്. പാലക്കാട് ബിജെപിയെ നശിപ്പിച്ച സി കൃഷ്ണകുമാര്‍ പന്തളത്തും പാര്‍ട്ടിയെ നശിപ്പിക്കുന്നുവെന്ന് ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ അധ്യക്ഷയുടെ ഭര്‍ത്താവ് കുറ്റപ്പെടുത്തുന്നു. ചേലക്കരയില്‍ പതിനായിരത്തോളം വോട്ടുകൂടിയതിന്റെ പേരുപറഞ്ഞ് നേതൃത്വത്തിന്റെ വീഴ്ച്ച മറയ്ക്കാന്‍ കഴിയില്ലെന്നും വിമതപക്ഷം വാദിക്കുന്നു.