കണ്ണൂർ: കണ്ണൂരിൽ വിദേശസർവകലാശാലകളെ വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരുന്നതിനായി സി.പി. എം നേതൃത്വം നൽകുന്ന ജില്ലാപഞ്ചായത്ത് ആഗോളനിക്ഷേപ സംഗമം നടത്തുന്നു. വിദേശ സർവകലാശാലകൾക്കെതിരെ സമരം നടത്തിയ എസ്. എഫ്. ഐയെ നോക്കുകുത്തിയാക്കിയാണ് വിദേശസർവകലാശാലകൾക്ക് ചുവപ്പുപരവതാനി വിരിക്കുന്നത്. കണ്ണൂർ സർവകലാശാലയെ മുൻനിർത്തിയാണ് ജില്ലാ പഞ്ചായത്തിന്റെ നീക്കം. ഇതുസംബന്ധിച്ചു വിദ്യാർത്ഥി സംഘടനകൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കണ്ണൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ നിന്നും വിദേശ സർവകലാശാലകളിലേക്ക് കുട്ടികൾ പഠനത്തിനായി ചേക്കേറുന്നത് തടയുന്നതിനാണ് പുതിയ നീക്കം നടത്തുന്നത്. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിലാണ് വിദേശസർവകലാശാല പ്രതിനിധികളുമായി ഇതുസംബന്ധിച്ചുള്ള ചർച്ച നടത്തുക. വിദേശസർവകലാശാലകൾക്ക് ഭൗതിക സാഹചര്യമൊരുക്കാൻ കണ്ണൂർ സർവകലാശാലയാണ് മുന്നിട്ടിറങ്ങുന്നത്.

ന്യൂജനറേഷൻ കോഴ്സുകൾ തുടങ്ങാനും പ്രൈവറ്റ് രജിസ്ട്രേഷന് തടസം നിൽക്കുകയും മാനേജ്മെന്റുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഞെക്കിഞെരുക്കുകയും ചെയ്യുന്ന കണ്ണൂർ സർവകലാശാലയാണ് സി.പി. എമ്മിന്റെ ഒത്താശയോടെ പുതിയ നീക്കം നടത്തുന്നത്. വർഷങ്ങൾക്കു മുൻപ് വിദേശസർവകലാശാലകളെ കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കുന്നതിനായി എത്തിയ വിദേശകാര്യവിദഗ്ദ്ധനെ മുഖത്തടിച്ച എസ്. എഫ്. ഐയാണ് പാർട്ടി നേതൃത്വത്തിന് മുൻപിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നത്.

കണ്ണൂരിന്റെ വ്യവസായ കുതിപ്പിന് കരുത്ത് പകരാനുള്ള ശ്രമത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാപഞ്ചായത്തും ജില്ലാവ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോളനിക്ഷേപക സംഗമം( എൻ. ആർ. ഐ സബ് മിറ്റ്) ഒക്ടോബർ 30,31-തീയ്യതികളിലെ കണ്ണൂർ നായനാർ അക്കാദമിയിലാണ് നടക്കുക. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സംരഭങ്ങൾക്ക് നേതൃത്വം നൽകുന്ന കണ്ണൂരിന്റെ വികസന മുന്നേറ്റത്തിൽ പങ്കാളികളാവാൻ താൽപര്യപ്പെടുന്ന കണ്ണൂരുകാരും അല്ലാത്തവരുമായ ഇരുന്നൂറോളം പ്രവാസി നിക്ഷേപകർ ആഗോളനിക്ഷേപ സംഗമത്തിൽ പങ്കെടുക്കുമെന്ന് കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആദ്യദിനത്തിൽ വ്യവസായം, കാർഷികം എന്നിവയിലും രണ്ടാംദിനം ടൂറിസം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി മേഖലയിലുമാണ് ചർച്ച നടക്കുക. പ്രവാസി വ്യവസായികളിൽ നിന്ന് പുതുസംരഭങ്ങളിലൂടെ ജില്ലയിലെ വ്യവസായത്തിന് നിക്ഷേപം സമാഹരിക്കുകയെന്ന ലക്ഷ്യമിട്ടാണ് സംഗമം നടത്തുന്നത്.

തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നതോടെ സംഗമത്തിന് തുടക്കമാകും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാകും. എംപി മാരായ കെ.സുധാകരൻ, വി.ശിവദാസൻ, എംഎൽഎമാരായ എം.വി ഗോവിന്ദൻ, കെ.കെ ശൈലജ, കെ.പി മോഹനൻ, സണ്ണിജോസഫ്, കെ.വി സുമേഷ്, ടി. ഐ മധുസൂദനൻ, എം.വിജിൻ, നോർക്ക ഡയറക്ടർ ഒ.വി മുസ്തഫ തുടങ്ങിയവർ പങ്കെടുക്കും. വ്യവസായ, കാർഷികനയങ്ങളും പദ്ധതികളും വ്യവസായ വകുപ്പ് അഡീഷനൽ ഡയറക്ടർ ഡോ.കെ. എസ് കൃപകുമാർ, പ്രൊഫ. വി.പത്മാനന്ദ് എന്നിവർ അവതരിപ്പിക്കും.

31-ന് നടക്കുന്ന പരിപാടികൾ രാവിലെ പത്തുമണിക്ക് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയർ ടി.ഒ മോഹനൻ മുഖ്യാതിഥിയാകും. പി.സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ടൂറിസം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും. ടൂറിസം വകുപ്പ് കെ.ടി. ഐ. എൽ. എൽ ചെയർമാൻ എസ്.കെ സജീഷ്, ജില്ലാടൂറിസം ഡെപ്യൂട്ടി ഡയറക്ടർടി.സി മനോജ്, ബിനുകുര്യാക്കോസ്,പ്രൊഫ. എ.സാബു, പി. എംറിയാസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

ടൂറിസം, വ്യവസായം,വിദ്യാഭ്യാസം, ആരോഗ്യം,കൃഷി, ടെക്നോളജി,റീട്ടൈയ്ൽ,കയറ്റുമതി, സേവനമേഖലകൾ, തുടങ്ങി പ്രവാസികൾക്ക് കണ്ണൂരിൽ ആരംഭിക്കാവുന്ന ചെറുതുംവലുതുമായ സംരഭങ്ങളാണ് നിക്ഷേപ സംഗമത്തിലൂടെ വരുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വിദേശരാജ്യങ്ങളായ യു. എ. ഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ഒമാൻ, ബഹ്റൈൻ, ആഫ്രിക്കൻ രാജ്യങ്ങൾ, ഇന്ത്യൻ നഗരങ്ങളായ ഡൽഹി, ബംഗ്ളൂർ, ചെന്നൈ, ഹൈദരബാദ് എന്നിവടങ്ങളിൽനിന്നാണ് നിക്ഷേപകർ പങ്കെടുക്കുക. പ്രവാസി സംരഭകർക്ക് പദ്ധതികൾ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും. കണ്ണൂരിന്റെ വ്യവസായ സംരഭകത്വ സാധ്യതാപഠനം ഈ വേളയിൽ നടത്തും. കണ്ണൂർ വിമാനത്താവളത്തിന്റെ സാധ്യത മുതലെടുത്തുകൊണ്ടുള്ള വ്യവസായസംരഭങ്ങൾക്കാണ് മുഖ്യപരിഗണനയെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അറിയിച്ചു.

കണ്ണൂരിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ വരേണ്ടത് ടൂറിസ്റ്റുകളെ സംബന്ധിച്ചു അടിയന്തിരപ്രാധാന്യമുള്ളതാണ്. ഇതിനായി സർക്കാർഭൂമി കണ്ടെത്തികൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വാർത്താസമ്മേളനത്തിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ്കുര്യൻ, ജില്ലാവ്യവസായ കേന്ദ്രം മാനേജർ എ. എസ് ഷിറാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.സരള, ജില്ലാപഞ്ചായംഗങ്ങളായ അഡ്വ. ടി.രത്നകുമാരി, കെ.വി ബിജു, ചന്ദ്രൻ കല്ലാട്ട് എന്നിവർ പങ്കെടുത്തു.