- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കലുങ്ക് സംവാദ പരിപാടി വക്രീകരിക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നു; ആനന്ദവല്ലി ചേച്ചി വന്ന് എന്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല; സഹകരണ വകുപ്പ് മന്ത്രിയാണ് തീരുമാനം എടുക്കേണ്ടത്'; വിവാദത്തില്‍ വിശദീകരണവുമായി സുരേഷ് ഗോപി
വിവാദത്തില്‍ വിശദീകരണവുമായി സുരേഷ് ഗോപി
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ നടന്ന കലുങ്ക് സഭയില്‍ കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപകയായ വയോധികയോട് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കലുങ്ക് സംവാദ പരിപാടി വക്രീകരിക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സുരേഷ്ഗോപി ആരോപിച്ചു. കരുതിക്കൂട്ടി ചില ആളുകളെ കൊണ്ടുനിര്‍ത്തി പരിപാടി വക്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് സ്വാഗതാര്‍ഹമല്ല. കരുവന്നൂരില്‍ ഇ.ഡി സ്വത്ത് കണ്ടു കെട്ടിയ കാര്യം നേരത്തെ പറഞ്ഞതാണ്. അത് ബാങ്ക് വഴി മാത്രമേ നല്‍കാന്‍ കഴിയൂ. പ്രധാനമന്ത്രി കുന്നംകുളത്ത് വന്നപ്പോള്‍ ഇക്കാര്യം പറഞ്ഞതാണ്. ആനന്ദവല്ലി ചേച്ചി വന്ന് എന്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. സഹകരണ വകുപ്പ് മന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
കലുങ്ക് ജനകീയ മുഖമാകരുത് എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇതിനെ വക്രീകരിക്കാനുള്ള തൊരയുണ്ടാകും. ക്വാറിയില്‍ നിന്ന് പൈസയെടുത്ത ജില്ലാ പ്രസിഡന്റുമാരൊന്നും ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ല. ഉണ്ടെന്ന് അറിഞ്ഞാല്‍ കളയും, തട്ടിപ്പ് നടത്തിയെന്ന് തന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പുറത്താക്കും. ഇന്ന് നാലിടങ്ങളിലാണ് സുരേഷ് ഗോപിയുടെ കലുങ്ക് സദസ്സ് നടക്കുന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കുടുങ്ങിയ തന്റെ നിക്ഷേപം തിരികെ കിട്ടാന്‍ സുരേഷ് ഗോപി സഹായിക്കുമോ എന്ന പൊറുത്തിശേരി സ്വദേശി ആനന്ദവല്ലിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് നേരത്തെ വിവാദമായത്. 'അതിനായി മുഖ്യമന്ത്രിയെ സമീപിക്കൂ' എന്ന് സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍, 'മുഖ്യമന്ത്രിയെ തേടി പോകാന്‍ തനിക്ക് കഴിയില്ലല്ലോ' എന്ന് വയോധിക പറഞ്ഞപ്പോള്‍, 'എന്നാല്‍ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്ന് സുരേഷ്‌ഗോപി പരിഹാസരൂപേണ മറുപടി നല്‍കി. ഈ മറുപടിയാണ് വിവാദമായത്.
'കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഇ.ഡി പിടിച്ചെടുത്ത പണം തിരികെ തരാന്‍ മുഖ്യമന്ത്രി തയാറുണ്ടോ ഇ.ഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് നിങ്ങള്‍ക്കു തരാനുള്ള സംവിധാനം ഒരുക്കാന്‍ തയാറുണ്ടെങ്കില്‍, ആ പണം സ്വീകരിക്കാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ. പരസ്യമായിട്ടാണ് ഞാന്‍ ഇത് പറയുന്നത്. അല്ലെങ്കില്‍ നിങ്ങളുടെ എംഎല്‍എയെ കാണൂ'' സുരേഷ് ഗോപി പറഞ്ഞു.
ഇതോടെയാണ് മുഖ്യമന്ത്രിയെ തിരക്കി പോകാന്‍ തനിക്ക് പറ്റുമോ എന്ന് വയോധിക ചോദിച്ചത്. ഉടന്‍ ''എന്നാല്‍ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ,. നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നത്''എന്നായിരുന്നു സുരേഷ്‌ഗോപിയുടെ മറുപടി. ഇതോടെ ചുറ്റും കൂടിനിന്നവര്‍ എല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു.
തുടര്‍ന്ന് ' നിങ്ങള്‍ ഞങ്ങളുടെ മന്ത്രിയല്ലേ സര്‍ ' എന്ന് വയോധിക വീണ്ടും ചോദിച്ചു. ''അല്ല. ഞാന്‍ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. ഞാന്‍ അതിനുള്ള മറുപടിയും നല്‍കി കഴിഞ്ഞു. നിങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് ആ തുക സ്വീകരിക്കാന്‍ പറയൂ. എന്നിട്ട് നിങ്ങള്‍ക്ക് വീതിച്ച് തരാന്‍ പറയൂ''എന്ന് സുരേഷ്‌ഗോപി മറുപടി നല്‍കുകയായിരുന്നു. കേന്ദ്രമന്ത്രിയുടെ പരാമര്‍ശം മനോവിഷമമുണ്ടാക്കിയെന്ന് ആനന്ദവല്ലി പ്രതികരിച്ചിരുന്നു.