പാലക്കാട്: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയ്ക്ക് പാലക്കാട് തുടക്കം. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. 14 ജില്ലകളില്‍ നിന്നായി പതിനായിരത്തോളം ശാസ്ത്ര പ്രതിഭകളാണ് പങ്കെടുക്കുന്നത്. ശാസ്ത്രം, ഗണിതം, ഐടി, പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണല്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. മാനുവല്‍ പരിഷ്‌കരിച്ച ശേഷമുള്ള സമ്പൂര്‍ണ ശാസ്ത്രമേള ആറ് വേദികളിലായാണ് നടക്കുന്നത്. മന്ത്രിമാരായ വി ശിവന്‍ കുട്ടി, എംബി രാജേഷ് എന്നിവര്‍ക്കൊപ്പം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലും ചടങ്ങില്‍ പങ്കെടുത്തു.

മന്ത്രി വി ശിവന്‍കുട്ടി വലിയ പ്രഖ്യാപനങ്ങളോടെയാണ് ശാസ്‌ത്രോത്സവും ഉദ്ഘാടനം ചെയ്തിരിക്കുന്നത്. മൂന്ന് പ്രഖ്യാപനങ്ങളാണ് പ്രധാനമായും നടത്തിയത്. അടുത്ത വര്‍ഷം മുതല്‍ ശാസ്ത്രമേളയ്ക്ക് സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തുമെന്നതാണ് ഇതില്‍ പ്രധാന പ്രഖ്യാപനം. കൂടാതെ സമ്മാനത്തുകയും വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രാര്‍ത്ഥനയിലെ ഏകീകരണം നടത്തുമെന്ന മറ്റൊരു പ്രധാന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. എല്ലാ സ്‌കൂളിലും ഒരുപോലെ ഉള്ള പാട്ട് പാടണം. ചില മത സംഘടനകളുടെ സ്‌കൂളുകളില്‍ പ്രത്യേക വിഭാഗത്തിന്റെ പ്രാര്‍ത്ഥന നടക്കുന്നു. വിദ്യാര്‍ത്ഥിയായതുകൊണ്ട് മാത്രം അത് പാടേണ്ടി വരുന്നു. എല്ലാ സ്‌കൂളുകളിലും ഒരുപോലെയുള്ള പാട്ട് വരണമെന്നത് സമൂഹത്തിന്റെ ചര്‍ച്ചക്ക് വെക്കുന്നതായും ഭരണഘടന മൂല്യങ്ങളും ശാസ്ത്ര ബോധവും ഉള്ള പാട്ടുകളാണ് വേണ്ടതെന്നും മന്ത്രി ഉദ്ഘാടന വേദിയില്‍ പറഞ്ഞു.

പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തിയതിനെ തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവ ഉദ്ഘാടന വേദി ബഹിഷ്‌കരിച്ച് ബിജെപി കൗണ്‍സിലര്‍. പാലക്കാട് നഗരസഭാ കൗണ്‍സിലറായ മിനി കൃഷ്ണകുമാറാണ് ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോയത്. സ്ത്രീ പീഡന ആരോപണം നേരിടുന്ന ആളുമായി വേദി പങ്കിടരുതെന്നുള്ളത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്നും അതിനാലാണ് വേദി ബഹിഷ്‌കരിച്ചതെന്നും മിനി കൃഷ്ണകുമാര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പേര് നോട്ടീസില്‍ കണ്ടിരുന്നു. എംഎല്‍എ എത്തിയാല്‍ വേദി ബഹിഷ്‌കരിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നഗരസഭയുടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള എട്ട് കോടിയുടെ ഡിജിറ്റലൈസേഷന്‍ പ്രോജക്ട് വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. നാലുകോടി രൂപയുടെ ഉപകരണങ്ങളാണ് കെട്ടിക്കിടക്കുന്നത്. ഇക്കാര്യത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ഒരു നടപടിയും എടുത്തിട്ടില്ല. വാര്‍ഡ് കൗണ്‍സിലറെന്ന നിലയില്‍ അക്കാര്യത്തിലുള്ള പ്രതിഷേധം കൂടിയാണ് രേഖപ്പെടുത്തിയതെന്നും മിനി കൃഷ്ണകുമാര്‍ പറഞ്ഞു.