- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേസിൽ കുരുക്കി വായടപ്പിക്കാനുള്ള നീക്കം പാളി; സ്വപ്നയെ ചോദ്യം ചെയ്യാനാവാതെ തളിപറമ്പ് പൊലിസ് നാട്ടിലേക്ക്; പൊളിഞ്ഞത്, ആകാശ് തില്ലങ്കേരിയെ 'ഒതുക്കി'യതിന് സമാനമായ സിപിഎം നേതൃത്വത്തിന്റെ അതിബുദ്ധി; ഹൈക്കോടതി ഇടപെടൽ എം.വി ഗോവിന്ദനും പാർട്ടിക്കും കനത്ത തിരിച്ചടി
തളിപറമ്പ്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ജന്മനാടായ തളിപ്പറമ്പിലെ ഏരിയാ സെക്രട്ടറി പൊലിസിൽ നൽകിയ പരാതിയിൽ സ്വപ്‌ന സുരേഷിന് എതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദു ചെയ്തത് സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. സ്വപ്നയെ കേസിൽ കുരുക്കി വായടപ്പിക്കാൻ ലക്ഷ്യമിട്ട സിപിഎം നേതൃത്വത്തിന് വടികൊടുത്ത് അടിവാങ്ങിയ അവസ്ഥയിലായി കാര്യങ്ങൾ. ഇതോടെ നിരന്തര വെളിപ്പെടുത്തലോടെ സി.പി. എമ്മിനും സർക്കാരിനും തലവേദനയായി മാറിയ സ്വപ്നാ സുരേഷിനെ പൊലിസിനെ ഉപയോഗിച്ചു അറസ്റ്റു ചെയ്യാനുള്ള ആഭ്യന്തരവകുപ്പിന്റെ നീക്കവും പാളുകയാണ്.
സ്വപ്നയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായതോടെ തളിപ്പറമ്പ് പൊലിസ് ബംഗ്ളൂരിൽ നിന്നും ചോദ്യം ചെയ്യാനാവാതെ മടങ്ങി. സ്വപ്നാസുരേഷിനെ ചോദ്യം ചെയ്യുന്നതിനായാണ് തളിപറമ്പ് പൊലിസ് ഇൻസ്പെക്ടർ എ.വി ദിനേശന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം ബംഗളുരുവിൽ എത്തിയത്.
നയതന്ത്രസ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നാസുരേഷ് ബിജേഷ് പിള്ളയുമായി കൂടിക്കാഴ്‌ച്ച നടത്തിയ ബംഗളുരുവിലെ ഹോട്ടലിലെ മട്ടുപാവിൽപൊലിസ് എത്തുകയും ഇവിടെ നിന്നും തെളിവെടുക്കുകയും ചെയ്തിരുന്നു. ഇവിടേക്ക് സ്വപ്നാസുരേഷിനെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് തീരുമാനിച്ചത്.
എന്നാൽ ഇതിനിടെയാണ് സ്വപ്നയ്ക്കെതിരെ തളിപറമ്പ് പൊലിസ് രജിസ്റ്റർ ചെയ്ത എഫ്. ഐ. ആർ ഹൈക്കോടതി റദ്ദാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എന്നിവർക്കെതിരെ സ്വപ്നാസുരേഷ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അപവാദ പ്രചരണം നടത്തിയെന്നും ഇതു മനഃപൂർവ്വം പ്രതിപക്ഷത്തിന് ലഹളയുണ്ടാക്കാൻ അവസരം നൽകിയതാണെന്നുമായിരുന്നു സി.പി. എം തളിപറമ്പ് ഏരിയാസെക്രട്ടറി കെ.സന്തോഷ് തളിപറമ്പ് ടൗൺ പൊലിസിൽ പരാതി നൽകിയത്.
ഈ കേസിൽ സ്വപ്നയെയും കൂട്ടാളി സരിത്തിനെയും ചോദ്യം ചെയ്യുന്നതിനാണ് തളിപറമ്പ് പൊലിസ് ഇവർ താമസിക്കുന്ന ബംഗ്ളൂരുവിലെത്തിയത്. എന്നാൽ എഫ്. ഐ. ആർ ഹൈക്കോടതി റദ്ദാക്കിയതോടെ പൊലിസ് സംഘം ബംഗ്ളുരുവിൽ നിന്നും മടങ്ങുകയായിരുന്നു. നേരത്തെ രാഷ്ട്രീയ പ്രേരിതമായകെട്ടിച്ചമച്ച കേസെന്ന് സ്വപ്ന ഇതിനെ വിശേഷിപ്പിച്ചിരുന്നു.
ഇതുസാധൂകരിച്ചിരിക്കുകയാണ് ഹൈക്കോടതി വിധിയെന്ന വിലയിരുത്തലുണ്ട്. സ്വപ്നയോടൊപ്പം ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് കരുതുന്ന ബക്കളം സ്വദേശി ബിജേഷ് പിള്ളയെ നേരത്തെ കണ്ണൂർ സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിൽ നിന്നും നാലുമണിക്കൂർ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
എന്നാൽ തനിക്ക് ഗുഡാലോചനയിൽ പങ്കില്ലെന്നായിരുന്നു ബിജേഷ് പിള്ളയുടെ വിശദീകരണം. എന്നാൽ സ്വപ്നയ്ക്കെതിരെ ഒരുകോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സി.പി. എം സംസ്ഥാന സെക്രട്ടറി നൽകിയ മാനനഷ്ട കേസ് നിലനിൽക്കുന്നുണ്ട്.
എം.വി ഗോവിന്ദന്റെ അതീവ വിശ്വസ്തരിലൊരാളാണ് തളിപറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷ്. അതുകൊണ്ടു തന്നെ സന്തോഷിന്റെ ഹരജി തള്ളിയത് പാർട്ടിക്കും വ്യക്തിപരമായി എംഎൽഎയെന്ന നിലയിൽ എം.വി ഗോവിന്ദനും കനത്തതിരിച്ചടിയായി മാറിയിട്ടുണ്ട്.




