കണ്ണൂർ: കണ്ണൂർ ജില്ലയിൽ തുടരുന്ന സി.പി. എം- സി.പി. ഐ- ചേരിപ്പോര് അവസാനിപ്പിക്കാൻ ഇരുപാർട്ടികളിലെയും ഉന്നത നേതാക്കൾ ഇടപെട്ടേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപെ വിഷയം രമ്യതയിൽ പരിഹരിക്കാനാണ് അണിയറയിൽ നീക്കങ്ങൾ നടക്കുന്നത്. വിഷയം സംസ്ഥാനതലത്തിലേക്ക് വളർത്തിയെടുക്കാൻ ഇരുപാർട്ടികളിലെയും ജില്ലാനേതാക്കളും ആഗ്രഹിക്കുന്നില്ല. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ എൽ.ഡി. എഫ് സ്ഥാനാർത്ഥിയുടെ വിജയസാധ്യതയെ കൂടി ചേരിപ്പോര് പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലുമുണ്ട്.

തളിപ്പറമ്പ് നഗരസഭയിൽ സി.പി. എംകുടുംബസംഗമത്തിന് ബദലായി സി.പി. ഐ കുടുംബസംഗമം നടത്തിയത് ഇടതുമുന്നണിയിൽ പ്രതിഷേധം പുകഞ്ഞു കത്താൻ തുടങ്ങിയത്. തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റൂരിലെ മാന്ദംകുണ്ടിലാണ് സി.പി. എം നേതൃത്വത്തെ വെല്ലുവിളിച്ചു സി. പി. ഐ ബദൽ കുടുംബസംഗമം നടത്തിയത്. മുന്നണിയിലെ രണ്ടാമത്തെ പാർട്ടിയായ സി.പി. ഐയുടെ നടപടി തളിപറമ്പിലെ സി.പി. എം നേതൃത്വത്തിനെ അരിശം പിടിപ്പിച്ചിട്ടുണ്ട്.

സി.പി. എംസംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത കുടുംബസംഗമത്തിനെക്കാൾ ആൾക്കൂട്ടം സി.പി. ഐ നടത്തിയ സംഗമത്തിൽ പങ്കെടുത്തതും പ്രകോപനത്തിന് കാരണമായിട്ടുണ്ട്. ഇതു പാർട്ടി ഗ്രാമമായ മാന്ദംകുണ്ടിൽ സി.പി. എമ്മിന്റെ അടിവേരുകൾ ഇളകിയതിന്റെ തെളിവാണെന്ന അവകാശവാദം സോഷ്യൽ മീഡിയയിൽ സി.പി. ഐ അനുകൂലികൾ ഉയർത്തിയതോടെ മൂടിന് തീപിടിച്ച അവസ്ഥയിലായി സി.പി. എം.

സി.പി. ഐ കുടുംബസംഗമത്തിൽ പങ്കെടുത്ത നേതാക്കളെല്ലാം സി.പി. എമ്മിനെതിരെ പേരെടുത്തുപറയാതെ അതിരൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. എൽ. ഡി. എഫ് മുന്നണി പ്രവർത്തനങ്ങളിൽ നിന്നും സി.പി. ഐ പ്രവർത്തകരെ അവഗണിക്കുന്നവർ വിഡ്ഡികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്ന് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു കൊണ്ടു സി.പി. ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.പി.മുരളി ആഞ്ഞടിക്കുകയായിരുന്നു. എൽ.ഡി. എഫ് മണ്ഡലം കമ്മിറ്റിയോ, ജില്ലാകമ്മിറ്റിയോ, സംസ്ഥാനകമ്മിറ്റിയോ അറിയാതെ ഈ പ്രദേശത്തെ ചില സി.പി. ഐ പ്രവർത്തകരെ എൽ.ഡി. എഫ് കുടുംബസംഗമത്തിൽ നിന്നോ, മുന്നണി സംവിധാനത്തിൽ നിന്നോ മാറ്റിനിർത്താമെന്നത് ചിലരുടെ അബദ്ധധാരണയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാന്തംകുണ്ട് ചെഗുവേര കലാസമിതിക്കു സമീപമാണ് സി.പി. ഐ തളിപറമ്പ്ലോക്കൽ കുടുംബസംഗമം സംഘടിപ്പിച്ചത്. കഴിഞ്ഞ പത്താംതീയ്യതി കീഴാറ്റൂരിൽ നടന്ന എൽ.ഡി. എഫ് കുടുംബ സംഗമത്തിൽ പങ്കെടുപ്പിക്കാതെ സി.പി. ഐയെ അവഗണിച്ചുവെന്നു ആരോപിച്ചു സി.പി. എംസംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്ത കുടുംബസംഗമം സി.പി. ഐ ബഹിഷകരിച്ചിരുന്നു. അതിനു ബദൽ എന്ന നിലയിലാണ് സ്വന്തം നിലയിൽ തളിപറമ്പ് ലോക്കലിന് കീഴിൽ കുടുംബസംഗമം നടത്തിയത്.

ഇതോടെ കണ്ണൂർജില്ലയിലെ തളിപ്പറമ്പിൽ ഇരുപാർട്ടികളും തമ്മിലുള്ള മുന്നണി ബന്ധം വഷളാവുകയും ചെയ്തു. നേരത്തെ തളിപറമ്പ് നഗരസഭാവൈസ് ചെയർമാനും സി.പി. എം നേതാവുമായിരുന്ന കോമത്ത് മുരളീധരൻ പാർട്ടിയുമായി തെറ്റി സി.പി. ഐയിൽ ചേർന്നതാണ് തളിപറമ്പിലെ ചേരിപ്പോരിന്റെ മൂലകാരണം. ഈ അവസരം മുതലെടുത്തു സി.പി. ഐ കോമത്ത് മുരളീധരനെ ജില്ലാകൗൺസിൽ അംഗത്വം നൽകുകയും ചെയ്തു. നേരത്തെ പുല്ലായിക്കൊടി ചന്ദ്രനെന്ന സിപി. ഐ മണ്ഡലം നേതാവിനെ സി.പി. എം തളിപറമ്പ് നോർത്ത്ലോക്കൽ കമ്മിറ്റി സെക്രട്ടറിയാക്കിയിരുന്നു.

ഇതിനെ തുടർന്നാണ് കോമത്തും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പാർട്ടി വിട്ടത്. ഇതൊടെയാണ് തങ്ങളുടെ പാർട്ടി ഗ്രാമത്തിൽ സി.പി. ഐ ഉയർത്തിയ കൊടിമരം സി.പി. എം പ്രവർത്തകർ പിഴുതെറിയുകയും സി.പി. ഐ കോടികൾ നശിപ്പിക്കുകയും ചെയ്തു. ബിജെപിയെ പുറത്താക്കൂരാജ്യത്തെ രക്ഷിക്കൂവെന്ന മുദ്രാവാക്യമുയർത്തി സി.പി. ഐ നടത്തിയ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോമത്ത് മുരളീധരന്റെ നേതൃത്വത്തിൽ കീഴാറ്റൂർ മാന്ധംകുണ്ട് മേഖലകളിൽ നടത്തിയ കാൽനടപ്രചരണജാഥ സി.പി. എം പ്രവർത്തകർ തടയുകയും കോമത്ത്മുരളീധരനെ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു.

ഇതേ തുടർന്ന് എൽ.ഡി. എഫ് പരിപാടികളിൽ നിന്നും കോമത്തിനെ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് കുടുംബസംഗമം പാർട്ടിപരിപാടിയായി നടത്താൻ സി.പി. എം തീരുമാനിച്ചത്. ഇരുപാർട്ടികളും തുടരുന്ന തർക്കത്തിൽ എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജൻ, സി.പി. എംസംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ, സി.പി. ഐ നേതാവായ പന്ന്യൻ രവീന്ദ്രൻ എന്നിവർ ഇടപെടണമെന്ന ആവശ്യ ഇരുപാർട്ടികളിലെ സമാധാനകാംക്ഷികളായ പ്രവർത്തകകരിൽ നിന്നും ശക്തമായി ഉയർന്നിട്ടുണ്ട്.