- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വിവാദഫെയ്സ് ബുക്ക് പോസ്റ്റിൽ ഉറച്ച് കെ.കെ ശൈലജ; വായിക്കാത ചിലർ വലിയ പ്രചാരണം നടത്തുന്നുവെന്ന് വിമർശനം; കണ്ണൂരിലെ നേതാക്കളിൽ അതൃപ്തി പടരുന്നു
കണ്ണൂർ: ഇസ്രയേൽ - ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവാദ പ്രസ്താവന നടത്തിയ കെ.കെ ശൈലജയ്ക്കെതിരെ കണ്ണൂർ സിപിഎമ്മിൽ അതൃപ്തി പടരുന്നു. എരിതീയിൽ എണ്ണയൊഴിക്കുന്ന വിധത്തിൽ കെ.കെ ശൈലജ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നതു പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാണ് ഒരുവിഭാഗം നേതാക്കൾ കരുതുന്നത്. ശൈലജയുടെ വിവാദപ്രസ്താവനയിൽ പ്രതികരിക്കാതെ എം.വി ജയരാജൻ ഉൾപ്പെടെയുള്ള വ്യക്തമായ അഭിപ്രായം പറയാതെ മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്ന സാഹചര്യമാണുള്ളത്.
വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി. എഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന പേരുകളിലൊന്നാണ് കെ.കെ ശൈലജയുടെത്. സി.പി. എമ്മിന്റെ ജനപ്രീയമുഖങ്ങളിലൊരാളായ വനിതാ നേതാവ് വിവാദങ്ങളിൽ കുടുങ്ങുന്നതും ന്യൂനപക്ഷവിഭാഗങ്ങളുടെ അപ്രീതിക്കിരയാവുന്നതും ഗുണം ചെയ്യില്ലെന്ന നിലപാടാണ് പാർട്ടി നേതൃത്വത്തിനുള്ളത്. എന്നാൽ പരസ്യമായി കെ.കെ ശൈലജയുടെ വിവാദപരാമർശത്തെ പാർട്ടി തള്ളിപറഞ്ഞിട്ടുമില്ല.
സി.പി. എം നേതൃത്വത്തെ പ്രതിസന്ധിയിലാക്കികൊണ്ടു തന്റെ വിവാദമായ ഹമാസ് ഭീകരരെന്ന ഫെയ്സ് ബുക്ക് പരാമർശത്തിൽഉറച്ചു നിൽക്കുന്നതായി ആവർത്തിച്ചു സി. പി. എം കേന്ദ്രകമ്മിറ്റിയംഗമായ കെ കെ ശൈലജ വീണ്ടും രംഗത്തെത്തിയതാണ് സ്ഥിതി വീണ്ടും വഷളാക്കിയത്. കൂത്തുപറമ്പ് ടൗൺ സ്‌ക്വയറിൽ സിപിഎം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കവെയാണ് കെ.കെ ശൈലജ തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.
തന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് മുഴുവൻ വായിക്കാതെയാണ് തനിക്കെതിരെ വലിയ പ്രചാരണം നടത്തിയതെന്നും കെ കെ ശൈലജ വ്യക്തമാക്കി. ഈക്കാര്യത്തെ കുറിച്ചു പറഞ്ഞ തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ലെന്നും ആർക്ക് വേണമെങ്കിലും വായിക്കാവുന്നതാണ്. യുദ്ധത്തടവുകാരോട് കാണിക്കുന്ന ഭീകരത അംഗീകരിക്കുന്നില്ല എന്നാണ് പറഞ്ഞതെന്ന് വ്യക്തമാക്കിയ കെ കെ ശൈലജ സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത മനുഷത്വമുള്ളവർക്ക് അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാണിച്ചു.
'ഭീകരവാദം ആര് നടത്തിയാലും അംഗീകരിക്കില്ല, അത് ഇസ്രയേലായാലും ഫലസ്തീനായാലും, ആർക്കും ഒരു സംശയവും വേണ്ട, കെ കെ ശൈലജ എന്ന കമ്മ്യൂണിസ്റ്റുകാരി നൂറു ശതമാനം ഫലസ്തീൻ ജനതയ്ക്ക് ഒപ്പമാണ്' കെ കെ ശൈലജ വ്യക്തമാക്കി. നേരത്തെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ചത് വിവാദമായതിന് പിന്നാലെ ഫേസ്‌ബുക്കിലൂടെ തന്നെ കെ കെ ശൈലജ വിശദീകരണം നൽകിയിരുന്നു.
'1948 മുതൽ ഫലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണക്കാർ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റിൽ എഴുതിയത്. ഇടതുപക്ഷം എപ്പോഴും ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയിൽ കയ്യേറ്റം നടത്തുന്ന ഇസ്രയേലിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ യുദ്ധത്തടവുകാരോടും സാധാരണജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ല എന്നും പോസ്റ്റിൽ എഴുതിയിരുന്നുവെന്നായിരുന്നു കെ കെ ശൈലജ നേരത്തെ നൽകിയ വിശദീകരണം. എന്നാൽ സി.പി. എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ, പി.ബി അംഗം എം. എ ബേബി, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ് എന്നിവർ ഇതിനു വ്യത്യസ്തമായ അഭിപ്രായമാണ് ഇസ്രയേൽ, ഹമാസ് വിഷയത്തിൽ നേരത്തെ പറഞ്ഞിരുന്നത്.
എന്നാൽ ഇതിനുകടകവിരുദ്ധമായി കെ.കെ ശൈലജ ഹമാസിനെ ഭീകരറെന്നു വിശേഷിപ്പിച്ചത് സോഷ്യൽ മീഡിയയിലും ഏറെ വിമർശിക്കപ്പെട്ടിരുന്നു. നേരത്തെ ഒരു കമ്യൂണിസ്റ്റുകാരന് ഫലസ്തീനൊപ്പം മാത്രമേ നിൽക്കാൻ കഴിയുകയള്ളൂവെന്ന് കെ.കെ ശൈലജ ആവർത്തിച്ചിരുന്നുവെങ്കിലും വിവാദങ്ങൾ കെട്ടടങ്ങിയിരുന്നില്ല. രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിസ്ഥാനത്തിന് അർഹതയുണ്ടായിട്ടും കെ.കെ ശൈലജയെ തഴഞ്ഞത് പാർട്ടിക്കുള്ളിൽ വിവാദമായിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ കുറെക്കാലമായി കെ.കെ ശൈലജ ഇത്തരം വിഷയങ്ങളിൽ കടന്ന് പ്രതികരിച്ചിരുന്നില്ല. നേരത്തെ കരുവന്നൂർ ബാങ്ക് കുംഭകോണത്തിൽ നേരത്തെ പരിഹരിക്കാത്തത് തെറ്റാണെന്ന് എൽ. ഡി. എഫ് കൺവീനർ ഇ.പി ജയരാജനും തുറന്നടിച്ചിരുന്നു. ഇതിനു ശേഷമാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കി കൊണ്ടു മറ്റൊരു നേതാവു കൂടി രംഗത്തുവന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്