കോഴിക്കോട്: സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുക കർഷകർക്ക് ലഭിക്കാനുണ്ടെന്ന് മന്ത്രിമാരെ വേദിയിലിരുത്തി വിമർശിച്ച നടൻ ജയസൂര്യയെ പിന്തുണച്ച് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണ സൂര്യനെന്ന് സമൂഹമാധ്യമമായ ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിൽ ജോയ് മാത്യു വിശദീകരിക്കുന്നു. ''തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി'' അദ്ദേഹം കുറിച്ചു.

മന്ത്രിമാരുള്ള വേദിയിൽ പഞ്ചപുച്ഛമടക്കിതൊഴുതു താണുവണങ്ങി നിൽക്കുന്ന കലാ-സാഹിത്യകാരാണെങ്ങും. ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായെന്ന് ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചു.

അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യൻ എന്നും അദ്ദേഹം കുറിച്ചു.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക് കുറിപ്പിന്റെ പൂർണരൂപം:

തിരുവോണസൂര്യൻ

-------------------

മന്ത്രിമാരുള്ള വേദിയിൽ പഞ്ചപുച്ഛമടക്കിതൊഴുതു താണുവണങ്ങി നിൽക്കുന്ന കലാ-സാഹിത്യകാരാണെങ്ങും.

ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി.

അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യൻ!

കളമേശരിയിൽ നടന്ന ഒരു പരിപാടിയിലാണ് നെൽകർഷകർ തിരുവോണത്തിന് പട്ടിണിയാണെന്ന വിമർശനം മന്ത്രിമാരായ പി. പ്രസാദിനും പി രാജീവിനും മുൻപിൽ ജയസൂര്യ നടത്തിയത്. പിന്നാലെ ജയസൂര്യയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കൃഷിമന്ത്രി തന്നെ രംഗത്തെത്തി.

യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിലാണ് ജയസൂര്യ അഭിനയിച്ചതെന്നും അതു റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയെന്നും മന്ത്രി പറഞ്ഞു. കളമശേരിയിൽ നടന്നത് വളരെ ആസൂത്രിതമായ പരാമർശമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ജയസൂര്യ നല്ല അഭിനേതാവാണെന്നും എന്നാൽ ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ ജനങ്ങൾക്കു മുന്നിൽ അഭിനയിക്കാൻ പാടില്ലാത്തതാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

അതേസമയം, തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി നടൻ ജയസൂര്യ വ്യക്തമാക്കി. കൃഷിക്കാരുടെ പ്രശ്‌നങ്ങൾ പലനാളുകളായി കേൾക്കുന്നുവെന്നും അത് ഉന്നയിക്കാൻ കൃത്യമായൊരു സ്ഥലം കിട്ടിയപ്പോൾ പറയേണ്ടസമയത്ത് പറയേണ്ടതുപോലെ പറഞ്ഞുവെന്നും താരം പറയുന്നു. അല്ലാതെ സർക്കാരിനെയോ മന്ത്രിയെയോ കുറ്റപ്പെടുത്തിയതല്ലെന്ന് ജയസൂര്യ പറഞ്ഞു. ഒരു മലയാള ദിനപത്രത്തിലെ കുറിപ്പിലാണ് താരത്തിന്റെ വിശദീകരണം.

ചെറുപ്പക്കാർ കൃഷിയിലേക്കു വരുന്നില്ലെന്നു കൃഷിമന്ത്രി പറഞ്ഞതിനുള്ള കാരണങ്ങളാണു താൻ വേദിയിൽ വിശദീകരിച്ചതെന്നു ജയസൂര്യ പറഞ്ഞു. ഇടത് വലത് ബിജെപി രാഷ്ട്രീയവുമായി തനിക്കൊരു ബന്ധവുമില്ല. കർഷകരുടെ വിഷയം മാത്രമാണു പ്രസക്തമെന്നും ജയസൂര്യ പറഞ്ഞു.

''സുഹൃത്തും നടനുമായ കൃഷ്ണപ്രസാദുമായി കൃഷികാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. സംഭരിച്ച നെല്ലിന്റെ വില ആറു മാസത്തിലേറെക്കഴിഞ്ഞിട്ടും കർഷകർക്കു കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളെപ്പോലുള്ളവർ ഇത്തരം വിഷയങ്ങൾ ഉന്നയിക്കണം എന്നും കൃഷ്ണപ്രസാദ് പറയുമായിരുന്നു. കർഷകർ കഷ്ടപ്പെട്ടു വിളവിറക്കി കൊയ്‌തെടുത്ത നെല്ലിന് അതു സംഭരിച്ചശേഷം ആറു മാസമായിട്ടും പണം കൊടുക്കാത്തതു കടുത്ത അനീതിയായി തോന്നി.

ആ നെല്ലു പുഴുങ്ങിക്കുത്തി അരിയായി വിപണിയിൽ എത്തിയിട്ടുണ്ടാകില്ലേ എന്നിട്ടും എന്താണു പാവം കർഷകർ അധികാരികളുടെ കണ്ണുതുറപ്പിക്കാൻ തിരുവോണത്തിനു പട്ടിണിസമരം നടത്തുന്നത് നമ്മളെ ഊട്ടുന്നവർക്കു സമൃദ്ധിയുടെ ഉത്സവമായ തിരുവോണത്തിനു പട്ടിണി കിടക്കേണ്ടി വരുന്നതിലെ അനൗചിത്യമാണു ചൂണ്ടിക്കാട്ടിയത്.

അമേരിക്കയിലേക്കുള്ള ചില വെറൈറ്റി അരികളുടെ കയറ്റുമതി ഈയിടെ കേന്ദ്രം നിരോധിച്ചിരുന്നു. പുഴുങ്ങിക്കുത്തിയ അരിയുടെ കയറ്റുമതിക്കു 20% നികുതി ഏർപ്പെടുത്തിയതു കഴിഞ്ഞ ദിവസമാണ്. അരിയുടെ ലഭ്യത നാട്ടിൽ ഉറപ്പുവരുത്താനാണ് ഈ നടപടികളെന്നാണ് ഞാൻ മനസ്സിലാക്കിയത്. അപ്പോൾ അരിയുടെ പ്രാധാന്യം നമ്മുടെ സമൂഹത്തിൽ എത്രമാത്രം വലുതാണെന്നു പറയേണ്ടതില്ലല്ലോ. അപ്പോഴും നെല്ല് കൃഷിചെയ്യുന്നവരെ നമുക്കു വിലയില്ല.

പുതിയ തലമുറയ്ക്കു കൃഷിയോടു താൽപര്യമില്ലെന്നു കൃഷിമന്ത്രി തന്നെ പറഞ്ഞു. സ്‌കൂളുകളിൽ ആരാകണം എന്നു ചോദിക്കുമ്പോൾ ഡോക്ടറും എൻജിനീയറും ആകണം എന്നു പറയുന്ന കുട്ടികളെ നമുക്കു കുറ്റപ്പെടുത്താൻ കഴിയുമോ കൃഷികൊണ്ടു പലപ്പോഴും ഒന്നു നിവർന്നു നിൽക്കാൻപോലും കഴിയാത്ത മാതാപിതാക്കളെ മാതൃകയാക്കി വീണ്ടും കടത്തിന്റെ കടുംചേറിലേക്കിറങ്ങാൻ എത്രപേർ സന്നദ്ധരാകും തങ്ങളുടെ വിളകൾക്കു മികച്ച വിലയല്ല, ന്യായമായ വിലപോലും കിട്ടാത്ത സാഹചര്യമല്ലേ ഇപ്പോൾ.

പുറത്തേക്കു കയറ്റി അയയ്ക്കുന്നത് ഫസ്റ്റ് ക്ലാസ് അരിയാണ്. ഇവിടെ രണ്ടാംതരവും. നമുക്കു ഗുണപരിശോധനയില്ല എന്ന തീർപ്പിലാണ് ഇതെല്ലാം. കേരളത്തിലേക്കു വരുന്ന പച്ചക്കറികൾക്കു കൃത്യമായ ഗുണപരിശോധനാ സംവിധാനം പ്രായോഗികമായ രീതിയിലെങ്കിലും എവിടെയെങ്കിലും ഉണ്ടോ ഓണത്തിനുവന്ന പച്ചക്കറികളിൽ രാസവിഷമാലിന്യത്തിന്റെ അളവുപരിശോധന എവിടെയെങ്കിലും നടന്നിട്ടുണ്ടോ സംഘാടനത്തിലും കർഷകന്റെ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിലും ഏറെ മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ട ഒന്നായിരുന്നു കളമശേരി കാർഷികമേള. ആ വേദിയിൽ ഞാൻ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയെന്നു കരുതി മേളയുടെ മാറ്റു കുറയുന്നില്ല. എല്ലാ മണ്ഡലങ്ങളിലും അത്തരം മികച്ച വേദികൾ കർഷകനായി ഒരുക്കണമെന്ന കാര്യത്തിലും സംശയമില്ല'' ജയസൂര്യ പറഞ്ഞു.