കൊച്ചി: നഗരത്തെ വൃത്തിയായി സൂക്ഷിക്കുന്നതില്‍ അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി വീണ്ടും ഹൈക്കോടതിയുടെ ഇടപെടല്‍. അറബിക്കടലിന്റെ റാണി എന്നൊക്കെയാണ് നഗരത്തെ വിശേഷിപ്പിക്കുന്നത്. പക്ഷേ, അത്തരത്തില്‍ സൂക്ഷിക്കാനുള്ള ഒരു പ്രവൃത്തിയും ഉണ്ടാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

എം.ജി. റോഡിലെ നടപ്പാതയിലൂടെ നടക്കാനേ കഴിയില്ല, ബാനര്‍ജി റോഡില്‍ കച്ചേരിപ്പടി മുതല്‍ ലിസി വരെയുള്ള ഭാഗത്ത് രാത്രിയില്‍ വഴി വിളക്കും കത്തുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല. വഴിവിളക്ക് കത്തിക്കാന്‍ കോടതിതന്നെ മേയറെ വിളിക്കേണ്ടിവരുമോ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

നഗരഹൃദയത്തിലാണ് ഈ അവസ്ഥ. വഴിവിളക്കില്ലാത്തതിന്റെ ദുരിതം കോടതി തന്നെ കാണുന്നുണ്ട്. സമൂഹവിരുദ്ധര്‍ക്കാണ് ഇത് സഹായകമാകുന്നത്. എം.ജി. റോഡിലെ നടപ്പാത മുഴുവന്‍ തുറന്നുകിടക്കുകയാണ്. ഇതൊന്ന് അടച്ച് വൃത്തിയായി ഇടണമെന്ന് എത്രയോ തവണയായി പറയുന്നു. ആരും കേള്‍ക്കുന്നില്ല. ജനങ്ങള്‍ക്കുമില്ല വലിയ താത്പര്യം.

എത്ര മനോഹരമാണ് എം.ജി. റോഡ് ഭാഗം. പക്ഷേ, നന്നായി സൂക്ഷിക്കാന്‍ ഒന്നും ചെയ്യുന്നില്ല. എം.ജി. റോഡിലൂടെ ഒരാള്‍ക്ക് നടക്കാനാകില്ല. ചിലപ്പോള്‍ നിങ്ങള്‍ വീല്‍ച്ചെയറിലാകും. മാമംഗലം ഭാഗത്തും വഴിവിളക്ക് തെളിയാറില്ല.

ബസുകളുടെ അമിത വേഗത്തെക്കുറിച്ച് പരാതി പറയാന്‍ എല്ലാ ബസിലും ഫോണ്‍ നമ്പര്‍ നല്‍കണം എന്ന് പറയുന്നുണ്ട്. ഈ ഫോണ്‍ നമ്പരിലേക്ക് വിളിച്ചാല്‍ ആരും എടുക്കാറില്ലെന്നും കോടതി പറഞ്ഞു.