കണ്ണൂര്‍: എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ പൂര്‍ണമായും തള്ളിപ്പറഞ്ഞ് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. നവീന്‍ബാബുവിന്റെ മരണത്തിനിടയാക്കിയത് ദിവ്യയുടെ പ്രസംഗത്തിലെ അവസാനത്തെ പരാമര്‍ശമാണ് എന്നത് സത്യമാണ്. അതിനാലാണ് ഞങ്ങള്‍ പറഞ്ഞത്, അത് തെറ്റാണെന്ന്. ആ കാഴ്ചപ്പാടാണ് അന്നും ഇന്നും ഞങ്ങള്‍ക്കുള്ളത്. ദിവ്യയുടെ പേരില്‍ എപ്പോഴാണോ ആക്ഷേപം ഉയര്‍ന്നുവന്നത്, അന്നുതന്നെയാണല്ലോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതെന്നും കണ്ണൂര്‍ സമ്മേളനത്തിനിടയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ സി.പി.എം. ജില്ലാ സമ്മേളനത്തില്‍ പി.പി. ദിവ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിനിധികള്‍ അഭിപ്രായം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു ജയരാജന്റെ മറുപടി. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമര്‍ശമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ദിവ്യയുടേത് ഔചിത്യമില്ലാത്ത പെരുമാറ്റമായെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചപ്പോള്‍, അവര്‍ക്കെതിരെ നടപടിയെടുത്തതിനെതിരെയും ചോദ്യവുമുയര്‍ന്നു.

വിശദ വിവരങ്ങള്‍

അഴിമതിക്കെതിരായ സദുദ്ദേശ പരാമര്‍ശമെന്ന് വിലയിരുത്തി പി പി ദിവ്യയെ ന്യായീകരിച്ച് തുടങ്ങിയ സി പി എം കണ്ണൂര്‍ ഘടകം, ജില്ലാ സമ്മേളനത്തിലെത്തുമ്പോള്‍ അവരെ പൂര്‍ണമായി തളളുന്ന നിലപാടാണ് സ്വീകരിച്ചത്. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കിയതിനായിരുന്നു ജില്ലാ കമ്മിറ്റിയില്‍ നിന്നും പിപി ദിവ്യയെ തരം താഴ്ത്തിയത്. ന്യായീകരിക്കാനാകാത്ത തെറ്റായ പരാമര്‍ശമെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ദിവ്യയെ അനുകൂലിച്ചും എതിര്‍ത്തും സമ്മേളനത്തില്‍ ചര്‍ച്ചയുണ്ടായി. റിമാന്‍ഡില്‍ കഴിയുന്നതിനിടെ പാര്‍ട്ടി നടപടിയെടുത്തത് ശരിയായില്ലെന്നും പൊലീസും പാര്‍ട്ടിയും മാധ്യമവിചാരണയ്ക്ക് വഴങ്ങിയെന്നും വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍, ഉപതെരഞ്ഞെടുപ്പ് കാലത്ത് ദിവ്യയുടെ ഔചിത്യമില്ലാത്തതും പദവിക്ക് നിരക്കാത്തതുമായ പെരുമാറ്റം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന അഭിപ്രായവും ഉയര്‍ന്നുവന്നു.