- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് യു പ്രവര്‍ത്തകരെ മുഖം മറച്ച് വിലങ്ങണിയിച്ചതില്‍ പ്രതിഷേധം കടുക്കുന്നു; വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന് മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി; കണ്ണീര്‍വാതകം പ്രയോഗിച്ചു
തൃശ്ശൂര്‍: കെ എസ് യു പ്രവര്‍ത്തകരെ വിലങ്ങ് അണിയിച്ച് മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെ എസ് യു നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. കോലം കത്തിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ബ്ലേഡ് ഉപയോഗിച്ചാണ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് കെട്ടിയ റോപ്പ് മുറിച്ചത്. നാല് തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി തുടരുകയാണ്. ബാരിക്കേഡ് മറിച്ചിട്ടതിന് ശേഷം റോഡില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് മുളവടി മാറ്റണമെന്ന് കെ എസ് യു നേതാക്കള്‍ ആവശ്യപ്പെട്ടതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. പ്രവര്‍ത്തകരെ നേരിടാന്‍ നൂറോളം പോലീസുകാരെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
കെ എസ് യു പ്രവര്‍ത്തകരെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ എസ്എച്ച്ഒ ഷാജഹാനെതിരെ നടപടിയാവശ്യപ്പെട്ടാണ് പ്രതിഷേധം. മുഖ്യമന്ത്രിയുടെയും എസ്എച്ച്ഒ ഷാജഹാന്റെയും കോലം കത്തിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചത്. ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തായാറായില്ല. തുടര്‍ന്നാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെഎസ് യു പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
വടക്കാഞ്ചേരിയിലെ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു കെഎസ്യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കോഴിക്കോട് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ അവരെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് മുഖംമൂടി ധരിപ്പിച്ചത്. സംഭവത്തില്‍ കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. വിദ്യാര്‍ഥികളെ കറുത്ത മാസ്‌കും കൈ വിലങ്ങും അണിയിച്ചു കൊണ്ടുവന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. എസ്എച്ച്ഒ ഷാജഹാന്‍ നേരിട്ട് തിങ്കളാഴ്ച കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.