പാലക്കാട്: ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം പൊതുപരിപാടിയില്‍ പാലക്കാട് നഗരസഭാധ്യക്ഷ പ്രമീളാ ശശിധരന്‍ പങ്കെടുത്തതില്‍ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ബിജെപി അടിയന്തര കോര്‍ കമ്മിറ്റി യോഗം വിളിച്ചു. ജില്ലാ പ്രസിഡന്റിന്റെ നിലപാട് തള്ളി പ്രമീള ശശിധരനെ പിന്തുണച്ച് മറുവിഭാഗവും രംഗത്തെത്തി. അതേസമയം, വികസന പ്രവര്‍ത്തനമെന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് വിവാദങ്ങളില്‍ പ്രമീള ശശിധരന്റെ പ്രതികരണം. പാര്‍ട്ടി എന്ത് നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും പ്രമീള ശശിധരന്‍ പ്രതികരിച്ചു.

പ്രമീളാ ശശിധരന്‍ എംഎല്‍എയ്ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. എംഎല്‍എയ്ക്കൊപ്പം നഗരസഭാധ്യക്ഷ പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനം വിളിച്ചാണ് നഗരസഭ ചെയര്‍പേഴ്‌സണെ തള്ളി ജില്ലാ നേതൃത്വം രംഗത്തെത്തിയത്.

പാലക്കാട് സ്റ്റേഡിയം ബൈപ്പാസ്-ജില്ലാ ആശുപത്രി ലിങ്ക് റോഡിന്റെ ഉദ്ഘാടന ചടങ്ങിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം ബിജെപിയുടെ നഗരസഭാധ്യക്ഷ പ്രമീളാ ശശിധരന്‍ പങ്കെടുത്തത്. ബിജെപി നേതൃത്വം രാഹുലിനെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍നിന്ന് തടയുമെന്ന പ്രഖ്യാപനവുമായി രംഗത്തുള്ളപ്പോഴായിരുന്നു ഈ സംഭവം. ഇതോടെ പാലക്കാട്ടെ ബിജെപിയില്‍ വിവാദമുയരുകയായിരുന്നു.

സി.കൃഷ്ണകുമാര്‍ വിഭാഗത്തിനൊപ്പമുള്ളവരാണ് ബിജെപി ജില്ലാ നേതൃത്വത്തിലുള്ളത്. ജില്ലാ നേതൃത്വവും നഗരസഭാധ്യക്ഷയും തമ്മിലുള്ള ചേരിപ്പോര് നേരത്തേയും ഉണ്ടായിരുന്നു. കഴിഞ്ഞദിവസം പിടി ഉഷ പങ്കെടുത്ത രണ്ട് പരിപാടികള്‍ വാര്‍ഡ് വികസന സമിതിയുടെ പേരില്‍ പാലക്കാട്ട് സംഘടിപ്പിച്ചിരുന്നു. ഇതില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ പങ്കെടുത്തു. എന്നാല്‍, ഈ പരിപാടിയിലേക്ക് നഗരസഭാധ്യക്ഷയെ വിളിച്ചിരുന്നില്ല.

എംഎല്‍എയ്ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത പ്രമീളാ ശശിധരന്‍ ബിജെപി സംസ്ഥാന സമിതിയംഗം കൂടിയാണ്. വിഷയത്തില്‍ സംസ്ഥാനസമിതിയെ വിവരമറിയിച്ചിട്ടുണ്ടെന്നും എന്ത് നടപടി വന്നാലും സ്വീകരിക്കാന്‍ തയ്യാറാണെന്നുമാണ് ഇവരുടെ നിലപാട്. എംഎല്‍എയ്ക്കൊപ്പം പരിപാടികളില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി വാക്കാലോ രേഖാമൂലമോ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് അധ്യക്ഷയുടെ നിലപാട്. നഗരസഭാധ്യക്ഷ എന്നനിലയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ക്ഷണിച്ചതിനാലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും ഇവര്‍ പറഞ്ഞു. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാന്‍ തയാറാണെന്ന് പറഞ്ഞ പ്രമീള, പ്രമീള പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരില്ലെന്നും വ്യക്തമാക്കി.

അതേസമയം, പ്രമീളാ ശശിധരന്‍ വലിയ പ്രവൃത്തിപരിചയമൊന്നും ഇല്ലാത്ത നേതാവാണെന്നും അതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നുമായിരുന്നു മുതിര്‍ന്ന ബിജെപി നേതാവായ ശിവരാമന്റെ പ്രതികരണം.

സി കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാറിന്റെ വാര്‍ഡില്‍ പി ടി ഉഷ എം പിയെ എത്തിച്ച് കഴിഞ്ഞ ദിവസം നടത്തിയ പൊതു പരിപാടിയില്‍ തന്നെ ഒഴിവാക്കിയതില്‍ പ്രമീള ശശിധരന്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കൃഷ്ണകുമാര്‍ പക്ഷവും വിരുദ്ധ പക്ഷവും തമ്മിലെ കടുത്ത വിഭാഗീയത വീണ്ടും സജീവമാകുന്നത്.