- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെപിസിസി അധ്യക്ഷന്റെ തട്ടകത്തിൽ എ ഗ്രൂപ്പ് രഹസ്യ യോഗം ചേർന്നു; ഡി.സി.സി വിളിച്ചു ചേർത്ത ബ്ളോക്ക് പ്രസിഡന്റുമാരുടെ യോഗം ബഹിഷ്‌കരിക്കാൻ തീരുമാനം
കണ്ണൂർ: കണ്ണൂർ കോൺഗ്രസിൽ വിഭാഗീയതയുടെ തിരയിളക്കം സൃഷ്ടിച്ചു കൊണ്ടു വീണ്ടും ഗ്രൂപ്പ് യോഗം. എ ഗ്രൂപ്പുയോഗമാണ് കണ്ണൂരിൽ നടന്നത്. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, ഡി.സി.സി ഔദ്യോഗിക നേതൃത്വം എന്നിവർക്കെതിരെ നീക്കം ശക്തമാക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. ബ്ളോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി തങ്ങളെ തഴഞ്ഞുവെന്ന അതൃപ്തി എഗ്രൂപ്പുകാർക്കിടെയിൽ ശക്തമായിരിക്കയാണ്.
ഇരിക്കൂർ നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ സീറ്റു നിഷേധിക്കപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി സോണിസെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് എ ഗ്രൂപ്പ് പ്രതിഷേധം ശക്തമാക്കിയത്. നിലവിൽ അഞ്ചു ബ്ളോക്കുകളാണ് എഗ്രൂപ്പിനുള്ളത്. അവർക്കുള്ള എട്ടുബ്ലോക്കുകളിൽ മൂന്നെണ്ണം നഷ്ടമാവുകയും ചെയ്തു. കെപിസിസി അധ്യക്ഷൻ കെ.സുധാകരനും ഡി.സി.സി നേതൃത്വവും തങ്ങളെ ബോധപൂർവ്വം വെട്ടിനിരത്തുകയായിരുന്നുവെന്നാണ് എ ഗ്രൂപ്പിന്റെ നിഗമനം.
ദിവസങ്ങൾക്കു മുൻപ് എ ഗ്രൂപ്പ് കണ്ണൂരിൽ യോഗം ചേർന്നിരുന്നു. തങ്ങൾക്ക് ലഭിച്ച അഞ്ച് ബ്ളോക്ക് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കേണ്ടെന്നാണ് എഗ്രൂപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച ഡി.സി.സി പ്രസിഡന്റ് വിളിച്ചു ചേർത്ത യോഗം ബഹിഷ്‌കരിക്കാനും എ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എ. ഐ ക്യാമറയ്ക്കെതിരെ നടത്തിയ സമരവും എ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു.
മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എ ഗ്രൂപ്പിലേക്ക് വന്നത് ഗ്രൂപ്പിന് ആവേശമായിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെത്തിയ രമേശ് ചെന്നിത്തല എ ഗ്രൂപ്പു നേതാക്കളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. എ ഗ്രൂപ്പിനെ കൂടാതെ കെ.സി വേണുഗോപാലിനെ അനുകൂലിക്കുന്ന ഗ്രൂപ്പും കണ്ണൂരിൽ ശക്തമാണ്. കെ.സുധാകരന്റെ അപ്രമാദിത്വത്തിനെതിരെ ഇരുഗ്രൂപ്പുകളും ഒന്നിക്കുന്നതിനുള്ള ചർച്ചകളും നടന്നുവരികയാണ്.




