- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് ജമാഅത്തെ ഇസ്ലാമി മതേതര വാദികള്‍; വര്‍ഗീയവാദികളാക്കിയത് സി.പി.എമ്മിനോട് വിയോജിച്ചപ്പോള്‍; മുഖ്യന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പ്; ജമാഅത്തെ അമീര്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍
വിവാദങ്ങളെ വഴിതിരിച്ചുവിടാനാണ് സി.പി.എം ശ്രമിക്കുന്നത്
മലപ്പുറം: അന്നു സഖ്യമുണ്ടായപ്പോള്‍ ജമാഅത്തെ ഇസ്ലാമി സി.പി.എമ്മിനു മതേതര വാദികളായിരുന്നു. പിന്നീട് സി.പി.എമ്മിനെ വിട്ടു ലീഗ് അനുകൂല നിലപാട് സ്വീകരിച്ചതോടെ വര്‍ഗീയ വാദികളായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ജാമഅത്തെ ഇസ്ലാമിക്കെതിരെ ഇപ്പോള്‍ രംഗപ്രവേശം നടത്തിയത് ഇരട്ടത്താപ്പാണെന്ന് മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും. പതിറ്റാണ്ടു കാലത്തോളം ജമാഅത്തെ ഇസ്ലാമി സി.പി.എമ്മിനോടൊപ്പമായിരുന്നു. അന്നൊന്നും ഉന്നയിക്കാത്ത ആരോപണങ്ങളാണിപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ ഉന്നയിച്ചത്.
എന്തു വിവാദങ്ങള്‍ വന്നാലും സി.പി.എമ്മിനു എ.കെ.ജി സെന്ററില്‍നിന്നും ലഭിക്കുന്ന ക്യാപ്സൂള്‍ ജമാഅത്തെ ഇസ്ലാമിയാണെന്നും, ഓരോ വിവാദങ്ങള്‍ വരുമ്പോഴും ജമാഅത്തെ ഇസ്ലാമിയുടെ പേരു പറയുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കുമെന്നും ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ പി. മുജീബ് റഹ്‌മാന്‍. ജമാഅത്തെ ഇസ്ലാമിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്തുവന്നതോടെ ഈമാസം മൂന്നിന് ജമാഅത്തെ ഇസ്ലാമി അമീര്‍ പി. മുജീബ് റഹ്‌മാന്റെ പ്രസ്താവനയാണു വീണ്ടും ചര്‍ച്ചയാകുന്നത്.
നേരത്തെ സി.പി.എമ്മിനൊപ്പവും ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയമായ സഹകരിച്ചിരുന്നു. അന്നൊന്നും അവര്‍ക്ക് ഞങ്ങള്‍ വര്‍ഗീയവാദികളായിരുന്നില്ല. അന്നു ഞങ്ങള്‍ അവര്‍ക്കും മതേതര വാദികളായിരുന്നു. എന്നാല്‍ അവരെ വിട്ടുപോന്നപ്പോഴാണു തങ്ങള്‍ ഇത്തരത്തില്‍ വെറുക്കപ്പെട്ടവരും വര്‍ഗീയ ശക്തികളായതെന്നുമായിരുന്നു മുജീബ് റഹ്‌മാന്‍ പറഞ്ഞത്. വിവാദങ്ങളെ വഴിതിരിച്ചുവിടുകയാണു സി.പി.എം ഇത്തരത്തിലുള്ള പ്രവര്‍ത്തനം കൊണ്ടുലക്ഷ്യംവെക്കുന്നത്. ഇത് ജമാഅത്തെ ഇസ്ലാമിയുടെ മാത്രം പ്രശ്നമല്ല. അവരോടപ്പമുണ്ടായിരുന്ന നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ അവരെ വിട്ടപ്പോള്‍ അദ്ദേഹത്തേയും വര്‍ഗീയവാദിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിക്കെതിരെ കഴിഞ്ഞ ദിവസമാണു മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നത്. ആര്‍.എസ്.എസിന്റെ ഇസ്ലാംപതിപ്പാണ് ജമാഅത്തെ ഇസ്ലാമിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിഭജന കാലത്ത് പാക്കിസ്ഥാന്‍ മുസ്ലിംരാഷ്ട്രമായപ്പോള്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാവട്ടെ എന്ന് ആര്‍.എസ്.എസ് നിലപാടിലായിരുന്നു ജാമഅത്തെ ഇസ്ലാമിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും ജമാഅത്തെ ഇസ്ലാമിയുമായി രാഷ്ട്രീയമായി സി.പി.എം എന്തുകൊണ്ടാണു പതിറ്റാണ്ടോളം സഹകരിച്ചുപോന്നതെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നത്. നേരത്തെ സി.പി.എമ്മിനു രാഷ്ട്രീയ പരമായി പരസ്യ പിന്തുണവരെ നല്‍കിയവരാണു ജമാഅത്തെ ഇസ്ലാമി.
' കേരളം മുസ്ലിംരാഷ്ട്രീയം: രാഷ്ട്രഐയ ഇസ്ലാം' എന്ന പി.ജയരാഷന്റെ പുസ്തകം പ്രകാശനം ചെയ്തായിരുന്നു മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ചത്. ജമാഅത്തെ പഴയ കാലത്തേക്ക്, അതായതു ഖലീഫാമാരുടെ കാലത്തേക്കു സമുദായത്തെ തിരിച്ചു കൊണ്ടുപോവണമെന്ന നിര്‍ബ്ബന്ധമുള്ള പ്രസ്ഥാനമാണ്. ലീഗ് ഇന്ത്യയ്ക്കകത്തുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍, ജമാഅത്തെ ഇസ്ലാമി അന്താരാഷ്ട്ര രാഷ്ട്രീയ പരിവര്‍ത്തനത്തിന്, അതായത് ഇസ്ലാമികാധിഷ്ഠിത പരിവര്‍ത്തനത്തിനു പ്രതിജ്ഞാബദ്ധമായി നില്‍ക്കുന്നു. മുസ്ലീം ലീഗ് ന്യൂനപക്ഷ രാഷ്ട്രീയം, ഇസ്ലാമിക ദേശീയത എന്നിവയില്‍ കേന്ദ്രീകരിക്കുമ്പോള്‍ ജമാഅത്തെ ഇസ്ലാമി ഒരു ഇസ്ലാമിക സാമ്രാജ്യസ്ഥാപന (ഇസ്ലാമിക് ഇംപീരിയലിസം) ത്തിനായി നിലകൊള്ളുന്നു.
മുസ്ലീം ലീഗിന് ഇന്ത്യയ്ക്കു പുറത്തു സഖ്യങ്ങളില്ല. എന്നാല്‍, ജമാഅത്തെ ഇസ്ലാമിക്ക് യമനിലെ ഷിയാ ഭീകരപ്രവര്‍ത്തകര്‍ മുതല്‍ ഈജിപ്തിലെ ബ്രദര്‍ഹുഡ് വരെയുള്ളവരുമായി ബന്ധങ്ങളുണ്ട്. സാമ്രാജ്യത്വവിരുദ്ധ പ്രസംഗങ്ങള്‍ നടത്തുമ്പൊഴും സാമ്രാജ്യത്വവുമായി ചേര്‍ന്നു ശത്രുക്കളെ ഇല്ലാതാക്കാന്‍ മടിക്കാത്തവരാണ് ജമാഅത്തെ ഇസ്ലാമി. ഉദാഹരണത്തിന്, അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യപരമായി അധികാരത്തില്‍ വന്ന നജീബുള്ള ഭരണം തകര്‍ക്കാന്‍ അവിടുത്തെ ജമാഅത്തെ ഇസ്ലാമി അമേരിക്കന്‍ സാമ്രാജ്യത്വവുമായി കൈകോര്‍ത്തുനിന്നു. ഈജിപ്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഇസ്ലാമിക് ബ്രദര്‍ഹുഡ് സാമ്രാജ്യത്വ കൂട്ടുകെട്ടില്‍ നിന്നു. പലസ്തീനില്‍ ഫത്താ പാര്‍ട്ടിയെ തകര്‍ക്കാനും ഇവര്‍ സാമ്രാജ്യത്വത്തിന്റെ ചട്ടുകമായി നിന്നു.
ചില സവിശേഷ ഘട്ടങ്ങളില്‍ സാമ്രാജ്യത്വവിരുദ്ധത പറയും. എന്നാല്‍, സാമ്രാജ്യത്വത്തിന്റെ തന്നെ പിന്തുണയോടെ രക്തപങ്കിലമായ അട്ടിമറി നടത്തുന്ന ചരിത്രമാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളത്. ലീഗിനു സാര്‍വദേശീയ ബന്ധങ്ങളില്ല; പാകിസ്ഥാനുമായിപ്പോലും ബന്ധങ്ങളില്ല. എന്നാല്‍, ലീഗ് ചെയ്യുന്ന അപരാധം കാണാതിരുന്നുകൂട. അവര്‍ വര്‍ഗ്ഗീയ ഭീകര പ്രസ്ഥാനങ്ങളുമായി ചേര്‍ന്നുനിന്ന് ഇവിടെ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ മടികാട്ടുന്നില്ല. നേരിട്ടു സാര്‍വദേശീയ ഭീകരബന്ധമില്ലെങ്കിലും അതുള്ളവരുമായി ചേര്‍ന്നുനില്‍ക്കാന്‍ ലീഗ് മടിക്കുന്നില്ല. കാശ്മീരിലെ ജമാഅത്തെ ഇസ്ലാമി ബി ജെ പിയുമായി ചേര്‍ന്ന് സി പി ഐ എം സ്ഥാനാര്‍ത്ഥി മുഹമ്മദ് യൂസഫ് തരിഗാമിയെ എതിര്‍ത്തു. ഇവിടെ ലീഗ് ബി ജെ പിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സി പി ഐ എമ്മിനെ എതിര്‍ക്കുന്നു-തുടങ്ങിയ കാര്യങ്ങളാണു മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിക്കെതിരെ പറഞ്ഞത്.
സതേ സമയം സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയാണെന്ന ആരോപണവുമായി മുസ്ലിംലീഗ് ദേശീയ ഓഗനൈസിംഗ് സെക്രട്ടംദ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രംഗത്തുവന്നു. ബിജെപിക്ക് സമാനമായ സമീപനമാണ് സിപിഎമ്മിന്റേത്. വൃത്തികെട്ട രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നത്. പിണറായി വിജയന് പറ്റുന്ന ജാള്യത മറച്ചുവെക്കാനുള്ള സൂത്രവിദ്യകളാണിതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഓരോ ഘട്ടത്തിലും സിപിഎം താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. സിപിഎമ്മാണ് പൊന്നാനിയില്‍ പിഡിപിയെ പരവതാനി വിരിച്ച് സ്വീകരിച്ചത്. ബിജെപിയുമായി പലഘട്ടങ്ങളിലും അടുത്ത ബന്ധം പിണറായി വിജയന്റെ നയങ്ങളില്‍ ഉണ്ടായിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും വളര്‍ത്തുന്നത് മുസ്ലിം ലീഗ് ആണെന്ന ആരോപണം തീര്‍ത്തും തെറ്റാണ്. എസ്ഡിപിഐയുമായി ഒരു സഖ്യവുമില്ല. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടായിരുന്നു. അത് ഒളിച്ചുവെയ്ക്കേണ്ട കാര്യമല്ല. പിണറായി വിജയന്റെ പാര്‍ട്ടിയും ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയതാണ്. മുസ്!ലിംകള്‍ ഒരിക്കലും ജമാഅത്തെ ഇസ്ലാമിയെ ഭീകര സംഘടനയായി കാണുന്നില്ല. ഇപ്പോള്‍ ഭീകരത കണ്ടെത്തിയത് വിചിത്രമാണ്. സിപിഎമ്മിന് താത്വികമായ അടിത്തറയില്ല. അതുകൊണ്ടാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മേല്‍വിലാസം ഇന്ത്യയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെയും പിണറായിയുടെയും സോഫ്റ്റ് ലൈന്‍ മുസ്!ലിം ലീഗിന് ആവശ്യമില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.