കൊച്ചി: വിഡി സതീശനെതിരെ വിമര്‍ശനം കടുപ്പിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഈഴവ വിരോധിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മൂന്നാഴ്ച മുന്‍പ് സതീശന്‍ തന്നെ വീട്ടില്‍ വന്നു കണ്ടോട്ടെ എന്ന് ചോദിച്ചിരുന്നു. വരാന്‍ താന്‍ അനുവാദം നല്‍കി. ആ സതീശനാണ് തന്നെ കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നത്. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അഹങ്കാരിയും ധാര്‍ഷ്ട്യവും ഉള്ള പ്രതിപക്ഷ നേതാവാണ് സതീശനെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 100 സീറ്റ് കിട്ടിയാല്‍ താന്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കാം. യുഡിഎഫിന് 98 സീറ്റ് പോലും കിട്ടില്ലെന്നും 100 സീറ്റ് കിട്ടിയില്ലെങ്കില്‍ സതീശന്‍ രാജിവച്ച് വനവാസത്തിന് പോകുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. പറവൂരിലെ ഒരു ചടങ്ങിലായിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി.

സതീശന് അഹങ്കാരത്തിന് കയ്യും കാലും വെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അഹങ്കാരം. ഈഴവന്റെ ബുദ്ധിയെയാണ് സതീശന്‍ ചോദ്യം ചെയ്യുന്നത്. ഈഴവനായ സുധാകരനെ പുറത്ത് ചാടിച്ചു. മതേതരവാദിയാണെങ്കില്‍ ഈഴവര്‍ക്ക് എന്താണ് നല്‍കിയത് എന്ന് സതീശന്‍ പറയട്ടെ. ഏതെങ്കിലും ഈഴവന് എന്തെങ്കിലും നല്‍കിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

സതീശന്റെ മണ്ഡലത്തിലെത്തി കാര്യങ്ങള്‍ പറയാതെ പോകുന്നത് സമുദായത്തിന്റെ അന്തസ്സിന് ചേരില്ലെന്നും തന്റെ പൗരുഷത്തിന് ചേരുന്നതല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. നമ്മുടെ സമുദായത്തെ അധിക്ഷേപിച്ച ആളാണ് സതീശന്‍. താന്‍ ശ്രീനാരായണ ധര്‍മ്മം പഠിക്കണമെന്നാണ് സതീശന്‍ പറയുന്നത്. സതീശന്‍ തന്നെ ശ്രീനാരായണ ധര്‍മ്മം പഠിപ്പിക്കേണ്ടതില്ല. ഈഴവന് വേണ്ടി സതീശന്‍ എന്ത് ചെയ്തു? നാളെ തോല്‍ക്കാന്‍ വേണ്ടിയിട്ടാണ് സതീശന്‍ ഇതൊക്കെ പറയുന്നത്.

രാഷ്ട്രീയത്തില്‍ അഹങ്കാരം പറയുന്നവര്‍ക്ക് തോറ്റ ചരിത്രമുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 100 പേരെ ജയിപ്പിക്കുമെന്നാണ് സതീശന്‍ പറഞ്ഞത്. ഇയാളെക്കൊണ്ട് ഒന്നും ചെയ്യാനാകില്ല. ഈഴവര്‍ വോട്ടു കുത്തുന്ന യന്ത്രമാണ് എന്നല്ലാതെ അവര്‍ക്ക് അധികാരം കിട്ടുന്നില്ല. മുസ്ലിം വിരോധിയായി തന്നെ ഒതുക്കാന്‍ ശ്രമിച്ചാല്‍ ഒതുങ്ങുന്നവനല്ല താന്‍. പറവൂരില്‍ 52% വോട്ട് ഉണ്ടെന്ന് പറഞ്ഞ സതീശന്‍ പറഞ്ഞിട്ടും തോറ്റത് ഓര്‍മയില്ലേ. ഇതുപോലെ അഹങ്കാരം പറഞ്ഞവര്‍ മാരാരിക്കുളത്തും തോറ്റ ചരിത്രമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

താന്‍ മുസ്ലിം വിരോധി അല്ല. നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നയാളാണ് താന്‍. എന്ത് വന്നാലും അതില്‍ നിന്ന് പിന്‍മാറില്ല. മലപ്പുറത്ത് പോയി പറഞ്ഞത് ഈഴവ സമുദായത്തിന്റെ അവസ്ഥയെക്കുറിച്ചാണ്. കൊലച്ചതിയാണ് ഈഴവ സമുദായത്തോട് ചെയ്തത്. മലപ്പുറത്ത് സമുദായത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലും ഇല്ല. മലപ്പുറം കേന്ദ്രീകരിച്ച് സംസ്ഥാനം വേണമെന്ന് പറഞ്ഞവരാണ് മതേതരത്വം പറയുന്നത്. താന്‍ സത്യങ്ങള്‍ പറയുമ്പോള്‍ തന്നെ വര്‍ഗീയവാദി ആക്കുന്നുവെന്നും വെള്ളാപ്പള്ളി പ്രസംഗത്തില്‍ പറഞ്ഞു.