പുതുപ്പള്ളി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ മൂവാറ്റുപുഴ എംഎ‍ൽഎ മാത്യു കുഴൽനാടനെതിരെ പരനാറി പ്രയോഗവുമായി സിപിഎം നേതാവ് എം.എം.മണി.

വീട്ടിലിരിക്കുന്നവരെ കുറിച്ച് പറയാതെ നേർക്കുനേർ ആണുങ്ങളോട് രാഷ്ട്രീയം പറയാൻ കുഴൽനാടൻ തയ്യാറാകണമെന്ന് മണി ആവശ്യപ്പെട്ടു. പുതുപ്പള്ളിയിൽ പ്രചാരണത്തിനിടെ മാതൃഭൂമി ന്യൂസിനോടായിരുന്നു മണിയുടെ പ്രതികരണം.

'വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ കുറിച്ച് പറയുന്നത് മാത്യു കുഴൽനാടനെ പോലുള്ള പരനാറിക്കല്ലാതെ ആണുങ്ങൾക്ക് പറയാൻ കൊള്ളുന്ന പണിയാണോ, വീട്ടിലിരിക്കുന്ന പെൺകുട്ടികളേയും അവരെയും ഇവരെയും പറയാതെ നേരെ നേരെ ആണുങ്ങളോട് രാഷ്ട്രീയം പറയണം. അത് ചെയ്യാതെ ഒരുമാതിരി ചെറ്റത്തരം പറഞ്ഞ് നടക്കുന്നു' എം.എം.മണി പറഞ്ഞു.

വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ അവരുടെ വഴിക്ക് വിടണം. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയണം. രാഷ്ട്രീയത്തിലില്ലാത്ത പെണ്ണുങ്ങളും കൊച്ചുങ്ങളും അവർ വീട്ടിലിരിക്കുകയാണ്, പാവങ്ങൾ. അവരെ വലിച്ചിഴക്കുന്നത് ശരിയാണോയെന്നും മണി ചോദിച്ചു.

ചിന്നക്കനാലിലെ വസ്തുവുമായി ബന്ധപ്പെട്ട് ഭൂപതിവ് ചട്ടത്തിന്റെ ലംഘനമുണ്ട് എന്ന പ്രചരണങ്ങളാണ് പുറത്ത് വരുന്നത്. വിഷയത്തിൽ താൻ സംവാദത്തിന് തയ്യാറാണെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കിയിരുന്നു. വിഷയം ഭൂപതിവ് ചട്ടവും നിയമവും ഇടുക്കി ജില്ലയുമൊക്കെയായതിനാൽ പ്രദേശത്ത് നിന്നുള്ള ഒരു സിപിഎം നേതാവോ, എംഎൽഎയോ ഉണ്ടാകണമെന്ന് താൻ ആഗ്രഹിക്കുന്നു. മുതിർന്ന സിപിഎം നേതാവും മുന്മന്ത്രിയുമായുള്ള എം.എം മണിയുടെ പേരാണ് താൻ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിരുന്നു.

താൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഇതുവരെ മറുപടിയുണ്ടായിട്ടില്ല. വീണ വിജയനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി ആരെയെങ്കിലും നിയോഗിക്കുന്നുണ്ടോ എന്ന് ചോദിച്ചു. വീണയുടെ അക്കൗണ്ട് പരിശോധിക്കാൻ തയ്യാറാകുമോ എന്നും ചോദിച്ചു. ഈ വിഷയങ്ങളിലൊന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മാത്യു കുഴൽനാടൻ നേരത്തെ പറഞ്ഞിരുന്നു.