ആലപ്പുഴ: മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അനുനയ നീക്കം നടത്തിയിട്ടും സിപിഎമ്മുമായുള്ള ഉടക്ക് തുടര്‍ന്ന് ജി സുധാകരന്‍. കുട്ടനാട്ടില്‍ പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ ക്ഷണം ഉണ്ടായിട്ടും പങ്കെടുത്തില്ല. എന്നാല്‍ പരിപാടി നടത്താന്‍ ആളുകളുണ്ടല്ലോ എന്നായിരുന്നു സുധാകരന്റെ പ്രതികരണം. ആലപ്പുഴയിലെ പാര്‍ട്ടി ആതിഥേയത്വം വഹിക്കുന്ന പ്രധാന പരിപാടിയില്‍ നേതാക്കള്‍ വീട്ടിലെത്തി ക്ഷണിച്ചിട്ടും മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ വിട്ടു നില്‍ക്കുകയാണ് ഉണ്ടായത്. ഇതേ സമയം തന്നെ കൊല്ലം കരുനാഗപ്പള്ളിയില്‍ മറ്റൊരു പരിപാടിയില്‍ ജി സുധാകരന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

പ്രായപരിധിയുടെ പേരിലുള്ള ഒഴിവാക്കല്‍ സ്വാഭാവികമാണെന്ന് ജി സുധാകരന് ഒളിയമ്പുമായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി രംഗത്ത് വന്നു. പ്രായപരിധിയുടെ പേരില്‍ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവായാലും അതിന്റെ പേരില്‍ പാര്‍ട്ടിയോട് അകലുകയല്ല വേണ്ടത്. നേതൃത്വത്തില്‍ നിന്ന് ഒഴിയുന്നു എന്നെ ഉള്ളു. ഒഴിഞ്ഞവര്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടരണം. പ്രായപരിധി നടപ്പിലാക്കിയത് പുതിയതലമുറയ്ക്ക് വേണ്ടിയാണെന്നും എം എ ബേബി വ്യക്തമാക്കി. കേരള കര്‍ഷക തൊഴിലാളി യുണിയന്റെ തൊഴിലാളി മാസിക പുരസ്‌കാരംവേദിയിലാണ് പരാമര്‍ശം. ജി സുധാകരനെ ലക്ഷ്യമിട്ട് കൊണ്ടായിരുന്നു ഒളിയമ്പ്.

സുധാകരന്റെ വിഷയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അനുനയനീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. കുട്ടനാട്ടില്‍ വിഎസ് സ്മാരക അവാര്‍ഡ് ദാന ചടങ്ങിലേക്ക് നേരിട്ട് വീട്ടില്ലെത്തി സിഎസ് സുജാതയും ജില്ലാ സെക്രട്ടറി ആര്‍ നാസറും സുധാകരനെ ക്ഷണിച്ചിരുന്നു. അന്ന് സമ്മതം മൂളിയിരുന്നെങ്കിലും കാര്യമായ റോളില്ലാത്തതിനാല്‍ സുധാകരന്‍ പരിപാടിയില്‍ പങ്കെടുത്തില്ല.

വിഎസ് അച്യുതാനന്ദന്റെ പേരിലുള്ള പ്രഥമ കേരളപുരസ്‌കാരം മുതിര്‍ന്ന സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ളയ്ക്ക് സമര്‍പ്പിച്ചു. ഇടഞ്ഞു നില്‍ക്കുന്ന ജി സുധാകരന് വേദിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ പരോക്ഷ മറുപടി. എല്ലാ പരാതികളും തീര്‍ക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടും പാര്‍ട്ടി പരിപാടികളില്‍ അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്നതാണ് ജി സുധാകരന്റെ അമര്‍ഷത്തിന്റെ കാരണം.

സജി ചെറിയാനെതിരെ നടപടി വേണമെന്ന സുധാകരന്റെ ആവശ്യത്തോട് മുഖം തിരിക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വം. ഈ സാഹചര്യം പരമാവധി മുതലെടുക്കാനാണ് യുഡിഎഫ് നീക്കം. ടിജെ ചന്ദ്രചൂഡന്‍ അവാര്‍ഡിനായി തെരഞ്ഞെടുത്തത് ജി സുധാകരനെയാണ്. 31ന് തിരുവനന്തപുരത്ത് വച്ചു നടക്കുന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കൊപ്പമാണ് സുധാകരന്‍ പങ്കെടുക്കുക. നേരത്തെ കെപിസിസി സംസ്‌ക്കാര സാഹിതി പരിപാടിയില്‍ സുധാകരന്‍ പങ്കെടുത്തിരുന്നു. സിപിഎമ്മിനോട് കൂറു വ്യക്തമാക്കുമ്പോഴും നേതൃത്വത്തോട് സുധാകരനുള്ള എതിര്‍പ്പിലാണ് യുഡിഎഫിന്റെ പ്രതീക്ഷകള്‍.