- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ജയസൂര്യ തുറന്നുപറഞ്ഞ അപ്രിയസത്യങ്ങൾ ഈ നാട്ടിലെ കർഷകരുടെ വികാരമാണ്; ഏറ്റവും അധികം പട്ടണിസമരങ്ങൾ ഇത്തവണ നടത്തിയതു കർഷകരാണ്; സർക്കാരിന് ഒരു നേട്ടവും പറയാനില്ല, കോട്ടങ്ങളുടെ പരമ്പര മാത്രം; കൃഷി മന്ത്രിയുടെ സിനിമയാണ് പൊട്ടിപോയത്'; ജയസൂര്യയെ പിന്തുണച്ച് കെ മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കർഷക വിഷയത്തിൽ നടൻ ജയസൂര്യയ്ക്കു പൂർണ പിന്തുണയുമായി കെ.മുരളീധരൻ എംപി. ഇന്നത്തെ കർഷകന്റെ അവസ്ഥയാണു ജയസൂര്യ സൂചിപ്പിച്ചതെന്നും ഏറ്റവും അധികം പട്ടണിസമരങ്ങൾ ഇത്തവണ നടത്തിയതു കർഷകരാണെന്നും കെ.മുരളീധരൻ എംപി വിശദീകരിച്ചു.
ജയസൂര്യ പറഞ്ഞത് കർഷകരുടെ പൊതുവികാരമാണ്. ജയസൂര്യ ഒരു പാർട്ടിയുടെയും ഭാഗമല്ല. കൃഷി മന്ത്രിയുടെ സിനിമയാണ് പൊട്ടിപോയത്. മന്ത്രി കൃഷി ഇറക്കിയതല്ലാതെ കർഷകരാരും കൃഷി ഇറക്കുന്നില്ല. മന്ത്രിക്ക് വേദിയിൽ തന്നെ ജയസൂര്യക്ക് മറുപടി പറയാമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
''ഒരു രാഷ്ട്രീയപാർട്ടിയോടും ആഭിമുഖ്യമില്ലാത്ത ജയസൂര്യ തുറന്നുപറഞ്ഞ അപ്രിയസത്യങ്ങൾ ഈ നാട്ടിലെ കർഷകരുടെ വികാരമാണ്. കർഷകർ സംഭരിച്ച നെല്ലിനു വിലകിട്ടിയിട്ടില്ല. വളരെ ദുരിതം നിറഞ്ഞ ഓണമാണ് ഇത്തവണയുണ്ടായത്. ഒരുലക്ഷത്തോളം പേർക്ക് ഇനിയും കിറ്റ് കൊടുക്കാനുണ്ട്. കിറ്റിന്റെ പേരിൽ അധികാരത്തിൽ വന്ന സർക്കാർ പാവപ്പെട്ടവർക്കു പോലും കിറ്റ് കൊടുക്കാൻ പറ്റാത്ത അവസ്ഥയിലെത്തിച്ചു. സർക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മ വ്യക്തം.''കെ മുരളീധരൻ കുറ്റപ്പെടുത്തി.
''കൃഷിമന്ത്രി അദ്ദേഹത്തിന്റെ കൃഷിസ്ഥലത്തു കൃഷി ഇറക്കുന്നുണ്ടാവും. സാധാരണക്കാർ ആരും ഇന്നു കൃഷിയിലേക്കു താൽപ്പര്യം കാണിക്കുന്നില്ല. കൃഷി ഇന്നു നഷ്ടത്തിലാണ്. തെങ്ങിനൊക്കെ താങ്ങുവില നൽകിയില്ലെങ്കിൽ ആരു മുന്നോട്ടു വരും. മറ്റു കാർഷിക ഉൽപന്നങ്ങളുടെ സ്ഥിതിയും വളരെ മോശമാണ്. സർക്കാർ ചില വികസനങ്ങൾ പുറമെയ്‌ക്കു പറയുന്നുണ്ടെങ്കിലും അതുപോലും നടപ്പിലാക്കുന്നില്ല.
കിറ്റ് വിതരണത്തിലൂടെ അധികാരത്തിലെത്തിയ സർക്കാരിന് ഇപ്പോൾ കിറ്റ് വിതരണം പൂർത്തിയാക്കാൻ ആയില്ല. മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരായ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടത്. അന്വേഷണം നടത്താൻ സർക്കാരിന് ഭയമാണ്. അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകും. അച്ചുവിനോപ്പം പാർട്ടി ഉറച്ചു നിൽക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു
ദേശീയപാതയെക്കുറിച്ച് മുഖ്യമന്ത്രി എല്ലായിടത്തും പറയാറുണ്ട്. ദേശീയപാതയുടെ വികസനം സ്തംഭനാവസ്ഥയിലാണ്. കല്ലും മണ്ണും കിട്ടാത്തതിനാൽ പലയിടത്തും പണി നിന്നിരിക്കുകയാണ്. എന്റെ നിയോജകമണ്ഡലത്തിൽ എനിക്കു മുമ്പേ ആരംഭിച്ച വർക്കാണ് മാഹി തലശ്ശേരി റോഡ്, അതുപോലും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു നേട്ടവും പറയാനില്ലെന്നു മാത്രമല്ല കോട്ടങ്ങളുടെ പരമ്പരയാണു സർക്കാരിനുള്ളത്'' മുരളീധരൻ വിമർശിച്ചു.
അതേ സമയം ജയസൂര്യക്ക് മറുപടിയുമായി മന്ത്രി പി. പ്രസാദ് രംഗത്തെത്തി. കൃഷ്ണ പ്രസാദിന്റെ കാര്യം തന്നെയാണ് ജയസൂര്യ വേദിയിൽ പറഞ്ഞത്. പൊതുവായി പറഞ്ഞത് എന്ന് ഇപ്പോൾ പറയുന്നത് ജാള്യത മറയ്ക്കാനാണ്. ജയസൂര്യയെ പോലെ സീസണലായി കർഷകരുടെ പ്രശനങ്ങൾ അറിയുന്നവർ അല്ല ഇവിടത്തെ പൊതു പ്രവർത്തകർ. ഞങ്ങൾക്ക് കർഷകരുടെ ദുരിതം നന്നായി അറിയാമെന്നും മന്ത്രി പറഞ്ഞു.




