- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'തീവ്രവാദിയാക്കാൻ ഭരണകൂടം ശ്രമിച്ചു; എന്റെ അവസ്ഥയ്ക്ക് കാരണം ഇവിടുത്തെ സിസ്റ്റവും എസ് എഫ് ഐയും'; ഉറക്കഗുളിക അമിതമായി കഴിച്ച് അലൻ ഷുഹൈബ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസ് പ്രതി അലൻ ഷുഹൈബിനെ അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ എറണാകുളത്തെ ഫ്ലാറ്റിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് സംഭവം. അവശനിലയിലായിരുന്ന അലനെ ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് നിലവിൽ അദ്ദേഹം.
അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിലാണ് അലൻ ഷുഹൈബിനെ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആത്മഹത്യാ ശ്രമമാണെന്നാണ് നിലവിൽ പൊലീസ് നൽകുന്ന വിവരം. ഏകദേശം 30-ലധികം ഉറക്കഗുളിക അലൻ കഴിച്ചതായും പൊലീസ് പറയുന്നു. എന്നാൽ, അവശനിലയിലായിരുന്നാൽ അലന്റെ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല.
ഇതുസംബന്ധിച്ച് അലൻ സുഹൃത്തുക്കൾക്ക് കത്തയച്ചതായും വിവരമുണ്ട്. ഈ സിസ്റ്റമാണ് തന്റെ അവസ്ഥയ്ക്ക് കാരണമെന്ന് അലൻ കത്തിൽ സൂചിപ്പിച്ചിരുന്നു. കേസിന്റെ വിചാരണ നീണ്ടുപോയാൽ അത് പഠനത്തെ ബാധിക്കുമെന്ന ആശങ്ക അലന് ഉണ്ടായിരുന്നതായും സുഹൃത്തുക്കൾ വ്യക്തമാക്കി. പന്തീരാങ്കാവ് യു.എ.പി.എ കേസിൽ നിലവിൽ വിചാരണ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിയാണ് അലൻ ഷുഹൈബ്. കോഴിക്കോട് സ്വദേശിയാണ്.
'സിസ്റ്റവും എസ്.എഫ്.ഐയുമാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന്' അലൻ ഷുഹൈബ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമാണ് അലൻ വാട്സ്ആപ്പ് വഴി കുറിപ്പ് അയച്ചത്. തന്നെ തീവ്രവാദി ആക്കാൻ സിസ്റ്റം ശ്രമിക്കുന്നുവെന്നും വിമർശിക്കുന്നു. തന്റെ ജീവിതം കൊണ്ട് അമ്മാനമാടുകയാണെന്നും കുറിപ്പിൽ പറയുന്നു. അതേസമയം, അലന്റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
കൊച്ചി ഇടച്ചിറ എന്ന സ്ഥലത്തെ ഫ്ളാറ്റിൽ അവശനിലയിൽ കണ്ടതിനെ തുടർന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അലൻ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണത്തിന്റെ കാലത്ത് താൻ കൊഴിഞ്ഞുപോയ പൂവെന്നും അലൻ സുഹൃത്തുക്കൾക്കയച്ച ദീർഘമായ കുറിപ്പിൽ എഴുതിയിട്ടുണ്ട്.
നിരോധിത പ്രവർത്തനം തടയൽ നിയമത്തിലെ (യുഎപിഎ) സിപിഎം നിലപാടു മാറ്റത്തിലൂടെയാണ് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ചർച്ചയായത്. 2019 നവംബർ ഒന്നിനാണ് സിപിഎം പ്രവർത്തകരായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കരിനിയമം എന്നു സിപിഎം വിശേഷിപ്പിച്ചിരുന്ന യുഎപിഎ ചുമത്തിയതിനെതിരെ പ്രതിഷേധമുയർന്നെങ്കിലും തിരുത്താൻ പൊലീസും സർക്കാരും തയാറായില്ല.
സിപിഎം ജില്ലാ ഘടകത്തിലെ ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് അനുകൂലമായി രംഗത്തെത്തിയെങ്കിലും മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞതോടെ മറ്റു വഴിയില്ലാതായി. ഇരുവരെയും പാർട്ടിയിൽ നിന്നു പുറത്താക്കി. യുഎപിഎ ചുമത്തിയതിനാൽ കേസ് എൻഐഎ ഏറ്റെടുത്തു. ഇതിനെതിരെ സർക്കാർ കത്തു നൽകിയെങ്കിലും ഫലമുണ്ടായില്ല. യുഎപിഎ ചുമത്തി എൻഐഎക്കു വഴിയൊരുക്കിയത് സർക്കാർ തന്നെയാണെന്ന ആരോപണം ബാക്കിയായി.
10 മാസത്തെ ജയിൽവാസത്തിനു ശേഷം സെപ്റ്റംബർ 9ന് അലനും താഹയ്ക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു. ഇരുവർക്കുമെതിരെ അന്വേഷണ ഏജൻസികൾ ഉയർത്തിയ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു കോടതി ജാമ്യം നൽകിയത്. ഇരുവരും മാവോയിസ്റ്റ് ആശയങ്ങളിൽ ആകർഷിക്കപ്പെട്ടിരിക്കാം എന്നല്ലാതെ മാവോയിസ്റ്റ് സംഘടനയുമായോ ഏതെങ്കിലും ഭീകരപ്രവർത്തനവുമായോ ബന്ധമുണ്ടെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നു വിധിയിൽ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ കഴിഞ്ഞ വർഷം നവംബറിൽ കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ റാഗിങ്ങിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ 3 വിദ്യാർത്ഥികൾക്കു പരുക്കേറ്റ സംഭവത്തിൽ അലൻ ഷുഹൈബിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ജാമ്യത്തിലിരിക്കെ പുതിയ ക്രിമിനൽ കേസിൽ പ്രതിയായത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അലന്റെ ജാമ്യം റദ്ദാക്കണമെന്ന് എൻഐഎ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുവദിച്ചില്ല.
മറുനാടന് മലയാളി ബ്യൂറോ