- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് സല്‍മാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്യും'; മെസിക്ക് പിന്നാലെ പുതിയ വാഗ്ദാനവുമായി മന്ത്രി വി അബ്ദുറഹിമാന്‍; മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ പരിപാടിയുടെ സ്‌പോണ്‍സര്‍ ആകാന്‍ എന്ത് യോഗ്യതയെന്ന് പി കെ ഫിറോസ്
മലപ്പുറം: ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ വരുമെന്ന അവകാശവാദം പൊളിഞ്ഞതോടെ പുതിയ വാഗ്ദാനവുമായി കായികമന്ത്രി വി അബ്ദുറഹിമാന്‍. കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് പ്രശസ്ത സിനിമാ താരം സല്‍മാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് വി അബ്ദുറഹിമാന്‍ അറിയിച്ചു. വണ്ടി പൂട്ടുമത്സരം അംഗീകാരത്തിനുള്ള ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും കായികമന്ത്രി മലപ്പുറത്ത് പറഞ്ഞു. മലപ്പുറം പൂക്കോട്ടൂരില്‍ വണ്ടി പൂട്ട് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി വി അബ്ദുറഹിമാന്‍.
അതേ സമയം മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ പരിപാടിയുടെ സ്‌പോണ്‍സര്‍ ആകാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മെസ്സി കേരളത്തില്‍ എത്തുന്ന കാര്യം സംബന്ധിച്ച് കായിക മന്ത്രി വ്യക്തത വരുത്തണമെന്നും പി കെ ഫിറോസ് പറഞ്ഞു. കായിക മന്ത്രിയുടെ ആദ്യ പ്രഖ്യാപനം അനുസരിച്ച് മെസ്സി കേരളത്തില്‍ കളിക്കേണ്ട സമയം ആയിരുന്നു. മെസ്സി വരുന്നില്ലെന്ന് ഇപ്പോള്‍ പറയുന്നു. കായിക മന്ത്രിയോട് ഇതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ മറുപടി മറ്റേ ഭാഷയില്‍ പറയുമെന്ന് പറയുന്നു. ഇത്തരത്തിലുള്ള പ്രതികരണമല്ല വേണ്ടതെന്നും കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് മന്ത്രിയാണെന്നും പി കെ ഫിറോസ് പറഞ്ഞു.
ആരെങ്കിലും അങ്ങോട്ട് ആവശ്യപ്പെട്ടിട്ടല്ല മെസ്സിയെ കൊണ്ടു വരുമെന്ന് മന്ത്രി പറഞ്ഞത്. നികുതിപ്പണം കൊണ്ടാണ് മന്ത്രിയും സംഘവും അര്‍ജന്റീനയുടെ വരവിനു വേണ്ടി വിദേശത്ത് പോയത്. സര്‍ക്കാര്‍ ഇവന്റിന് മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ എങ്ങനെയാണ് സ്‌പോണ്‍സര്‍ ആയത്. അതിനുള്ള യോഗ്യതാ മാനദണ്ഡം എന്തൊക്കെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മെസ്സിയുടെ വരവ് പ്രമാണിച്ച് കലൂര്‍ സ്റ്റേഡിയത്തില്‍ 2000 പേര്‍ പണിയെടുക്കുന്നു എന്നാണ് പറഞ്ഞത്. എന്നാല്‍, നൂറില്‍ താഴെ ആളുകള്‍ മാത്രമാണ് അനിടെ പണിയെടുത്തത്. നവംബറില്‍ മെസ്സി വരുന്നുണ്ടായിരുന്നെങ്കില്‍ അങ്ങനെ ഉള്ള പണി ആണോ എടുക്കുക? മെസ്സിയെ കൊണ്ട് വരാന്‍ ഇവര്‍ ഉദ്ദേശിച്ചിട്ടില്ല എന്നതാണ് വാസ്തവം.
അര്‍ജന്റീനയിലെ ഏതോ ആളെ പറ്റിച്ച് കൊച്ചിയില്‍ എത്തിച്ചു ഫോട്ടോ എടുത്തു. മെസ്സിയെ കൊണ്ടുവരുന്നു എന്നതിന്റെ മറവില്‍ വലിയ ഉടായിപ്പ് നടത്തി. 132കോടി അയച്ചു എന്നാണ് പറഞ്ഞത്. ഇത് അഴിമതി പണം ആണോ കള്ളപ്പണം ആണോ? സ്റ്റേഡിയം നവീകരണത്തിന് 70 കോടി ചെലവാക്കും എന്നു പറഞ്ഞത് പച്ചക്കള്ളമാണ്. സര്‍ക്കാര്‍ മുതല്‍ ആര്‍ക്കെങ്കിലും നവീകരിക്കാന്‍ കഴിയുമോ? സര്‍ക്കാര്‍ കേസുകളില്‍ പ്രതിയായ ആളുകളെ പൊലീസുകാര്‍ക്കൊപ്പമുള്ള യോഗത്തില്‍ എങ്ങനെയാണ് പങ്കെടുപ്പിക്കുന്നത്? കായിക മന്ത്രിക്ക് മാധ്യമ പ്രവര്‍ത്തകരെ തെറി പറഞ്ഞ് രക്ഷപെടാന്‍ പറ്റില്ല. ജനങ്ങളെ എന്തിന് വിഡ്ഢികളാക്കിയെന്ന് മറുപടി പറയണം. മെസ്സി വളാഞ്ചേരി നഗരസഭയില്‍ മത്സരിക്കുമെന്ന് മാത്രമേ പറയാത്തതായിട്ടുള്ളൂ.139കോടി അര്‍ജന്റീനക്ക് അയച്ചതിന്റെ രേഖകള്‍ പുറത്തു വിടണമെന്നും മെസ്സിയെ കൊണ്ടുവരുമെന്നത് സംബന്ധിച്ച മുഴുവന്‍ ഇടപാടുകള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം വേണമെന്നും പി കെ ഫിറോസ് പറഞ്ഞു.
മെസി വരും....
അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷയെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിനായി ഇപ്പോഴും ശ്രമം തുടരുകയാണ്. അര്‍ജന്റീന കേരളത്തിലേക്ക് വരുന്നതിനുള്ള വാതിലുകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഫിഫ അനുമതികള്‍ വൈകിയതാണ് അര്‍ജന്റീന ടീമിന്റെ നവംബറിലെ വരവ് തടസപ്പെടാന്‍ കാരണമായത്. കൊച്ചി കലൂര്‍ സ്റ്റേഡിയം നവീകരണം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കും എന്നു കരുതിയാണ് അര്‍ജന്റീനയുടെ കേരള സന്ദര്‍ശനത്തിന്റെ തീയതികള്‍ പ്രഖ്യാപിച്ചത്. അര്‍ജന്റീന നവംബറില്‍ വന്നില്ലെങ്കില്‍ മറ്റൊരിക്കല്‍ വരും. നമ്മുടെ നാട്ടിലെ ചിലര്‍ ഇ-മെയില്‍ അയച്ച് അര്‍ജന്റീനയുടെ വരവ് മുടക്കാന്‍ നോക്കിയെന്നും മന്ത്രി ആരോപിച്ചു.




