- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശക്തമായ തീരുമാനമാണ് പാര്‍ട്ടി എടുത്തത്; പാര്‍ട്ടി തീരുമാനം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ബാധകമാണ്'; പ്രാഥമികാഗംത്വത്തില്‍ നിന്ന് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍
കോഴിക്കോട്: സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എം പി രംഗത്ത്. ശക്തമായ തീരുമാനമാണ് പാര്‍ട്ടി എടുത്തതെന്നും ഇത് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ബാധകമാണെന്നുമാണ് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ ഷാഫി പറഞ്ഞത്. രാഹുല്‍ വിഷയത്തില്‍ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞുകഴിഞ്ഞെന്നും അതിനു മുകളില്‍ ഒന്നും പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ ഐക്യവും ശക്തിയും ഉറപ്പാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഷാഫി ആഹ്വാനം ചെയ്തു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയെടുത്ത തീരുമാനം ഐക്യകണ്‌ഠേനയാണെന്നാണ് നേരത്തെ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചത്. രാഹുലിനെതിരെയുള്ള ആരോപണങ്ങളെ പാര്‍ട്ടി ഗൗരവകരമായാണ് കാണുന്നത്. ആരോപണങ്ങള്‍ വന്ന ഘട്ടത്തില്‍ തന്നെ പരിശോധിച്ചിരുന്നു. രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്തിയിരുന്നു. കൂടിയാലോചനകള്‍ക്ക് ശേഷമാണ് രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഒരേ സ്വരത്തില്‍ എടുത്ത തീരുമാനമാണ്. കോണ്‍ഗ്രസ് നിയമസഭ കക്ഷി സ്ഥാനവും രാഹുലിന് ഉണ്ടാകില്ല എന്നും സണ്ണി ജോസഫ് അറിയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടിക്ക് ഇതുവരെയും പരാതികള്‍ ലഭിച്ചിട്ടില്ല. പൊലീസ് കേസെടുത്തിട്ടുമില്ല. അതുകൊണ്ടുതന്നെ രാജി എന്ന ആവശ്യത്തില്‍ യുക്തിയില്ലെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു. സി പി എമ്മിനോ ബി ജെ പിക്കോ ഇത്തരത്തില്‍ രാജി ആവശ്യപ്പെടാന്‍ ധാര്‍മികമായി അവകാശമില്ലെന്നും അങ്ങനെയൊരു കീഴ്വഴക്കമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. സ്ത്രീകളുടെ ആത്മാഭിമാനം കണക്കിലെടുത്തുള്ള തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. 6 മാസത്തേക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയില്‍ ശക്തമായിരുന്നു. ഒടുവിലാണ് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.