തലശേരി: ആനപന്തി സഹകരണ ബാങ്കിന്റെ ഭരണം എൽ.ഡി. എഫ് പിടിച്ചെടുത്തതിനു പിന്നാലെ ചൊക്ലിയിൽ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനോട് അനുഭാവം പുലർത്തുന്ന കോൺഗ്രസ് ഔദ്യോഗിക പാനൽ പരാജയപ്പെട്ട സംഭവത്തിൽ ഡി.സി.സി നേതൃത്വം അന്വേഷണമാരംഭിച്ചു.

കോൺഗ്രസിന്റെ അഭിമാന സഹകരണ സ്ഥാപനമായ ചൊക്ലി പീപ്പിൾസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് നടന്ന അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പിലാണ് മുഴുവൻ സീറ്റിലും ഔദ്യോഗിക പാനലിനെ തോൽപ്പിച്ച് കോൺഗ്രസ് വിമത വിഭാഗമായ, നിലവിലുള്ള ഭരണസമിതിയുടെ പാനൽ സമ്പൂർണ്ണ വിജയം നേടിയത്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വിമത വിഭാഗം നേതാക്കളായ വി.കെ.ഭാസ്‌ക്കരൻ മാസ്റ്റരേയും, അഡ്വ.പി.കെ. രവീന്ദ്രനേയും ജില്ലാ കോൺഗ്രസ്സ് പ്രസിഡണ്ട് മാർട്ടിൻ ജോർജ് കോൺഗ്രസിൽ നിന്നും സസ്പന്റ് ചെയ്തിരുന്നു. നിലവിലെ സൊസൈറ്റി പ്രസിഡണ്ട് കെ.പി.ദയാനന്ദനെ മൂന്ന് മാസം മുൻപും പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

സർവ്വസന്നാഹങ്ങളോടെയുമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം വോട്ടർമാരടക്കമുള്ളവരുടെ കൺവൻഷൻ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിൽ കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ നേരിട്ട് പങ്കെടുക്കുകയും ചെയ്തിരുന്നു. ഓരോ വോട്ടറേയും ഡിസി.സി.പ്രസിഡണ്ട് നേരിട്ട് ഫോണിൽ വിളിച്ച് വോട്ടഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സാദ്ധ്യത പരിഗണിച്ച് ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കേരളം - പുതുച്ചേരി പൊലീസ് സേനകളുടെ ശക്തമായ സാന്നിദ്ധ്യത്തിലായിരുന്നു വോട്ടെടുപ്പ്. വിമത വിഭാഗം നേതാവ് ഭാസ്‌ക്കരൻ മാസ്റ്റർക്ക് 167 വോട്ട് കിട്ടിയപ്പോൾ, ഔദ്യോഗിക പക്ഷത്തെ പി.സതിക്ക് 49 വോട്ട് ലഭിച്ചു. ഒരു കാലത്ത് കോൺഗ്രസ്സിന്റെ ശക്തി ദുർഗ്ഗമായിരുന്ന ചൊക്ളി, ഒളവിലം പ്രദേശങ്ങളിൽ ഗ്രൂപ്പ് പോരിൽ 'ആടിയുലയുകയാണ് സംഘടനാ സംവിധാനം.

കേരളത്തിലെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കാസർഗോഡ്, കണ്ണൂർ, വയനാട് ഉൾപ്പെട്ട അന്നത്തെ അവിഭക്ത ജില്ലയിൽ കോൺഗ്രസിന് ഭരണം ലഭിച്ച രണ്ട് പഞ്ചായത്തുകളിലൊന്നാണ് ചൊക്ളി. ജനസ്വാധീനമുള്ള നേതാക്കളാണ് ഇപ്പോൾ നടപടിക്ക് വിധേയരായ മൂന്ന് പേരും. ഡി.സി.സി.മെമ്പറും, യൂത്ത് കോൺഗ്രസ്സ് മുൻ ജില്ലാ സെക്രട്ടറിയും, ചൊക്ലി സർവ്വീസ് കോ-ഓപ്പ്: ബാങ്ക് മുൻ ഡയറക്ടറും, കെ.എ.പി.ടി.യു.മുൻ സംസ്ഥാന സെക്രട്ടറിയും തലശ്ശേരി ബാറിലെ പ്രമുഖ അഭിഭാഷകനുമാണ് പി.കെ.രവീന്ദ്രൻ.
ജില്ലയിലെ അറിയപ്പെടുന്ന പ്രഭാഷകനും, കവിയും, 16 ഗ്രന്ഥങ്ങളുടെ കർത്താവു മാണിദ്ദേഹം.

ദീർഘകാലം ചൊക്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടും കാൽ നൂറ്റാണ്ടുകാലം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടറും, മുൻ ഡി.സി.സി.അംഗവുമാണ് വി.കെ.ഭാസ്‌ക്കരൻ മാസ്റ്റർ. ആദ്ധ്യാത്മികെ രാമായണം, ശ്രീനാരായണ ഗുരു സമ്പൂർണ്ണ ജീവചരിത്രം, മുഹമ്മദ് നബി, യേശുദേവൻ തുടങ്ങിയവരുടെ ജീവചരിത്ര കാവ്യരചന നടത്തിയ ഭാസ്‌ക്കരൻ മാസ്റ്റർ, ഒട്ടേറെ ഗ്രന്ഥങ്ങളുടെ കർത്താവും ഗുരുധർമ്മസഭയുടെ സാരഥിയുമാണ്.

കോൺഗ്രസ്സ് ബ്ലോക്ക് വൈ: പ്രസിഡണ്ടായിരുന്ന കെ.പി.ദയാനന്ദൻ മാസ്റ്റർ മികച്ച സഹകാരിയും ചൊക്ലി പീപ്പിൾസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡണ്ടുമാണ്. കോൺഗ്രസ്സിന്റെ ചൊക്ലിയിലെ സുപ്രധാന സ്ഥാപനമായ ഈ സൊസൈറ്റിയുടെ കീഴിലാണ് വനിത സഹകരണ ബാങ്ക്,നീതി മെഡിക്കൽസ്, നീതി ഇലക്ട്രിക്കൽസ് തുടങ്ങിയ പ്രമുഖ സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ചൊക്ളിയിലെ പരാജയം സുധാകര വിഭാഗം അടക്കിവാഴുന്ന ജില്ലാകോൺഗ്രസ് നേതൃത്വത്തിന് കനത്തതിരിച്ചടിയായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ സമവായ ചർച്ചയിലൂടെ വിമത വിഭാഗത്തിനെ കൂടെ നിർത്താനാണ് ഡി.സി.സി നേതൃത്വം ശ്രമിക്കുന്നത്.