- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുക്കുന്നു
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർത്ഥി സംഘടനകൾ. തിരുവനന്തപുരത്ത് ഔദ്യോഗിക വസതിക്ക് മുന്നിൽ വിദ്യാഭ്യാസ മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ തടഞ്ഞു. മന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ പ്രവർത്തകർ മന്ത്രിയുടെ കാറിലും കരിങ്കൊടി കെട്ടി. മന്ത്രി രാജി വെയ്ക്കണമെന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം.
സുരക്ഷാവീഴ്ചയല്ലേ എന്ന ചോദ്യത്തിന് നിങ്ങളും കണ്ടതല്ലേയെന്ന് മന്ത്രിയുടെ പ്രതികരണം. പ്രതിഷേധിക്കുന്നവർ പ്രതിഷേധിക്കട്ടെയെന്നാണ് മന്ത്രി പ്രതികരിച്ചത്.. പ്രതിഷേധത്തെ ചോദ്യം ചെയ്യുന്നില്ലെന്നും ഇത് അവരുടെ സമര രീതിയാണെന്നും പറഞ്ഞ അദ്ദേഹം പ്രതിഷേധത്തിനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും പറഞ്ഞു. എന്നാൽ മലബാറിൽ പ്ലസ് വൺ സീറ്റിൽ പ്രതിസന്ധിയില്ലെന്നും എല്ലാവരും കണക്ക് നോക്കൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ സർക്കാരിനെ വെട്ടിലാക്കി എസ്എഫ്‌ഐയും സമരത്തിന് ഇറങ്ങുകയാണ്. അധിക പ്ലസ് വൺ ബാച്ച് ആവശ്യപ്പെട്ട് എസ്എഫ്‌ഐ നാളെ മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. നിലവിൽ സമരമുഖത്തുള്ള എംഎസ്എഫ് ഉൾപ്പെടെ പ്രതിഷേധം കടുപ്പിക്കുകയാണ്. ആവശ്യമെങ്കിൽ സമരം ഏറ്റെടുക്കുമെന്ന് മുസ്‌ലിം ലീഗ് അറിയിച്ചു. പ്രതിഷേധം തണുപ്പിക്കാൻ വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ചൊവ്വാഴ്ച ചർച്ച നടത്തും
മലബാർ ജില്ലകളിൽ ആവശ്യത്തിന് പ്ലസ് വൺ സീറ്റുണ്ടെന്ന് പറഞ്ഞ മന്ത്രി ശിവൻകുട്ടിക്കുള്ള മറുപടിയാണ് എസ്എഫ്‌ഐ മലപ്പുറം കലക്ടറേറ്റിലേക്ക് നാളെ പ്രഖ്യാപിച്ച സമരം. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ എസ്എഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് മാർച്ച് പ്രഖ്യാപിച്ചത്. സംസ്ഥാന നേതാക്കളും സമരത്തിൽ ഭാഗമാവും. അധിക സീറ്റുകളല്ല, അധികബാച്ചുകളാണ് വേണ്ടതെന്നാണ് എസ്എഫ്‌ഐ യുടെ ആവശ്യം. എംഎസ്എഫ് നേതാക്കളെ റിമാൻഡ് ചെയ്തതിനു പിന്നാലെ പ്ലസ് വൺ സമരത്തെ അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആക്ഷേപവുമായ സംസ്ഥാന നേതൃത്വം രംഗത്തെത്തി
എസ്എഫ്‌ഐ കൂടി സമരം ആരംഭിച്ചതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലാവുകയാണ്. മുഖ്യ അലോട്ട്‌മെന്റുകളെല്ലാം പൂർത്തിയായപ്പോഴും മലപ്പുറം ജില്ലയിൽ മാത്രം 32432 കുട്ടികൾക്ക് ഇനിയും പ്രവേശനം ലഭിക്കാൻ ബാക്കിയുണ്ട്. ചൊവ്വാഴ്ച നടക്കുന്ന യൂത്ത്‌ലീഗ് സമരത്തിന് ശേഷവും അനുകൂല തീരുമാനം ഇല്ലെങ്കിൽ പ്ലസ് വൺ സമരം മുസ്ലിം ലീഗ് ഏറ്റെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ജയിലിൽ കഴിയുന്ന എംഎസ്എഫ് നേതാക്കളെ മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു. അതേ സമയം റാങ്ക് ജേതാക്കളെ സെക്രട്ടറിയേറ്റിന് മുന്നിൽ അണിനിരത്തി സമരം ചെയ്യുമെന്ന് എം എസ് എഫ് അറിയിച്ചു.
അപേക്ഷകരുടെ എണ്ണം കുറച്ച് കാണിച്ച് പ്ലസ് വൺ സീറ്റ് ക്ഷാമമില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പുതിയ വാദം പൊളിയുകയാണ്. മലപ്പുറം ജില്ലയിലെ ആകെ അപേക്ഷകരുടെ എണ്ണം കുറച്ചുള്ള വിശദീകരണം എസ്എഫ്‌ഐ പോലും അംഗീകരിക്കുന്നില്ല. മിടുക്കർ പോലും സീറ്റ് കിട്ടാതെ പുറത്തായതോടെ വിദ്യാഭ്യാസ മന്ത്രിയെ തള്ളി എസ്എഫ്‌ഐയും സമരം ചെയ്യാൻ നിർബന്ധിതരായി. സീറ്റ് കിട്ടാത്ത ഉയർന്ന റാങ്കുകാരെ സെക്രട്ടറിയേറ്റിന് മുന്നിലെത്തിച്ച് സമരം ചെയ്യുമെന്നാണ് എംഎസ്എഫ് നിലപാട്.
ഇടത് വിദ്യാർത്ഥി സംഘടനകൾ പോലും സമരത്തിന് ഇറങ്ങിയതോടെയാണ് വിദ്യാഭ്യാസ മന്ത്രി ചർച്ചക്ക് വിളിച്ചത്. മറ്റ് ജില്ലകളിൽ കുട്ടികൾ കുറവായ ബാച്ചുകൾ മലബാറിലേക്ക് മാറ്റുകയാണ് ഇനിയുള്ള പോംവഴി. കുട്ടികൾ കുറവായ 129 ബാച്ചുകൾ മറ്റ് ജില്ലകളിലുണ്ട്. ബാച്ച് ട്രാൻസ്ഫറിന് പുറമെ മലപ്പുറത്ത് അടക്കം ഇനിയും താൽക്കാലിക ബാച്ച് അനുവദിക്കാനും സർക്കാർ തയ്യാറാകുമോ എന്നാണ് വിദ്യാർത്ഥികൾ കാത്തിരിക്കുന്നത്. അൺ എയ്ഡഡ് സ്‌കൂളുകളിലെയും ഐടിഐയിലെയും പോളി ടെക്‌നിക്കിലെയും സീറ്റുകൾ ചേർത്ത് മലബാറിൽ ആവശ്യത്തിന് സീറ്റുണ്ടെന്നായിരുന്നു മന്ത്രിയുടെ ആദ്യ നിലപാട്. പിന്നീടാണ് അപേക്ഷകരുടെ എണ്ണം കുറച്ചുള്ള പുതിയ വാദം കൊണ്ടുവന്നത്.