- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടെ പ്രചാരണത്തില്‍ പ്രിയങ്ക ഗാന്ധി സജീവമാകും; നാമനിര്‍ദ്ദേശ പത്രിക 25ന് മുമ്പ് സമര്‍പ്പിക്കും; കന്നിയങ്കത്തില്‍ പിന്തുണയ്ക്കാന്‍ രാഹുല്‍ വയനാടെത്തും; മുന്നൊരുക്കം വിലയിരുത്തി യുഡിഎഫ് നേതൃയോഗം
രാഹുല്‍ ഗാന്ധിയും വയനാട് മണ്ഡലത്തിലെ പ്രചാരണത്തില്‍ സജീവമാകും
കല്‍പ്പറ്റ: തിരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രിയങ്കാ ഗാന്ധി അടുത്തയാഴ്ച വയനാട് മണ്ഡലത്തില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. 22നോ 23നോ മണ്ഡലത്തിലെത്തുന്ന പ്രിയങ്ക 25ന് മുമ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കന്നിയങ്കത്തിനെത്തുന്ന പ്രിയങ്കയ്ക്കൊപ്പം രാഹുല്‍ ഗാന്ധിയും മറ്റു കുടുംബാംഗങ്ങളുമുണ്ടാകും. പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിക്കാന്‍ സാധിക്കുന്ന രീതിയിലാണ് പ്രിയങ്കഗാന്ധിയുടെ പ്രചാരണ പരിപാടികള്‍ തയ്യാറാക്കുന്നത്.
വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ മുന്നൊരുക്കം യുഡിഎഫ് നേതൃയോഗം വിലയിരുത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മുക്കത്താണ് യോഗം ചേര്‍ന്നത്. പ്രിയങ്ക ഗാന്ധി കൂടുതല്‍ ദിവസം മണ്ഡലത്തിലെ പ്രചാരണത്തില്‍ സജീവമാകുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി.
മുഴുവന്‍ മണ്ഡലങ്ങളിലും റോഡ് ഷോ ഉള്‍പ്പടെയുള്ള പരിപാടികള്‍ തയ്യാറാക്കുന്നുണ്ട്. തുടക്കത്തില്‍ ഏഴ് ദിവസം വയനാട്ടിലെ പ്രചാരണപരിപാടികള്‍ക്കായി പ്രിയങ്കാഗാന്ധി മാറ്റിവെക്കുമെന്നാണ് സൂചന. ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തേണ്ടതിനാല്‍ ഇതു കൂടി പരിഗണിച്ചാവും വയനാട്ടിലെ പ്രചാരണത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കുക.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ച രണ്ട് തവണയും പ്രചാരണത്തിനായി അധിക സമയം വയനാട്ടില്‍ ചെലവഴിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും പ്രിയങ്ക സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ ഈ സാഹചര്യത്തില്‍ മാറ്റം വരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ തന്നെ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിയ്യതി പ്രഖ്യാപിച്ച ഉടന്‍ തന്നെ മണ്ഡലത്തില്‍ പ്രചാരണത്തിന് തുടക്കമിട്ടിട്ടുണ്ട് യുഡിഎഫ് ക്യാമ്പ്. ചുവരെഴുത്തുകളിലും പോസ്റ്ററുകളിലും പ്രിയങ്കാ ഗാന്ധി നിറഞ്ഞുകഴിഞ്ഞു. ഓരോ മണ്ഡലത്തിലും മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കിയാണ് പ്രചാരണം.
രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി സഹോദരി പ്രിയങ്കഗാന്ധി മത്സരിക്കാനെത്തുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫിന് വെല്ലുവിളിയില്ലെങ്കിലും പ്രചാരണത്തില്‍ പിന്നാക്കം പോകാനാകില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയതില്‍ നിന്ന് വിഭിന്നമായി പ്രിയങ്ക കൂടുതല്‍ ദിവസം പ്രചാരണത്തില്‍ നേരിട്ട് പങ്കെടുക്കും.
പരമാവധി വോട്ടര്‍മാരെ സ്ഥാനാര്‍ഥി തന്നെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്ന തരത്തിലാകും പ്രചാരണം. ഇതിനിടെ മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കൂടി പ്രിയങ്ക പങ്കെടുക്കും. രാഹുല്‍ ഗാന്ധിയും വയനാട് മണ്ഡലത്തിലെ പ്രചാരണത്തില്‍ സജീവമാകുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.
മുക്കത്ത് ചേര്‍ന്ന നേതൃയോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ കൂടാതെ പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം ഉള്‍പ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കളും, യുഡിഎഫിലെ മറ്റ് ഘടകകക്ഷി നേതാക്കളും പങ്കെടുത്തു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി മണ്ഡലത്തിലേക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയെയും യോഗത്തില്‍ തെരഞ്ഞെടുത്തു.