- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വേണ്ടി അഭ്യത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ല; സുപ്രഭാതത്തിലെ പരസ്യം തള്ളി സമസ്ത നേതൃത്വം
സുപ്രഭാതത്തിലെ പരസ്യം തള്ളി സമസ്ത നേതൃത്വം
കോഴിക്കോട്: സുപഭാതം ദിനപത്രത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി സരിനുമായി ബന്ധപ്പെട്ട പരസ്യം തള്ളി സമസ്ത നേതൃത്വം. ഏതെങ്കിലും മുന്നണിയെയോ പാര്‍ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്ന് സമസ്ത നേതാക്കള്‍ വ്യക്തമാക്കി.
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നത്തെ സുപ്രഭാതം പത്രത്തില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടി മുസ്ലിയാര്, എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം മുഖ്യവിഷയമാക്കിയാണ് സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ എല്‍ഡിഎഫ് പരസ്യം നല്‍കിയത്. സന്ദീപിന്റെ പഴയ പ്രസ്താവനകള്‍ ഉയര്‍ത്തിക്കാട്ടി ഈ വിഷനാവിനെ സ്വീകരിക്കുകയോ എന്ന ചോദ്യം ഉന്നയിച്ചാണ് പരസ്യം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സരിന് തരംഗം എന്ന തലക്കെട്ടോടെ നല്കിയ പരസ്യത്തിന് താഴെയാണ് സന്ദീപിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകളും പ്രസ്താവനകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ വിവിധ പത്രങ്ങളുടെ പാലക്കാട് എഡിഷനില്‍ വന്ന ഇടത് മുന്നണിയുടെ പത്ര പരസ്യമാണ് വിവാദത്തിലായത്. സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ വന്ന പരസ്യമാണ് വിവാദത്തില്‍ ആകുന്നത്. 'ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം' എന്ന തലക്കെട്ടില്‍ സന്ദീപ് വാര്യരുടെ ഫോട്ടോ വെച്ചാണ് പരസ്യം. എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ടുണ്ടെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു.
രണ്ട് പത്രങ്ങളിലേത് മാത്രം വിവാദമാകുന്നത് എന്താണെന്ന് അറിയില്ല. കോണ്‍ഗ്രസ് പരാജയ ഭീതിയില്‍ വിവാദം ഉണ്ടാക്കുകയാണ്. സന്ദീപിനോട് ഫേസ്ബുക്കിലെ പരാമര്‍ശങ്ങള്‍ ഒക്കെ ഡിലീറ്റ് ചെയ്യാന്‍ കോണ്‍ഗ്രസ് പറയണമായിരുന്നു. സന്ദീപ് ഇപ്പോഴും ആര് എസ് എസുകാരനാണ്. എല്ലാ പത്രങ്ങളിലും ഒരേ ഉള്ളടക്കം ആകണം എന്നില്ല, സന്ദീപ് പറഞ്ഞത് തുറന്ന് കാട്ടുക മാത്രമാണ് ചെയ്തതെന്നും എംബി രാജേഷ് പറഞ്ഞു.
സന്ദീപ് വാര്യര്‍ ഇപ്പോഴും ആര്‍എസ്എസ് വിട്ടിട്ടില്ലെന്ന് എ.കെ ബാലന് പറഞ്ഞു. അദ്ദേഹത്തിന്റെ അമ്മ ആര്‍എസ്എസിന് വിട്ടുകൊടുത്ത സ്ഥലം ഇപ്പോള്‍ ആരുടെ നിയന്ത്രണത്തിലാണ്. സംഘപരിവാര്‍ ആശയം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അങ്ങനെ ഒരാളെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതിന്റെ ഔചിത്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.
ഇന്ന് കണ്ടത് കാഫിര്‍ സ്ക്രീന്‍ ഷോട്ടിന്റെ മോഡിഫൈഡ് വേര്‍ഷനാണെന്ന് ഷാഫി പറമ്പില്‍ തിരിച്ചടിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് എങ്ങനെ ഇതിനു അനുമതി കൊടുത്തു. ബിജെപി ഈ പരസ്യം കൊടുത്താല്‍ മനസിലാക്കാം. പത്രത്തിന്റെ കോപ്പി എംബി രാജേഷിന്റെ വീട്ടിലും എകെ ബാലന്റെ വീട്ടിലും എത്തിക്കണം. സന്ദീപ് വാരിയര്‍ ക്രിസ്റ്റല്‍ ക്ലിയര്‍ ആണെന്ന് പറഞ്ഞത് ആരാണെന്നും അദ്ദേഹം ചോദിച്ചു.