തിരുവനന്തപുരം: യുഡിഎഫും പി.വി അന്‍വറും തല്‍ക്കാലം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണ. മുന്നണി പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായില്ല. അന്‍വറിന്റെ ആവശ്യങ്ങളില്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്തശേഷം കോണ്‍ഗ്രസ് തീരുമാനം അറിയിക്കും. കോണ്‍ഗ്രസ് നേതാക്കളും പി.വി അന്‍വറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിന് ധാരണയായത്.

യുഡിഎഫ് പ്രവേശനം അടക്കമുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍ അന്‍വര്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ ധാരണകള്‍ നേതാക്കള്‍ അന്‍വറിനെ തിരിച്ചും അറിയിച്ചു. പാര്‍ട്ടിയിലും യുഡിഎഫിലും കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമാണെന്നും കോണ്‍ഗ്രസ് നേതൃത്വം അന്‍വറിനെ അറിയിച്ചു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുവരും തീരുമാനിച്ചു. പി.വി അന്‍വര്‍ ഒരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞത്.

ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയെന്ന് പറഞ്ഞ അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ഇട്ടെറിഞ്ഞ് യുഡിഎഫിലേക്ക് പോകാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല എന്നിവരാണ് കോണ്‍ഗ്രസ് നിലപാട് അന്‍വറിനോട് വിശദീകരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ എടുക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ടിന് ചില തടസ്സങ്ങളുണ്ട്. മുസ്ലീം ലീഗും അന്‍വറിനോട് പൂര്‍ണ്ണമായും യോജിക്കുന്നില്ല.

പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞത്

പി.വി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കുമെന്നും മുന്നണി പ്രവേശനം യു.ഡി.എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് വിജി സതീശനും അറിയിച്ചു.

പി.വി അന്‍വറുമായി വിശദമായി സംസാരിച്ചു. അദ്ദേഹം കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിച്ചു നില്‍ക്കും. അതു സംബന്ധിച്ച് അദ്ദേഹം ചില നിര്‍ദ്ദേശങ്ങള്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ആ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് അദ്ദേഹത്തെ അറിയിക്കും. ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആ സഹകരണം ഞങ്ങളും സ്വീകരിച്ചിട്ടുണ്ട്. മുന്നണിയുമായി ആലോചിക്കാതെ മുന്നണി പ്രവേശനത്തെ കുറിച്ച് പറയാനാകില്ല. എല്ലാ യു.ഡി.എഫ് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷമെ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം എടുക്കാനാകൂ.

കോണ്‍ഗ്രസും യു.ഡി.എഫും പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാര്‍ത്ഥിക്കും പി.വി അന്‍വര്‍ പരിപൂര്‍ണ പിന്തുണ നല്‍കും. അദ്ദേഹവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനം ഘടകകക്ഷികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതി യു.ഡി.എ.ഫിനില്ല. 9 വര്‍ഷം നിലമ്പൂരില്‍ എം.എല്‍.എ ആയിരുന്ന അന്‍വറിന്റെ പിന്തുണ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും സതീശന്‍ പറഞ്ഞു.