ദുബായ്: മന്ത്രി സജി ചെറിയാനെതിരായ പരാമര്‍ശം തിരുത്തി റാപ്പര്‍ വേടന്‍. മന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്നും കലാകാരന്‍ എന്ന നിലയില്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്ത ആളാണ് മന്ത്രിയെന്നും വേടന്‍ പറഞ്ഞു. തന്നെയും തന്നെപ്പോലെ സ്വതന്ത്ര കലാകാരന്മാര്‍ക്കും ഒരുപാട് എഴുതാനും സംഗീതം ഉണ്ടാക്കാനും അവസരം നല്‍കുന്നതാണ് അവാര്‍ഡെന്നും അദ്ദേഹം പറഞ്ഞു.

തന്നെ അദ്ദേഹം അപമാനിച്ചതായി കരുതുന്നില്ല. ഈ പുരസ്‌കാരം എന്നെപ്പോലുള്ള സ്വതന്ത്ര കലാകാരന്മാരെ സഹായിക്കുന്ന കാര്യമാണ്. തന്നെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ജനങ്ങളോടാണ് നന്ദി പറയാനുള്ളതെന്നും വേടന്‍ വ്യക്തമാക്കി.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. വേടനുപോലും അവാര്‍ഡ് നല്‍കിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട്, 'പോലും' പരാമര്‍ശം വേടനെ അപമാനിക്കുന്നതിന് തുല്യമല്ലേയെന്ന മാധ്യമപ്രവര്‍ത്തകുടെ ചോദ്യത്തിന് 'അതേ തീര്‍ച്ചയായും' എന്നായിരുന്നു മറുപടി. ഇതിന് പാട്ടിലൂടെ മറുപടി നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഈ പരാമര്‍ശമാണ് ഇപ്പോള്‍ വേടന്‍ തിരുത്തിയിരിക്കുന്നത്.

''എനിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ല. അവാര്‍ഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല പുരസ്‌കാരം. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. തുടര്‍ച്ചയായ കേസുകള്‍ ജോലിയെ ബാധിച്ചു. വ്യക്തി ജീവിതത്തില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണം എന്ന് തോന്നിയിട്ടുണ്ട്. പ്രായത്തിന്റേതായ പക്വത കുറവുണ്ട്'' വേടന്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി പരാതികളില്ലാതെ സിനിമാ അവാര്‍ഡ് നല്‍കുന്നുണ്ടെന്ന് അവകാശപ്പെട്ടതിന്റെ തുടര്‍ച്ചയായി മന്ത്രി പറഞ്ഞ വാക്കുകളാണ് വിവാദമായത്. മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടി. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് കിട്ടിയ മോഹന്‍ലാലിന് സ്വീകരണം നല്‍കി. വേടനുപോലും അവാര്‍ഡ് കിട്ടി എന്നാണ് മന്ത്രി പറഞ്ഞത്.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാണ് വേടന്‍ നേടിയത്. മഞ്ഞുമ്മല്‍ ബോയ്‌സിലെ വേടന്‍ എഴുതിയ കുതന്ത്രം (വിയര്‍പ്പ് തുന്നിയിട്ട കുപ്പായം) എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ പാര്‍ശ്വവത്കൃത ജീവിതത്തിലെ സഹനങ്ങളെയും സന്തോഷങ്ങളെയും പുതിയ ബിംബങ്ങളിലുടെ തേച്ചുമിനുക്കാത്ത വാക്കുകളിലേക്ക് പകര്‍ത്തിയെടുത്ത രചനാമികവിനാണ് പുരസ്‌കാരമെന്നാണ് ജൂറി അഭിപ്രായപ്പെട്ടത്.