കോട്ടയം: കോട്ടയത്തെ ആകാശപ്പാതയുടെ മേല്‍ക്കൂര പൊളിച്ചു നീക്കണമെന്ന വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബലക്ഷയം അല്ല ഇവിടെ പ്രശ്നം. സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാരമാണിത്. വികസന പദ്ധതികളെ സര്‍ക്കാര്‍ കൊല ചെയ്യുകയാണ്. കോട്ടയത്തെ വികസനം ഇല്ലാതാക്കാനാണ് ശ്രമമെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

സര്‍ക്കാര്‍ മാറിയ കാലത്തുതന്നെ ആകാശപാത പൊളിച്ചുമാറ്റാന്‍ അവര്‍ തീരുമാനിച്ചതാണ്. ആ തീരുമാനം നടപ്പാക്കാന്‍ വേണ്ടിയാണ് ഒരു ലിറ്റര്‍ പെയിന്റ് പോലും അടിക്കാതെ യാതൊരു പരിപാലന പ്രവൃത്തികളും നടത്താതെ ആകാശപാത കാത്തുസൂക്ഷിച്ച് വെച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കോട്ടയത്തെ ആകാശപാതയുടെ ബലപരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയത്. ആകാശപാതയുടെ ചിറകരിയുന്നതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ആകാശപാതയ്ക്ക് വേണ്ടി ജനസദസ് വിളിച്ചുകൂട്ടുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ജനസദസ്സിന്റെ തീരുമാനപ്രകാരം മുന്നോട്ടു പോകുമെന്നും ചില സ്വാര്‍ത്ഥ താല്പര്യക്കാരാണ് ഇതിന് പിന്നില്‍ നിന്ന് കയ്യടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തുരുമ്പെടുത്ത പൈപ്പുകള്‍ പൊളിച്ചു കളയണമെന്നാണ് ബലപരിശോധന റിപ്പോര്‍ട്ടിലെ നിര്‍ദേശം. അടിസ്ഥാന തൂണുകള്‍ ഒഴികെ മറ്റു തൂണുകള്‍ക്ക് ബലക്ഷയം കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ഐഐടിയും ചെന്നൈ സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ് റിസര്‍ച്ച് സെന്ററുമാണ് ബലപരിശോധന നടത്തിയത്.

ആകാശപാതയുടെ വൈകല്യത്തിന് ഉത്തരവാദി തിരുവഞ്ചൂരാണെന്നും ആ പാപഭാരം ആരുടെയും തലയില്‍ വയ്ക്കേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സമിതി അംഗം കെ അനില്‍കുമാര്‍ കുറ്റപ്പെടുത്തി. ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെയാണ് കിറ്റ്കോ നിര്‍മ്മാണം ആരംഭിച്ചത്. പദ്ധതി പൂര്‍ത്തിയാക്കിയാലും ഇല്ലെങ്കിലും ആളുകളുടെ തലയില്‍ വീഴും. ഈ നിര്‍മ്മാണ വൈകല്യം പരിഹരിക്കണമെന്നാണ് കോട്ടയത്തെ ജനങ്ങളുടെ അടിയന്തര ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഊരാളുങ്കലുമായി ബന്ധപ്പെട്ട് ആകാശ പാതയുടെ എന്തെങ്കിലും ഒരു കടലാസ് ഹാജരാക്കണമെന്നും അനില്‍കുമാര്‍ വെല്ലുവിളിച്ചു.