കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ആഭ്യന്തര പോര് അതിരൂക്ഷമാകുന്നു. കള്ളക്കേസിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് പ്രതിരോധകവചമൊരുക്കാൻ ജില്ലാകോൺഗ്രസ് നേതൃത്വമൊരുക്കിയ രാഷ്ട്രീയ വിശദീകരണയോഗത്തിൽ ലീഗ് നേതാക്കളായ കെ. എം ഷാജിയും അബ്ദുൽ കരീം ചേലേരിയും ക്ഷണിച്ചിട്ടും പങ്കെടുക്കാത്തതാണ്് കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. മുസ്ലിം ലീഗ് അവർ തീരുമാനിച്ച വഴിക്കുതന്നെ പോകട്ടെയെന്നാണ് ഈക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ കടുത്ത നിലപാട്. നേരത്തെ കണ്ണൂർ കോർപറേഷൻ മേയർ പദവി വിട്ടു നൽകാത്തതിൽ പ്രതിഷേധിച്ചു ഇനി കോൺഗ്രസുമായോ കെപിസിസി അധ്യക്ഷൻ കെ.സുധാകരനുമായോ യാതൊരു ചർച്ചയില്ലെന്ന് മുസ്ലിം ലീഗ് ജില്ലാസെക്രട്ടറി അബ്ദുൽ കരീം ചേലേരി തുറന്നടിച്ചിരുന്നു.

രാഷ്ട്രീയ വിശദീകരണയോഗത്തിൽ കെ.സുധാകരനൊപ്പം മുഖ്യപ്രാസംഗികനായി കെ. എം ഷാജിയെ നിശ്ചയിച്ചിരുന്നുവെങ്കിലും വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി കെ. എം ഷാജി വിട്ടുനിൽക്കുകയായിരുന്നു. പാർട്ടി ജില്ലാ നേതൃത്വത്തിന്റെ സമ്മർദ്ദമാണ് ഇതിനു പിന്നിലെന്നാണ് ലീഗിൽ നിന്നുള്ളിൽ നിന്നും ലഭിക്കുന്ന വിവരം.മറ്റദുഘടകകക്ഷികൾ നേതാക്കൾ പങ്കെടുത്തുവെങ്കിലും സുധാകരന് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ് എത്താത്തതിന്റെ നീരസം പൊതുയോഗത്തിൽ കത്തിക്കയറി പ്രസംഗിച്ച കോൺഗ്രസ് നേതാവ് ബി. ആർ. എം ഷെരീഫ് സൂചിപ്പിക്കുകയും ചെയ്തു.

അരിയിൽ ഷുക്കൂറിന്റെയും പെരിങ്ങത്തൂർ മൻസൂറിന്റെയും രക്തസാക്ഷിത്വമുണ്ടായപ്പോൾ ലീഗിന് കാവലാൾ നിൽക്കുകയും അവരോടൊപ്പം പോരാടുകയും ചെയ്ത നേതാവാണ് കെ.സുധാകരനെന്ന് ഓർക്കണമെന്നായിരുന്നു ഷഫീർ തുറന്നടിച്ചത്. കെ.ഷാജിക്കെതിരെ കണ്ണൂരിൽ നിരവധി കേസുകൾ വന്നപ്പോൾ ഷാജിക്കും ലീഗിനുമൊപ്പം നിന്ന നേതാവുകൂടിയാണ് കെ.സുധാകരൻ. അതുകൊണ്ടു തന്നെ മുസ്ലിം ലീഗിന്റെ നിലപാട് കത്തുന്ന വീടിൽ നിന്നും കഴുക്കോൽ ഊരുന്നതിന് സമാനമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. കെ. എം ഷാജിയുടെ അസാന്നിധ്യം ബി. ആർ. എം ഷെഫീഖ്, ടി.സിദ്ദിഖ് , എം, ലിജു എന്നിവരെ ഇറക്കിയാണ് കോൺഗ്രസ് പരിഹരിച്ചത്. തീപ്പൊരി പ്രസംഗം കൊണ്ടു ഷഫീഖ് ഷാജിയുടെ അസാന്നിധ്യം നികത്തുകയും ചെയ്തു. കണ്ണൂർ കോർേേപറഷൻ മേയർ സ്ഥാനം അവസാനത്തെ രണ്ടരവർഷത്തെ ടേം തങ്ങൾക്ക് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അതുകോൺഗ്രസ് അംഗീകരിക്കാത്തതാണ് മുസ്ലിം ലീഗിനെ പ്രകോപിപ്പിച്ചത്.

കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കം പങ്കെടുത്ത യോഗത്തിലായിരുന്നു മേയർ പദവി രണ്ടരവർഷം കോൺഗ്രസിനും രണ്ടരവർഷം ലീഗിനുമെന്ന ഉഭയകക്ഷി ധാരണയിലെത്തിയത്. എന്നാൽ, സമയമായപ്പോൾ കോൺഗ്രസ് ചുവട് മാറ്റിയെന്നാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ആരോപിക്കുന്നത്. തങ്ങൾക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുള്ളതിനാൽ മേയർ പദവികൈമാറേണ്ടതില്ലെന്ന ധാർഷ്ട്യം നിറഞ്ഞ നിലപാടാണ് കോൺഗ്രസിന്റെതെന്നും മുസ്ലിം ലീഗ് ആരോപിക്കുന്നു. എന്നാൽ നേരത്തെ നഗരസഭയായിരുന്നപ്പോൾ പദവി കൈമാറിയ രീതി ഇനിയും തുടരാനാവില്ലെന്നാണ് ഇതേ കുറിച്ചു ഡി.സി.സി നേതൃത്വത്തിന്റെ നിലപാട്.

കോർപ്പറേഷൻ രൂപീകരണത്തിന് നഗരസഭയിലേക്ക് കൂട്ടിച്ചേർത്ത പ്രദേശങ്ങളെല്ലാം കോൺഗ്രസിന് ഭൂരിപക്ഷമുള്ളതാണെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. രണ്ടാഴ്‌ച്ച മുൻപ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് കോൺഗ്രസിന്റെ പുതിയ നിലപാട് പുറത്തുവന്നത്. എന്നാൽ മേയർ പദവി തങ്ങൾക്ക് കിട്ടിയേ മതിയാകുവെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുസ്ലിം ലീഗ് നേതൃത്വവും അണികളും.

കഴിഞ്ഞ ദിവസം ബാഫക്കി തങ്ങൾ മന്ദിരത്തിൽ നടന്ന മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിഭാരവാഹികളുടെ യോഗത്തിൽ കോൺഗ്രസിനെതിരെ കോർപറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന ആവശ്യവും ഉയർന്നിരുന്നു. ജൂലായ് രണ്ടിനുള്ളിൽ ഈക്കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ തങ്ങൾ കടുത്ത നടപടിയിലേക്കു നീങ്ങുമെന്നാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.