തിരുവനന്തപുരം: കേരള സര്‍വകലാശാ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തി. ബാരിക്കേഡുകള്‍ മറികക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസുമായി പ്രവര്‍ത്തകര്‍ സംഘര്‍ഷവും വാക്കേറ്റവുമുണ്ടായി. എസ്എഫ്‌ഐ മാര്‍ച്ചിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തിയത്. ഈ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നൂറോളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രവിവാദം മുറുക്കി കേരള സര്‍വ്വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഇടത് സംഘടനകള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. കേരള സര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മലിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.

ഇന്ന് വൈകിട്ടോടെയാണ് വിസി മോഹന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. വിദേശത്തേക്ക് പോകുന്നതിന് തൊട്ടുമുന്‍പ് രജിസ്ട്രാര്‍ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത മോഹന്‍ കുന്നുമ്മല്‍ വിസിയുടെ താത്കാലിക ചുമതല സിസ തോമസിന് കൈമാറി. ഇത് സംബന്ധിച്ച അറിയിപ്പും പുറത്തുവിട്ടു. സെനറ്റ് ഹാളിലെ പരിപാടി മുന്‍വിധിയോടെ റദ്ദാക്കി ഗവര്‍ണ്ണറോട് അനാദരവ് കാണിച്ചെന്ന് വിമര്‍ശിച്ചാണ് റജിസ്ട്രാര്‍ക്കെതിരായ അസാധാരണ നടപടി.

ഗവര്‍ണര്‍ വിളച്ചിലെടുക്കരുതെന്ന് എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു. എസ്എഫ്ഐ ശക്തി അറിയാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിളിച്ചാല്‍ മതിയെന്നും നേതാക്കള്‍ പറഞ്ഞു. ആര്‍എസ്എസിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തവര്‍ക്കെതിരെ നടപടി എടുത്ത് പുറത്താക്കുന്ന രീതി തെറ്റാണ്. അത് തിരുത്തിയില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ കാണേണ്ടി വരുമെന്നും ഇത് സൂചനാ പ്രതിഷേധമാണെന്നും എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു.

രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സിലറുടെ നടപടിക്കെതിരേ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും രംഗത്തെത്തിയിട്ടുണ്ട്. വൈസ് ചാന്‍സിലര്‍ അധികാരദുര്‍വിനിയോഗമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ആര്‍എസ്എസ് കൂറ് തെളിയിച്ചതിന്റെ ഭാഗമായിട്ട് കേരള സര്‍വകലാശാല വിസി ആ സ്ഥാനത്തെത്തിയതെന്നും വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കില്‍ അത് ആ നിലയില്‍ കൈകാര്യം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇല്ലാത്ത അധികാരം ഉപയോഗിച്ചുള്ള സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് രജിസ്ട്രാര്‍ കെഎസ് അനില്‍കുമാര്‍ വ്യക്തമാക്കി. വിസി മോഹന്‍ കുന്നുമ്മലിന്റെ നടപടിയെ സര്‍ക്കാറും തള്ളിപ്പറഞ്ഞു. സര്‍ക്കാറും ഗവര്‍ണ്ണറും തമ്മിലെ പോരിനിടെയാണ് രജിസ്ടാര്‍ക്കെതിരെ വിസി വാളെടുത്തത്. സിന്‍ഡിക്കേറ്റ് ചേരാത്ത സമയത്ത് അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന സര്‍വ്വകലാശാല വകുപ്പ് 10(13) അനുസരിച്ചാണ് അസാധാരണ നടപടി. കഴിഞ്ഞ മാസം 25 ന് സെനറ്റ് ഹാളിലെ പരിപാടിക്ക് ഗവര്‍ണ്ണര്‍ എത്തിയ ശേഷം അനുമതി റദ്ദാക്കിയെന്നാണ് വിസിയുടെ കുറ്റപ്പെടുത്തല്‍. രജിസ്ട്രാര്‍ ബാഹ്യ സമ്മര്‍ദ്ദത്തിന് വഴങ്ങി ചാന്‍സലറോട് അനാദരവ് കാണിച്ചെന്ന് വിമര്‍ശിച്ചാണ് നടപടി.

രജിസ്ട്രാറെ നിയമിക്കുന്ന സിന്‍ഡിക്കേറ്റിനാണ് അച്ചടക്ക നടപടി എടുക്കാനുള്ള അധികാരം. ഗവര്‍ണ്ണര്‍ സെനറ്റ് ഹാളിലേക്ക് എത്തും മുമ്പ് തന്നെ പരിപാടിയുടെ അനുമതി റദ്ദാക്കിയെന്നാണ് രജിസ്ട്രാറുടെ വിശദീകരണം. സര്‍ക്കാറും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും വിസിയെ തള്ളി രജിസ്ട്രാര്‍ക്കൊപ്പമാണ്. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിന് നിയമസാധുതയില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് റജിസ്ട്രാര്‍ നടപ്പാക്കിയത്. മതപരമായ ചിഹ്നങ്ങള്‍ പാടില്ലെന്ന സര്‍വ്വകലാശാല നിബന്ധന ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റജിസ്ട്രാര്‍ പരിപാടി റദ്ദാക്കിയത്. ഏതാണ് മതപരമായ ചിഹ്നമെന്ന വിസിയുടെ ചോദ്യത്തിന് റജിസ്ട്രാര്‍ മറുപടി നല്‍കിയിരുന്നില്ല.