- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കൃഷ്ണപ്രസാദിന് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ട്; പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് നിലപാടെടുക്കുമ്പോൾ, നടൻ ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവ്വം; ജയസൂര്യയുടെ വാദങ്ങൾ എല്ലാം പൊളിഞ്ഞു'; കർഷക വിഷയത്തിൽ വീണ്ടും വിമർശനവുമായി മന്ത്രി പി പ്രസാദ്
തിരുവനന്തപുരം: കർഷക വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച നടന്മാരായ ജയസൂര്യയ്ക്കും കൃഷ്ണപ്രസാദിനുമെതിരെ രൂക്ഷ വിമർശനവുമായി കൃഷിമന്ത്രി പി.പ്രസാദ് വീണ്ടും രംഗത്ത്. കൃഷ്ണപ്രസാദ് വ്യക്തമായ രാഷ്ട്രീയം ഉള്ളയാളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൃഷ്ണപ്രസാദിന്റെ പേരിൽ ജയസൂര്യ ഉന്നയിച്ച ആരോപണം ആ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ജയസൂര്യയുടെ വാദങ്ങൾ മുഴുവൻ പൊളിഞ്ഞെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
''കർഷകർക്ക് നൽകിയ പണം വായ്പയായി കണക്കുകൂട്ടുന്നത് സിവിൽ സപ്ലൈസ് കോർപറേഷനാണ്. എന്നുവച്ചാൽ, ആ പൈസ അടയ്‌ക്കേണ്ട ബാധ്യത സിവിൽ സപ്ലൈസ് കോർപറേഷനും സർക്കാരിനുമാണ്. പാഡി രസീത് ഷീറ്റ് അഥവാ പിആർഎസ് കൊണ്ടുപോയി കൊടുക്കുമ്പോൾ, ബാങ്കുകൾ പണം കർഷകർക്ക് നൽകും. ആ പണം തിരിച്ചടയ്ക്കുന്നതിന് കാലതാമസമുണ്ടായാൽ വരുന്ന പലിശ അടയ്ക്കുന്നത് കർഷകനല്ല. അത് അടയ്‌ക്കേണ്ടത് സിവിൽ സപ്ലൈസ് കോർപറേഷന്റെയും സർക്കാരിന്റെയും ബാധ്യതയാണ്.'
''അതായത്, ആദ്യത്തെ വാദഗതികളെല്ലാം പൊളിഞ്ഞുപോയപ്പോൾ അദ്ദേഹം പിടിച്ചുനിൽക്കാൻ കണ്ടെത്തുന്ന കാര്യങ്ങളാണ് ഇതെല്ലാം. കൃഷ്ണപ്രസാദിനു തന്നെ മാസങ്ങളായി പൈസ കിട്ടിയിട്ടില്ല എന്നാണ് ആദ്യം പറഞ്ഞത്. ജയസൂര്യ അന്ന് പ്രസംഗത്തിൽ പറഞ്ഞതും കൃഷ്ണപ്രസാദ് ഉൾപ്പെടെയുള്ളവർക്ക് എന്നല്ല. കൃഷ്ണപ്രസാദിന് കിട്ടിയിട്ടില്ല എന്നു തന്നെയാണ്. കൃഷ്ണപ്രസാദ് അടക്കം എന്നു പറഞ്ഞാൽ ജയസൂര്യ പൊതുവിൽ പറഞ്ഞതായിരുന്നുവെന്ന് കരുതാം.'
''അദ്ദേഹത്തെ ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് ഞാൻ അപ്പോൾ കരുതിയത്. പ്രസംഗിച്ച കാര്യങ്ങളിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഒരുപാടുണ്ടെന്ന് അവിടെ വച്ചുതന്നെ ഞാൻ ജയസൂര്യയോടു പറഞ്ഞിരുന്നു. അങ്ങനെയാണോ എന്ന് അദ്ദേഹം എന്നോടു ചോദിക്കുകയും ചെയ്തു. മന്ത്രി രാജീവ് അവിടെത്തന്നെ ജയസൂര്യയുടെ പരാമർശങ്ങൾക്ക് മറുപടിയും നൽകിയിരുന്നു.'
''ഇത്രയൊക്കെയായിട്ടും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് നിലപാടെടുക്കുമ്പോൾ, ജയസൂര്യ ഉൾപ്പെടെ ഇക്കാര്യങ്ങൾ ബോധപൂർവം ഉന്നയിച്ചതാണെന്ന് ഞാൻ കണക്കാക്കുന്നു. കൃഷ്ണപ്രസാദിന് ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടു തന്നെയാകും അദ്ദേഹം അക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ടാവുക.' മന്ത്രി പ്രസാദ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയിലിരുത്തി നടൻ ജയസൂര്യ സർക്കാരിനെ വിമർശിച്ചത്. കർഷകർ അവഗണന നേരിടുകയാണെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നും ജയസൂര്യ വേദിയിൽ ആവശ്യപ്പെട്ടു. സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാൽ തിരുവോണ ദിനത്തിൽ പല കർഷകരും ഉപവാസ സമരത്തിലാണ്.
പുതിയ തലമുറ കൃഷിയിൽ താൽപ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്ന് ജയസൂര്യ വിമർശിച്ചു. മന്ത്രി പി രാജീവിന്റെ മണ്ഡലമായ കളമശേരിയിലെ കാർഷികോത്സവത്തിൽ സംസാരിക്കുകയായിരുന്നു ജയസൂര്യ.
സമൂഹമാധ്യമങ്ങളിൽ ജയസൂര്യയെ അനുകൂലിച്ചും വിമർശിച്ചും അഭിപ്രായ പ്രകടനങ്ങൾ ഉയർന്നു വന്നിരുന്നു. കേന്ദ്ര സർക്കാരിനെതിരെ രാജ്യത്തെ കർഷകർ സമരം നടത്തിയപ്പോൾ പ്രതികരിക്കാത്ത ജയസൂര്യയുടെ നിലപാട് ഇരട്ടത്താപ്പ് എന്നാണ് വിമർശനം. നടന്റെ അഭിപ്രായം വസ്തുതാ വിരുദ്ധമെന്നായിരുന്നു കൃഷി മന്ത്രിയും ഭക്ഷ്യ മന്ത്രിയും പ്രതികരിച്ചത്.
തനിക്ക് കക്ഷി രാഷ്ട്രീയമില്ല. കർഷക പക്ഷത്താണ് താൻ. ആറു മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കർഷകർക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്നും ജയസൂര്യ ചോദിക്കുന്നു. കളമശേരിയിലെ വേദിയിൽ താൻ എത്തിയപ്പോഴാണ് കൃഷി മന്ത്രി അവിടെ ഉണ്ടെന്ന കാര്യം അറിഞ്ഞത്. കർഷകരുടെ വിഷയം വേദിയിൽ പറയാതെ നേരിട്ട് പറഞ്ഞാൽ അത് ലക്ഷ്യപ്രാപ്തിയിൽ എത്തില്ല. അതുകൊണ്ടാണ് വേദിയിൽ തന്നെ പറയാൻ തീരുമാനിച്ചതെന്നും ജയസൂര്യ പറഞ്ഞു. ഒരു മലയാള ദിനപത്രത്തിലെ കുറിപ്പിലായിരുന്നു താരത്തിന്റെ വിശദീകരണം.




