കണ്ണൂർ: വിനോദയാത്രയ്ക്കിടെ ലോക്കൽ കമ്മിറ്റിയംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും മദ്യപിച്ചതായുള്ള ആരോപണത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിക്കാൻ സി.പി. എം തീരുമാനം. സി.പി. എം മാടായി ഏരിയാകമ്മിറ്റിയുടെ കീഴിലുള്ള ലോക്കൽ കമ്മിറ്റിയിലാണ് സംഭവം. പാർട്ടി അംഗങ്ങളുള്ള വാട്സ് ഗ്രൂപ്പുകളിൽ വിനോദയാത്രയുടെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിൽ ചിലതിലാണ് വിനോദയാത്രയ്ക്കു ഹരം കൂട്ടാൻ പ്രാദേശിക നേതാക്കൾ മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുള്ളത്. ഇതു പാർട്ടിക്കുള്ളിലെ കടുത്ത സദാചാര വാദികളായ ഒരുവിഭാഗമാളുകൾ പാർട്ടിവേദികളിൽ ഉന്നയിക്കുകയും വിവാദമാവുകയുമായിരുന്നു.

ഇതേ തുടർന്നാണ് പാർട്ടി ഏരിയാ നേതൃത്വം അന്വേഷണം നടത്താൻ തീരുമാനിച്ചത്. പാർട്ടി ജില്ലാ നേതൃത്വവും ഈക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം വിളിച്ചുകൂട്ടിയ ചെറുതാഴം വെസ്റ്റ് ലോക്കൽ കമ്മിറ്റി യോഗത്തിലാണ് ജില്ലാ, ഏരിയാ നേതാക്കൾ ഈക്കാര്യത്തിൽ അന്വേഷണമുണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. പാർട്ടി ഭാരവാഹികൾ ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയതെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. ഏരിയാസെക്രട്ടറി വി.വിനോദ്, ജില്ലാകമ്മിറ്റിയംഗം കെ.പത്മനാഭൻ, മുതിർന്നഏരിയാകമ്മിറ്റിയംഗങ്ങളായ ഒ.വി നാരായണൻ, പി.പിദാമോദരൻ,തുടങ്ങിയവരാണ് ഈക്കാര്യം ചർച്ച ചെയ്യുന്നതിന് വിളിച്ച അടിയന്തിര ലോക്കൽ കമ്മിറ്റി യോഗത്തിൽ മേൽകമ്മിറ്റി പ്രതിനിധികളായി പങ്കെടുത്തത്.

ചെറുതാഴം, ചെറുതാഴം ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളിൽ പ്രവർത്തിക്കുന്ന പ്രാദേശിക നേതാക്കളാണ് ആരോപണകുടുക്കിൽ ഉൾപ്പെട്ടത്. സംഭവം പാർട്ടിതലത്തിൽ ഒതുക്കി തീർക്കാണ് ശ്രമമുണ്ടായിരുന്നുവെങ്കിലും ഈസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ ഒരു മുൻസെക്രട്ടറി, മുൻഅംഗം എന്നിവർ ആരോപണ വിധേയർക്കെതിരെ പാർട്ടിതലത്തിൽ നടപടി വേണമെന്ന് ഉറച്ചു നിന്നതോടെയാണ് ഏരിയാകമ്മിറ്റിയുടെ ഇടപെടലുണ്ടായിരിക്കുന്നത്.

അതേ സമയം പാർട്ടിക്ക് മുൻപിൽ ഇങ്ങനെയൊരു വിഷയം ഉയർന്നുവന്നിട്ടില്ലെന്നും ഈക്കാര്യത്തിൽ അന്വേഷണം നടത്താൻതീരുമാനിക്കുകയോചെയ്തിട്ടില്ലെന്ന് ഏരിയാസെക്രട്ടറി വി.വിനോദ് അറിയിച്ചു. ഒരുസഹകരണബാങ്കിലെ ജീവനക്കാരുൾപ്പെടെയുള്ളവരാണ് വാർഷിക വിനോദയാത്ര സംഘടിപ്പിച്ചത്.