- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ വിവാദപരാമർശം നടത്തിയ പാനൂർ നഗരസഭാ സെക്രട്ടറി തൽസ്ഥാനത്ത് തുടരും; സർക്കാർ ഉത്തരവ് തിരിച്ചടിയായത് മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയ്ക്ക്; സി.പി. എം ഇരട്ടത്താപ്പുകാണിക്കുന്നുവെന്ന് ലീഗ് നേതൃത്വം
കണ്ണൂർ: പാനൂരിലെ മുസ്ലിം ലീഗ് നേതൃത്വത്തെയും നഗരസഭാ യു.ഡി. എഫ് ഭരണസമിതിയെയും വെല്ലുവിളിച്ച് നഗരസഭാ സെക്രട്ടറി പ്രവീൺ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു. പാനൂർ നഗരസഭാ ചെയർമാനും മുസ്ലിം ലീഗ് നേതാക്കൾക്കുമെതിരെ മറ്റൊരു ജീവനക്കാരനുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ വിവാദ, വിദ്വേഷ പരാമർശം നടത്തുകയും നഗരസഭാ ഭരണസമിതിക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത പാനൂർ നഗരസഭാ സെക്രട്ടറി എ. പ്രവീണാണ് തൽസ്ഥാനത്ത് നിലനിർത്തിയ സർക്കാർ ഉത്തരവുകൊണ്ടു മുസ്ലിം ലീഗ് നേതൃത്വത്തിന് പ്രഹരമേൽപ്പിച്ചത്.
മാനന്തവാടിയിലേക്ക് ഇദ്ദേഹത്തെ അച്ചടക്കനടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരുന്നുവെങ്കിലും പിന്നീട് നവകേരളാസദസിന്റെ ഭാഗമായി തൽസ്ഥാനത്തു തന്നെ നിലനിർത്തുകയായിരുന്നു.സ്ഥലം മാറ്റത്തിനെതിരെ എ. പ്രവീൺ ട്രിബ്യൂണലിനെ സമീപിച്ചു സ്റ്റേ വാങ്ങുകയും ജില്ലയിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് അപേക്ഷിക്കുകയുമായിരുന്നു. തന്റെ ശാരീരിക പ്രശ്നങ്ങളും 2024-മെയ് മാസം വിരമിക്കൽ കാലാവധിയും ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറി അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണിലിൽ സ്ഥലം മാറ്റം റദ്ദുചെയ്യാൻ വാദഗതികൾ ഉന്നയിച്ചത്. ഇതിൻ മേൽ തീരുമാനമെടുക്കാൻ സർക്കാരിന് ഒരു മാസത്തെ സമയം ട്രിബ്യൂണൽ നൽകുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്നാണ് തദ്ദേശസ്വയംഭരണ അണ്ടർസെക്രട്ടറി ഡോ. കെ.മഞ്ജു നഗരസഭാസെക്രട്ടറിയെ ജില്ലയിൽ മറ്റുസ്ഥലങ്ങളിലേക്ക് ഒഴിവുവരുന്നതു വരെ പാനൂർ നഗരസഭയിൽ തന്നെ നിലനിർത്തി ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാരിന്റെ ഈ തീരുമാനം യു.ഡി. എഫിനും ഭരണസമിതിക്കുംകനത്ത തിരിച്ചടിയായിട്ടുണ്ട്.മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ വിദ്വേഷ പരാമർശംനടത്തിയ നഗരസഭാ സെക്രട്ടറിയെ വഴിയിൽ തടയുമെന്ന് പ്രഖ്യാപിച്ചു നിരവധി സമരപരിപാടികൾ യൂത്ത് ലീഗും യുഡി എഫും നടത്തിയിരുന്നു. ഇതു എൽ. ഡി. എഫ് സർക്കാരിനെ സ്വാധീനിച്ചു സെക്രട്ടറി നേടിയ ആനുകൂല്യമാണെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് യു. ഡി. എഫ് നേതാക്കൾ പ്രതികരിച്ചു.
പാനൂർ നഗരസഭാ ചെയർമാനെതിരെ വിവാദപരാമർശം നടത്തിയ പാനൂർ നഗരസഭാ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാതെ സി.പി. എം ഇരട്ടത്താപ്പുകാണിക്കുകയാണെന്ന് മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.കെ ഷാഹുൽഹമീദ് പാനൂരിൽ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ഓഫീസിൽ ഇന്ന് പറഞ്ഞു. ഒരുവശത്ത് സെക്രട്ടറിയെ പുറത്താക്കാൻ നഗരസഭാ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെടുകയും മറുവശത്ത് സംരക്ഷിക്കുകയുമാണ് സി. പി. എമ്മും സർക്കാരും ചെയ്യുന്നത്. നിയമവഴികളിൽ സർക്കാർസെക്രട്ടറിക്ക് അനുകൂലമായി നിൽക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് നവകേരളസദസിന്റെ മുഖ്യകാർമികത്വം നൽകിയത്.സി.പി. എമ്മിന്റെ ഇരട്ടത്താപ്പു തുറന്നുകാണിക്കാൻ വരും ദിവസങ്ങളിൽ മതനിരപേക്ഷ ശക്തികളെ ഉൾപ്പെടുത്തി. അതിശക്തമായ പ്രക്ഷോഭപരിപാടികൾ മുസ്ലിം ലീഗ് നടത്തുമെന്ന് പി.കെ ഷാഹുൽ ഹമീദ് പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്