കൊച്ചി: ഹേമ റിപ്പോര്‍ട്ട് ദുരൂഹവും ഏകപക്ഷീയമാണെന്നും സിനിമയെ ഒന്നടങ്കം മോശമാക്കരുതെന്നും ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്. ഏകപക്ഷീയമായ റിപ്പോര്‍ട്ടാണിതെന്നും സിനിമയില്‍ സജീവമല്ലാത്തവരെ പറഞ്ഞു പഠിപ്പിച്ച് പറയിപ്പിച്ചതാണെന്നുമാണ് സജി നന്ത്യാട്ടിന്റെ വാദം.

ഡബ്ല്യുസിസിയിലെ പ്രധാന നടി തന്നെ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പറഞ്ഞു. എല്ലാ മേഖലയിലും ഉള്ള പ്രശ്‌നങ്ങള്‍ തന്നെയാണ് സിനിമ മേഖലയിലും ഉള്ളതെന്നും സജി നന്ദ്യാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.

പതിനായിരക്കണക്കിന് പേര് പ്രവര്‍ത്തിക്കുന്ന മേഖലയാണിത്. എല്ലാവരുടെയും സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പറയാന്‍ പറ്റില്ല. ഐസിസിയില്‍ പരാതികള്‍ വന്നിട്ടില്ലെന്നും സജി നന്ദ്യാട്ട് പറഞ്ഞു. ഹേമ കമ്മിറ്റി ചര്‍ച്ച ജനറല്‍ ബോഡി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം ചര്‍ച്ചയായതോടെ ഫിലിം ചേംബര്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ പ്രതികരണവുമായി രംഗത്ത് വന്നു. സജി നന്ത്യാട്ടിന്റെ പ്രസ്താവന ഫിലിം ചേംബറിന്റേതല്ല. അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചര്‍ച്ചവേണം. ഇന്നത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും- എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. യോഗത്തിന് ശേഷം ഫിലിം ചേംബറിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് ബി ആര്‍ ജേക്കബും പ്രതികരിച്ചു. പരാതികള്‍ ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. റിപ്പോര്‍ട്ട് വായിച്ചിട്ടില്ല. അതുകൊണ്ട് ഒന്നും അറിഞ്ഞിട്ടില്ലെന്നും ബിആര്‍ ജേക്കബ്ബ് പറഞ്ഞു.

ഇന്നത്തെ ചേംബര്‍ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചക്ക് വന്നിട്ടില്ല. ജനറല്‍ ബോഡി മീറ്റിംഗില്‍ അംഗങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ വിഷയം ചര്‍ച്ച ചെയ്യും. പുകമറയില്‍ നിന്ന് ചര്‍ച്ച ചെയ്യാനില്ല. സിനിമ ഷൂട്ടിംഗ് സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഫിലിം ചേംബര്‍ ആവശ്യമായ പരിശോധന നടത്താറുണ്ടെന്നും ബിആര്‍ ജേക്കബ്ബ് പറഞ്ഞു.