കണ്ണൂർ: സി.പി. എം പാർട്ടി ഗ്രാമങ്ങളിൽ കുട്ടനാട് മോഡലിൽ കടന്നുകയറാനും ആധിപത്യം ഉറപ്പിക്കാനും സി.പി. ഐ ശ്രമിക്കുന്നത് കണ്ണൂർ ജില്ലയിൽ ഇടതുമുന്നണിയിലെ പ്രമുഖ പാർട്ടികൾ തമ്മിലുള്ള ബന്ധം വഷളാക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി എൽ.ഡി. എഫ് നേതൃത്വം പ്രശ്നപരിഹാരത്തിനായി ഇടപെടാത്തതും വാക്പോരുമായി ഇരുപാർട്ടികളിലെയും ഉന്നത നേതാക്കൾ രംഗത്തുവരികയും ചെയ്ത സാഹചര്യത്തിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കും തെരുവുയുദ്ധത്തിലേക്കുമാണ് കാര്യങ്ങൾ നീങ്ങുന്നത്.

സി.പി. എമ്മിന്റെയത്രയും ജനസ്വാധീനമോ, പ്രവർത്തകരുടെ അംഗസംഖ്യയോയില്ലാത്ത സിപിഐ സിപിഎമ്മിലെ വിമതന്മാരെയും അതൃപ്തരെയും തങ്ങളുടെ കൂടെ കൂട്ടി ശക്തിപ്രാപിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം. അണിയറയിൽ ചില നേതാക്കൾ ഇതിനായി കരുക്കൾ നീക്കിതുടങ്ങിയതോടെയാണ് തളിപറമ്പിലെ സി.പി. എം പാർട്ടി ഗ്രാമങ്ങളായ കീഴാറ്റൂരിലും മാന്ധംകുണ്ടിലുമൊക്കെ കടന്നാക്രമണവുമായി സിപി. എം രംഗത്തു വന്നിരിക്കുന്നത്.

സി.പി. എം വിട്ടുവരുന്നവരെ ഇരുകൈയും നീട്ടിസ്വീകരിക്കുകയും ഉന്നത സ്ഥാനങ്ങൾ നൽകുകയുമാണ് സി.പി. ഐയുടെ ലൈൻ. നേരത്തെ സി.പി. ഐ അഴിമതി ആരോപണത്തിന്റെ പേരിൽ പുറത്താക്കിയ നേതാവിനെയും ഭാര്യയെയും പാർട്ടിയിലേക്ക് ആനയിച്ച സി.പി. എമ്മിനുള്ള തിരിച്ചടിയായാണ് സി.പി. ഐ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്. സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ തട്ടകത്തിൽ പാർട്ടിയെ വെല്ലുവിളിച്ച് സിപിഐ രംഗത്തുവന്നത് സിപിഎം ഗൗരവത്തോടെയാണ് കാണുന്നത്.

തളിപറമ്പിൽ സി.പി. എം- സി. പി. ഐ ബന്ധം വീണ്ടും വഷളാതോടെ അണികൾ തമ്മിൽ ഏറ്റുമുട്ടലും അരങ്ങേറുകയാണ്. സി.പി. എമ്മുകാർക്കു വേണ്ടി സി.പി. ഐ നേതാക്കളെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്ന പൊലിസ് നടപടിയിൽപ്രതിഷേധിച്ചു തിങ്കളാഴ്‌ച്ച രാവിലെ പത്തുമണിക്ക് തളിപറമ്പ് പൊലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ സി.പി. ഐ ലോക്കൽ കമ്മിറ്റിയോഗം തീരുമാനിച്ചു. സി.പി. ഐ ജില്ലാകൗൺസിൽ അംഗം കോമത്ത് മുരളീധരൻ, ലോക്കൽ കമ്മിറ്റിയംഗം എം.വിജേഷ്, മാന്ധംകുണ്ട് ബ്രാഞ്ച് അസി.സെക്രട്ടറി കെ.ബിജു എന്നിവരെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം.

സി.പി. എം പ്രവർത്തകനെ മർദ്ദിച്ചുവെന്നാരോപിച്ചു കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് സി.പി. ഐ നേതാക്കൾക്കെതിരെ പൊലിസ് കേസെടുത്തത്. സി.പി. ഐ പ്രവർത്തന ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ഭവനസന്ദർശനം നടത്തിക്കൊണ്ടിരിക്കെ അസുഖബാധിതനായി വിശ്രമിക്കുന്ന പോള മനോഹരനെകാണാൻ ചെന്നപ്പോൾ അവിടെ എത്തിയ സി.പി. എം പ്രവർത്തകൻ നവനീതിനോട് സി.പി. ഐ പ്രവർത്തകൻ സി.പി. ഐ കുടുംബസംഗമസമയത്ത് കൂവി വിളിച്ചത് ശരിയായില്ലെന്ന് പറഞ്ഞതിനാണ് മാരകായുധങ്ങളുമായി അക്രമിച്ചുവെന്ന കള്ളക്കേസുണ്ടാക്കിയതെന്ന് സി.പി. ഐ ലോക്കൽ സെക്രട്ടറി എം., രഘുനാഥ് ആരോപിച്ചു.

പ്രതിഷേധമാർച്ച് സംസ്ഥാനകൗൺസിൽ അംഗം സി.പി ഷൈജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ നേതാക്കളായ വേലിക്കാത്ത് രാഘവൻ, വി.വി കണ്ണൻ, മണ്ഡലം സെക്രട്ടറി പി.കെ മുജീബ് റഹ്‌മാൻ പ്രസംഗിക്കും. ആഭ്യന്തര വകുപ്പിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചാണ് സി.പി. ഐ മാർച്ചു നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തര വകുപ്പ് കയ്യാളുന്നത്. ഇടതു മുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷി തെന്ന പൊലിസിനെതിരെ ആക്ഷേപമുയർത്തി സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കുന്നത് ജില്ലയിൽ ആദ്യമാണ്.

മാന്ധം കുണ്ടിൽ നിന്ന് കോമത്ത് മുരളീധരന്റെ നേതൃത്വത്തിൽ ഒരുവിഭാഗം സി.പി. എം പ്രവർത്തകർ സി.പി. ഐയിൽ ചേർന്നതോടെയാണ് ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം വഷളായത്. എൽ. ഡി. എഫ് നോർത്ത് ലോക്കൽ കുടുംബസംഗമത്തിൽ നിന്ന് സി.പി. ഐ വിട്ടു നിൽക്കുന്നതിലേക്ക് വരെ പ്രശ്നമെത്തിയിരുന്നു.സി.പി. ഐയിൽ ചേർന്ന ബിജുവിന് സി.പി. എം സഹകരണ സ്ഥാപനത്തിൽ ജോലി നിഷേധിച്ചിരുന്നു.സി.പി. ഐ മാന്ധംകുണ്ട് ബ്രാഞ്ച് അസി.സെക്രട്ടറിയായി മാറിയ ബിജുവിനെ പിന്നീട് സി.പി. ഐ സ്ഥാപനത്തിൽ ജോലി നൽകുകയായിരുന്നു.സി.പി. ഐയിൽ ചേർന്ന രണ്ടാളുകളുടെ ഭാര്യമാരെ സി.പി. എം സഹകണസ്ഥാപനത്തിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

സി.പി. ഐ കണ്ണൂർ ജില്ലാ നേതാക്കൾ സി.പി. എം ഏരിയാ നേതാക്കളുമായി ബന്ധപ്പെട്ടാണ് ഇവരിൽ ഒരാളുടെ സസ്പെൻഷൻ പിൻവലിച്ചത്.തളിപറമ്പിലെ ഇരുപാർട്ടികളും തമ്മിലുള്ള തർക്കങ്ങളും തെരുവുയുദ്ധങ്ങളും ഇരുപാർട്ടികളിലെയും ജില്ലാ നേതൃത്വങ്ങൾ അനൗപചാരികമായ ചർച്ച ചെയ്തിരുന്നുവെങ്കിലും ഒത്തുതീർക്കാൻ കഴിഞ്ഞിട്ടില്ല. വിഷയത്തിൽ ഇടപെടുമെന്നു പ്രതീക്ഷിച്ചിരുന്ന എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജനും മൗനംപാലിക്കുകയാണ്.

അണികളുടെ വികാരത്തിനൊപ്പം നിൽക്കാനല്ലാതെ ഇരുപാർട്ടികളിലെയും നേതാക്കൾക്ക് വേറെ നിർവാഹമില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ ലോക്സസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഒന്നിച്ചു രംഗത്തിറങ്ങേണ്ട സാഹചര്യമുണ്ടായാൽ ഈവിഷയം തണുക്കുമെന്നാണ് പാർട്ടി നേതൃത്വങ്ങളുടെ വിലയിരുത്തൽ.