കല്‍പറ്റ: കളക്ടറേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായതിന് പിന്നാലെ സാമൂഹ്യ മാധ്യമത്തിലൂടെ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജഷീര്‍ പള്ളിവയലിനെതിരെയാണ് കേസ് എടുത്തത്. കല്‍പറ്റ ഇന്‍സ്പെക്ടര്‍ കെ.ജെ വിനോയ് നല്‍കിയ പരാതിയിലാണ് നടപടി. കല്‍പറ്റ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ചൂരല്‍മല പുനരധിവാസം വൈകുന്നെന്ന് ആരോപിച്ച് ശനിയാഴ്ച യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ജഷീറിന് ക്രൂരമായ മര്‍ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് വിനോയിയുടെ ചിത്രം ഉള്‍പ്പെടെയുള്ള ഭീഷണിക്കുറിപ്പ് ജഷീര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 'ദൈവം ആയുസ് തന്നിട്ടുണ്ടേല്‍ മോനേ വിനോയ് കെ.ജെ, തന്നെ വിടത്തില്ല' എന്നാണ് ജഷീര്‍ കുറിച്ചത്.

തന്നെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചതെന്ന് വിനോയ് നല്‍കിയ പരാതിയില്‍ പറയുന്നു. ജഷീറിനോടൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് എന്നിവര്‍ ഉള്‍പ്പെടെ അമ്പതോളം പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റിരുന്നു.

തന്റെ പേര് വിളിച്ച് ക്രൂരമായി വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്ന് ജഷീര്‍ പ്രതികരിച്ചിരുന്നു. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ തന്റെ പുറംഭാഗത്തിന്റെ ചിത്രവും ജഷീര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

ലാത്തിച്ചാര്‍ജിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. എത്ര തല്ലി ഒതുക്കാന്‍ നോക്കിയാലും വയനാട്ടിലെ വലിയ ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് മുന്നില്‍ സര്‍ക്കാരുകള്‍ മറ്റൊരു ദുരന്തമായി മാറിയാല്‍ അത് ചോദ്യം ചെയ്യുമെന്ന് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നു.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ശനിയാഴ്ച കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്. പൊലീസ് ലാത്തിച്ചാര്‍ജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു. ഗ്രനേഡ് ഉള്‍പ്പെടെ പൊലീസ് പ്രയോഗിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ അമല്‍ ജോയ്, ജഷീര്‍ എന്നിവരെയാണ് പൊലീസ് വളഞ്ഞിട്ട് മര്‍ദിച്ചത്. മര്‍ദനത്തില്‍ അമ്പതോളം പേര്‍ക്ക് പരുക്കേറ്റു. മര്‍ദനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ഡിവൈഎസ്പി ഓഫിസ് മാര്‍ച്ചും നടത്തി.