കണ്ണൂർ: സി.പി. എം വിമതനേതാവും വടകര പാർലമെന്റ് മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർത്ഥിയുമായ സി. ഒ.ടി നസീർ കോൺഗ്രസുമായി കൂടുതൽ അടുക്കുന്നു. കോൺഗ്രസ് പരിപാടികളിൽ സ്ഥിരം സാന്നിധ്യമായതോടെയാണ് സി.ഒ. ടി നസീർ പാർട്ടിയുമായി അടുക്കുന്നുവെന്ന സൂചന പുറത്തുവരുന്നത്. ഏറ്റവും ഒടുവിൽ മുൻ കണ്ണൂർ ജില്ലാകോൺഗ്രസ് അധ്യക്ഷൻ സതീശൻ പാച്ചേനിയുടെ ഒന്നാം ചരമവാർഷികദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്ത് നടന്ന സ്മൃതിമണ്ഡലം അനാച്ഛാദന ചടങ്ങിലും സി.ഒ. ടി നസീർ എത്തിയിരുന്നു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാൻ കാശുനൽകിയതും സി.ഒ.ടിനസീറായിരുന്നു. മാത്രമല്ല ഉമ്മൻ ചാണ്ടി മരണമടഞ്ഞപ്പോൾ അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചതും ശ്രദ്ധേയമായിരുന്നു. ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിയായ വേളയിൽ കണ്ണൂരിൽ നിന്നും കല്ലേറിഞ്ഞ കേസിൽ കോടതി കുറ്റാക്കാരനെന്ന് കണ്ട പ്രതികളിലൊരാളാണ് സി.ഒ. ടി.നസീർ. തലശേരി നഗരസഭാ മുൻകൗൺസിലിറും സി.പി. എം നേതാവുമായിരുന്ന സി.ഒ.ടി നസീർ പിന്നീട് ഈക്കാര്യത്തിൽ ഉമ്മൻ ചാണ്ടി കണ്ണൂരിലെത്തിയപ്പോൾ ക്ഷമചോദിച്ചത് വലിയ വാർത്തയായിരുന്നു. ഈസാഹചര്യത്തിലാണ് സി.ഒ.ടി നസീറിന്റെ പുതിയ നിലപാടുകൾ ചർച്ചയാകുന്നത്.

നാലുവർഷം മുൻപ് തലനാരിഴയ്ക്കു ജീവൻ തിരിച്ചുകിട്ടിയ സി.ഒ. ടി നസീറിനു നേരെയുള്ള അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് സി.ഒ.ടി നസീറിന്റെ നിലപാട് മാറ്റമെന്നാണ് സൂചന. ആറുദിവസം മുൻപ് രാത്രി ആയുധധാരികളായ അഞ്ചംഗസംഘം വീണ്ടും നസീറിനെ അക്രമിക്കാനെത്തിയെന്നാണ് അദ്ദേഹത്തിന്റെ പരാതി. നേരത്തെ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം രാത്രി എട്ടുമണിയോടെ തലശേരി കായ്യത്ത് റോഡിൽവെച്ചു ബൈക്കിലെത്തി തന്റെ തലയ്ക്കും കഴുത്തിനും വെട്ടിയവർ തന്നെയാണ് വീണ്ടും അക്രമിക്കാനെത്തിയതെന്നാണ് നസീർ ആരോപിക്കുന്നത്.

ഇതോടെ ചെറുതും വലുതുമായി നാലുതവണയാണ് നസീറിന് മർദ്ദനമേൽക്കെണ്ടി വന്നതെന്നാണ് നസീർ ആരോപിക്കുന്നത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് നസീറിനു നേരെ അക്രമമുണ്ടായത്. തലശേരി മിഷൻ ആശുപത്രിക്ക് സമീപം രാത്രി ഏഴരയോടെയാണ് അഞ്ചംഗസംഘം നസീറിനെ തടഞ്ഞു നിർത്തി മർദ്ദിച്ചത്. 2019-മെയ് പതിനെട്ടിനുണ്ടായ വധശ്രമക്കേസിലെ പ്രതികളായ ശിജിൽ, റോഷൻബാബു എന്നിവരുൾപ്പെടുന്നവരാണ് അക്രമികളെന്നും ഇവർക്കെതിരെ പരാതി നൽകിയിട്ടും പൊലിസ് അറസ്റ്റു ചെയ്യുന്നില്ലെന്നാണ് നസീർ പറയുന്നത്.

നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് തന്റെ ജീവൻ രക്ഷിച്ചതെന്നാണ്നസീർ ചൂണ്ടിക്കാട്ടുന്നത്. തലശേരി ടൗൺ പൊലിസ് പ്രതികളെ സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്ന വഴി ഇറക്കിവിട്ടതായും നസീർ ആരോപിച്ചു. സംഭവത്തിൽ താൻ നൽകിയ പരാതി പോലും സ്വീകരിക്കാതെ വനിതാ എസ്. ഐ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സി.ഒ. ടി നസീർ എസ്. എച്ച്.ഒയ്ക്കും തലശേരി ഡി.വൈ. എസ്‌പിക്കും പരാതി നൽകിയിട്ടുണ്ട്.

സി.പി. എമ്മുമായി ഉടക്കി പുറത്തുപോയതിനു ശേഷം കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിൽ വടകരയിൽ നിന്നും സ്വതന്ത്രസ്ഥാനാർത്ഥിയായി സി.ഒ.ടി നസീർ മത്സരിച്ചിരുന്നു. 2019-മെയ് 18-ന് നടന്ന വധശ്രമത്തിന് പുറമേ ഏപ്രിലിൽ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മേപ്പയൂരിലും 2021-ൽ തലശേരി ലോട്ടസ് ഓഡിറ്റോറിയത്തിന് മുൻപിലുമാണ് നേരത്തെ നടന്ന രണ്ടു അക്രമങ്ങൾ. ഏറ്റവും ഒടുവിൽ നടന്ന അക്രമമൊഴികെ എല്ലാം സി.പി. എം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സി.ഒ.ടി നസീർ പ്രതികരിച്ചു.

നിരന്തരം തന്നെ ആവർത്തിച്ചാലും സാമൂഹ്യപ്രവർത്തനവുമായി മുൻപോട്ടുപോവാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോൺഗ്രസ് വേദികളിൽ സി.ഒ.ടി നസീർ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹത്തിന്റെ ചുവടുമാറ്റമല്ലെന്നും വ്യക്തിബന്ധങ്ങൾ കാരണമാണെന്ന സൂചനയും ലഭിക്കുന്നുണ്ട്.