തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ പ്രഖ്യാപനത്തെ എതിർത്ത് ഭരണകക്ഷി എംഎൽഎയായ വി.കെ.പ്രശാന്ത് രംഗത്ത്. ഇലക്ട്രിക് ബസുകൾ നയപരമായ തീരുമാനമാണെന്നും നഗരവാസികൾ ഇതിനോടകം സ്വീകരിച്ചെന്നും പ്രശാന്ത് ഫേസ്‌ബുക്കിൽ കുറിച്ചു. ഈ സർവീസുകൾ ലാഭകരമാക്കുകയും കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കുകയുമാണ് കെഎസ്ആർടിസി ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം സോളാർ നഗരമാക്കാനും, ഇലക്ട്രിക് ബസുകൾ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകൾ നഗരവാസികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിനെ ലാഭകരമാക്കാനും, കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കുകയുമാണ് കെ.എസ്.ആർ.ടി.സി. ചെയ്യേണ്ടത്- എന്നായിരുന്നു വി.കെ. പ്രശാന്ത് എംഎ‍ൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇലക്ട്രിക് ബസിന്റെ സേവനം ജനങ്ങൾക്ക് നന്നായി ലഭിക്കുന്നു. സർക്കാർ നിശ്ചയിച്ചതിന്റെ ഭാഗമായി പത്തുരൂപ കൊടുത്ത് ജനങ്ങൾ ആ വാഹനം ഉപയോഗിക്കുകയാണ്. അപ്പോഴാണ് ഇത്തരം ഒരു നിലപാട് മാറ്റത്തിലേക്ക് എത്തുന്നത്. അത് യോജിക്കാൻ പറ്റുന്ന കാര്യമല്ല. ലാഭകരമല്ലാത്തതുകൊണ്ടാണ് ഇതുമാറ്റുന്നത് എന്നാണ് മനസ്സിലാക്കുന്നത്.

എന്നാൽ ഇത്രയും നാൾ ലാഭകരമാണ് എന്ന കണക്കുകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. ലാഭകരമല്ലെങ്കിൽ ലാഭകരമാക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യണം. സർക്കാരിന്റെ നയം എന്നത്, ഇലക്ട്രോണിക് വാഹനം ഉപയോഗിക്കുക, മലിനീകരണം കുറക്കുക എന്നതാണ്. അത് തിരുവനന്തപുരം നഗരത്തിലാണ് നടപ്പിലാക്കാൻ ഏറ്റവും അനുയോജ്യം - വി.കെ. പ്രശാന്ത്് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇലക്ട്രിക് ബസുകൾ ഇനി വാങ്ങില്ലെന്ന പ്രഖ്യാപനവുമായി കെ.ബി. ഗണേശ് കുമാർ രംഗത്തുവന്നത്. ഇലക്ട്രിക് ബസ് എത്രനാൾ പോകും എന്ന കാര്യം ഉണ്ടാക്കിയവർക്കും അറിയില്ല എനിക്കും അറിയില്ല. അതാണ് യാഥാർഥ്യം. ഡീസൽ വണ്ടി വാങ്ങുമ്പോൾ 24 ലക്ഷം രൂപ കൊടുത്താൽ മതി. ഇതിന് ഒരു കോടി രൂപ കൊടുക്കണം. ഈ ഒരു വണ്ടിയുടെ വിലക്ക് 4 ഡീസൽ വണ്ടികൾ വാങ്ങിക്കാം. അപ്പോൾ നാട്ടിൽ ഇഷ്ടം പോലെ വണ്ടികാണും. കെ.എസ്.ആർ.ടി.സിയുടെ ചെലവ് പരമാവധി കുറച്ച്, വരവ് വർധിപ്പിച്ചാൽ മാത്രമേ കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിൽ ഉണ്ടാകൂ. നിലവിൽ കെ.എസ്.ആർ.ടി.സിക്ക് ശമ്പളം കൊടുക്കുന്നതും പെൻഷൻ കൊടുക്കുന്നതും സംസ്ഥാന സർക്കാരാണ്. കെ.എസ്.ആർ.ടി.സിയുടെ ചെറിയ ചെറിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കെ.എസ്.ആർ.ടി.സിയുടെ തനതായ ഫണ്ട് വേണം- എന്നായിരുന്നു ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞത്.

814 കോടി രൂപയാണ് ബസ് വാങ്ങുന്നതിന് കിഫ്ബി വായ്പ അനുവദിച്ചത്. ഈ പണം ഉപയോഗിച്ച് 500 ഇലക്ട്രിക് ബസുകൾ വാങ്ങുമെന്നാണ് സർക്കാർ നാലുവർഷമായി പറഞ്ഞിരുന്നത്. വാങ്ങുന്നത് ഹരിതോർജ ബസുകളായിരിക്കണം എന്നായിരുന്നു കിഫ്ബിയുടെ നിബന്ധന.

ആദ്യം വാങ്ങിയ 50 ഇലക്ട്രിക് ബസുകളാണ് തിരുവനന്തപുരം നഗരത്തിലെത്തിയത്. ബാക്കി ബസുകൾ വാങ്ങുന്നതിന് വായ്പ സംബന്ധിച്ച് മന്ത്രിതല ചർച്ച നടന്നു. അടുത്ത ഘട്ടത്തിൽ വീണ്ടും 500 ഇലക്ട്രിക് ബസുകൾ കൂടി വാങ്ങുമെന്നായിരുന്നു പ്രഖ്യാപനം. 950 ഇലക്ട്രിക് ബസുകൾ ലഭിക്കുന്ന പ്രധാനമന്ത്രി ഇസേവാ ബസ് പദ്ധതിയും പുതിയ നിലപാട് മൂലം അനിശ്ചിതത്വത്തിലാകും.

തലസ്ഥാന നഗരത്തിൽ ഓടുന്ന 113 ഇലക്ട്രിക് ബസുകൾ സ്മാർട്‌സിറ്റി പദ്ധതി വഴി ലഭിച്ചതാണ്. ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിന് 100 കോടിയാണ് സ്മാർട്‌സിറ്റി പദ്ധതി നൽകിയത്. പൂർണമായും ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്ന നഗരമാകും തിരുവനന്തപുരം എന്നായിരുന്നു മന്ത്രിയായിരുന്നപ്പോൾ ആന്റണി രാജുവിന്റെ പ്രഖ്യാപനം.