ഹരിപ്പാട്: ആലപ്പുഴ ചിങ്ങോലി പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചു. പത്മശ്രീ ശിവദാസനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. കോൺഗ്രസ് ഗ്രൂപ്പിസത്തെ തുടർന്ന് നഷ്ടമായ ഭരണമാണ് തിരിച്ചു പിടിക്കുന്നത്. കെപിസിസി നേതൃത്വത്തിന്റെ അടക്കം ഇടപെടലിലാണ് അധികാരം തിരിച്ചു പിടിക്കുന്നത്.

ജി.സജിനിയാണ് വൈസ് പ്രസിഡന്റ്. യുഡിഎഫിന് ഏഴ് അംഗങ്ങളും എൽഡിഎഫിന് ആറ് അംഗങ്ങളുമാണുള്ളത്. പ്രസിഡന്റ് തെരഞ്ഞടുപ്പിൽ പത്മശ്രീ ശിവദാസനെതിരെ സിപിഎമ്മിലെ അശ്വതി തുളസിയാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് തെരഞ്ഞടുപ്പിൽ ജി. സജിനിക്ക് എതിരായി സിപിഐയിലെ എ. അൻസിയയും മത്സരിച്ചു. ഇരുവരും. ആറിനെതിരെ ഏഴു വോട്ടുകൾ നേടിയാണ് വിജയിച്ചത്. 2020ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 13ൽ ഏഴു വാർഡിൽ കോൺഗ്രസാണ് വിജയിച്ചത്. മൂന്ന് സിപിഎം, രണ്ടു സിപി ഐ , ഒരു ഇടതു സ്വതന്ത്രയുമാണ് വിജയിച്ചത്. പീന്നീട് കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തെ തുടർന്ന് യുഡിഎഫിന് ഭരണം നഷ്ടപ്പെടുകയായിരുന്നു.

കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ ജി. ഓമനക്കുട്ടനായിരുന്നു വരണാധികാരി. കഴിഞ്ഞമാസം 24-നാണ് പ്രസിഡന്റായിരുന്ന അശ്വതി തുളസിയെയും വൈസ് പ്രസിഡന്റ് എ. അൻസിയയെയും കോൺഗ്രസ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. അധികാരത്തിലെത്തിയിട്ടും രണ്ടേകാൽ വർഷത്തിനു ശേഷം നേതൃസ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കംമൂലം കോൺഗ്രസ് ഭരണം നഷ്ടപ്പെടുത്തികളയുകയായിരുന്നു. ആദ്യ രണ്ടു വർഷം ജി.സജിനിയും തുടർന്നുള്ള മൂന്നു വർഷം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണായിരുന്ന പത്മശ്രീ ശിവദാസനും പ്രസിഡന്റു സ്ഥാനം പങ്കുവെക്കാമെന്ന ധാരണയാണ് കോൺഗ്രസിനുള്ളിലുണ്ടായിരുന്നത്.

2022 ഡിസംബർ 31-നകം ജി.സജിനി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടതായിരുന്നു. ആദ്യ മൂന്നു വർഷം എസ്. സുരേഷ് കുമാറും(ബിനു) അടുത്ത രണ്ടു വർഷം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. അനീഷും വൈസ് പ്രസിഡന്റ് സ്ഥാനം പങ്കിടാനുമുള്ള തീരുമാനവുമുണ്ടായിരുന്നു. പിന്നീട്, പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് ഭരണം കൈവിട്ടുകളയുന്നതിന് കാരണമായത്. ജി. സജിനിയെയും വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാറിനെയും കഴിഞ്ഞ വർഷം മാർച്ചിലാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്.

സ്വന്തം പ്രസിഡന്റിനെതിരെ കോൺഗ്രസ് തന്നെ മുൻകൈയെടുത്തു കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഇടതു അംഗങ്ങളും പിന്തുണച്ചതോടെയാണ് അന്ന് പാസായത്. തുടർന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നാലു അംഗങ്ങൾ വോട്ട് അസാധുവാക്കി ഭരണം കൈവിട്ടുകളഞ്ഞു. ഇത് പാർട്ടിക്കുള്ളിൽ നടപടികൾക്ക് കാരണമായി. ഒരു വർഷത്തോളം നീണ്ടു നിന്ന സമവായ ചർച്ചയ്ക്ക് ഒടുവിലാണ് അധികാരം തിരിച്ചു പിടിക്കാനായത്.