- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ സെക്രട്ടേറിയറ്റ് വളയും; പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫ് തീരുമാനം; നിയമസഭയിൽ സർക്കാരിനെ തുറന്നുകാട്ടാനായെന്നും സർക്കാർ ഒളിച്ചോടിയെന്നും വിലയിരുത്തൽ
തിരുവനന്തപുരം: നിയമസഭയിലെ ഏറ്റുമുട്ടലിന് പിന്നാലെ ഇടതുസർക്കാരിന് എതിരെ പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫ് തീരുമാനം. സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം നടത്തും. മെയ് രണ്ടാം വാരമാണ് സെക്രട്ടറിയേറ്റ് വളഞ്ഞ് സമരം നടത്താൻ യുഡിഎഫ് യോഗത്തിൽ തീരുമാനിച്ചത്. മെയ് മാസത്തിലാണ് സർക്കാരിന്റെ രണ്ടാം വാർഷികം. ആഘോഷ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മെയ് രണ്ടാംവാരം സെക്രട്ടേറിയറ്റ് വളയാനാണു യുഡിഎഫ് തീരുമാനം.
നിയമസഭയിൽ സർക്കാരിനെ തുറന്നുകാട്ടിയെന്നും സർക്കാർ ഒളിച്ചോടിയെന്നും യുഡിഎഫ് യോഗം വിലയിരുത്തി. എല്ലാ മാസവും യുഡിഎഫ് ചേരാനും തീരുമാനിച്ചു. നേരത്തെ, മുന്നണി യോഗം ചേരുന്നതിൽ കാലതാമസം വരുന്നതിന് എതിരെ ആർഎസ്‌പി രംഗത്തുവന്നിരുന്നു. ഇതിന് പരിഹാരം എന്ന നിലയിലാണ് എല്ലാ മാസവും മുന്നണി യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്.
നിയമസഭയ്ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചു. സഭ ഈ മാസം 30 വരെ ചേരാനുള്ള കാര്യോപദേശക സമിതി തീരുമാനം ഭേദഗതി ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
പ്രതിപക്ഷം നിയമസഭയിൽ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനിച്ചത്. അഞ്ചു യുഡിഎഫ് എംഎൽഎമാരാണ് സഭയുടെ നടുത്തളത്തിൽ സത്യാഗ്രഹ സമരം നടത്തിയത്. അനുനയനീക്കങ്ങൾ ഫലം കാണാത്ത സാഹചര്യത്തിലാണ് സഭാ സമ്മേളനം ഗില്ലറ്റിൻ ചെയ്യാൻ തീരുമാനിച്ചത്. തുടർന്ന് ബജറ്റ് സംബന്ധമായ ധനബില്ലും ധനവിനിയോഗ ബില്ലുകളും വേഗത്തിൽ പാസ്സാക്കി. പൊതുജനാരോഗ്യ-പഞ്ചായത്തിരാജ് ബില്ലുകളും ചർച്ചയില്ലാതെ പാസ്സാക്കി.
മറുനാടന്‍ മലയാളി ബ്യൂറോ