തിരുവനന്തപുരം: തിരുവനന്തപുരം മേയറായി ആര്യ രാജേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടത് ന്യൂയോര്‍ക്ക് മേയറായി കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനിക്ക് പ്രചോദനമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ചെറുപ്പക്കാരായ ഒരു മേയര്‍ എന്നാണു ന്യൂയോര്‍ക്കില്‍ ഉണ്ടാകുക എന്നാണ് അഞ്ചു വര്‍ഷം മുന്‍പ് മംദാനി ട്വിറ്ററില്‍ കുറിച്ചത്. 21-ാം വയസില്‍ ആര്യ മേയറായതിനെ അഭിവാദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം കുറിപ്പിട്ടത്. മേയറാകാനുള്ള ശ്രമം അന്നു മുതല്‍ അദ്ദേഹം തുടങ്ങിയിരുന്നുവെന്നു വേണം കരുതാനെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

'ഒരു ചെറുപ്പക്കാരന്‍ അല്ലെങ്കില്‍ ഒരു ചെറുപ്പക്കാരി എന്നാണ് ന്യൂയോര്‍ക്കിന്റെ മേയര്‍ ആയി വരിക എന്ന് ആര്യാ രാജേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ട വേളയില്‍ മംദാനി ട്വിറ്ററില്‍ (എക്സില്‍) കുറിച്ചിരുന്നു. അന്ന് മുതല്‍ അദ്ദേഹം ന്യൂയോര്‍ക്ക് മേയറാകാനുള്ള ശ്രമം ആരംഭിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു. ഒരു ഇടതുപക്ഷധാര ലോകത്ത് ശക്തിപ്പെടുന്നുണ്ടെന്നും ജെഎന്‍യു സര്‍വകലാശാലയിലെ തിരഞ്ഞെടുപ്പ് വിജയമെല്ലാം ഇതാണ് സൂചിപ്പിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

'ഒരു ചെറുപ്പക്കാരന്‍ അല്ലെങ്കില്‍ ഒരു ചെറുപ്പക്കാരി എന്നാണ് ന്യൂയോര്‍ക്കിന്റെ മേയര്‍ ആയി വരിക എന്ന് മംദാനി ട്വിറ്ററില്‍ പങ്കുവെച്ചത് തിരുവനന്തപുരം മേയറായി ആര്യാ രാജേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ട സന്ദര്‍ഭത്തിലാണ്. ആവശേകരമായ ഒരു പശ്ചാത്തലമാണ് അതുണ്ടാക്കിയതെന്ന് അദ്ദേഹം ട്വിറ്ററില്‍ എഴുതി. ഒരു ചെറുപ്പക്കാരി തിരുവനന്തപുരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അദ്ദേഹം അഭിവാദ്യം ചെയ്തു. ഇനി എന്നാണ് ഇങ്ങനെയൊരാള്‍ ന്യൂയോര്‍ക്കിന്റെ മേയറാവുക എന്ന് അദ്ദേഹം എഴുതി. ആര്യാ രാജേന്ദ്രനെന്ന അന്നത്തെ 21-കാരിയെ ശ്ലാഘിച്ചുകൊണ്ട് ആവേശകരമായ ചിത്രം തനിക്ക് തന്നെ സൃഷ്ടിക്കാനാകുമെന്ന ശ്രമം ആരംഭിച്ചുവെന്നുവേണം ട്വിറ്ററിലെ മംദാനിയുടെ പ്രയോഗത്തിലൂടെ മനസ്സിലാക്കാന്‍.

ഒരു ഇടതുപക്ഷധാര ലോകത്ത് ശക്തിപ്പെടുന്നുണ്ട്. ട്രംപിനെ പോലുള്ളവര്‍ എന്തെല്ലാം ശ്രമം നടത്തിയാലും ലോകത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ സോഷ്യലിസത്തിന്റെയും അതിന്റെ ആശയങ്ങളുടെയും പ്രസക്തി കൂടിക്കൂടി വരുന്നു എന്ന് മനസ്സിലാക്കാം' ഗോവിന്ദന്‍ പറഞ്ഞു. ജെഎന്‍യുവില്‍ ഇടതുപക്ഷം തൂത്തുവാരി. തീവ്ര വലതുപക്ഷത്തിനെതിരെ ഒരു ഇടതുപക്ഷ ആഭിമുഖ്യം ലോകത്ത് ഉയര്‍ന്നുവരുന്നതിന്റെ ഉദാഹരമാണ് ഇതെല്ലാം. ബിഹാറിലെ തിരഞ്ഞെടുപ്പ് കൂടി കഴിയുന്നതോടെ ഈ പ്രവണത കൂടുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

പിഎം ശ്രീ കരാറില്‍ ഒപ്പിട്ടതും കേന്ദ്രം എസ്എസ്എ ഫണ്ട് നല്‍കിയതുമായി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പിഎം ശ്രീ പദ്ധതിയില്‍നിന്ന് പിന്‍മാറിയതായി കേന്ദ്രത്തിനു കത്ത് അയയ്ക്കുന്നത് വലിയ ഗൗരവമുള്ള കാര്യമല്ല. സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ച തീരുമാനം സര്‍ക്കാര്‍ കൈകാര്യം ചെയ്യും. ആരെയും പറ്റിക്കുന്ന പ്രശ്നമില്ല. ഫണ്ട് വാങ്ങാന്‍ പാടില്ലെന്നാണോ എല്ലാവരും ആഗ്രഹിക്കുന്നത് എല്ലാകാലത്തും ഫണ്ട് കിട്ടാതെ കേരളം തുലഞ്ഞുപോകണോ എന്നും ഗോവിന്ദന്‍ ചോദിച്ചു.

നിലവിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മാറ്റുമെന്നും പുതിയ പ്രസിഡന്റിനെ തീരുമാനിച്ചിട്ടുണ്ടെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഇതുവരെ ഉയര്‍ന്നുകേട്ട പേരുകള്‍ ഒന്നും അല്ല പുതിയ ആളെയാണ് പരിഗണിച്ചിരിക്കുന്നതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. പി.എസ്.പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി പാര്‍ട്ടിക്ക് ഒരു പരാതിയും ഇല്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.