തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന എല്‍ഡിഎഫിന് തിരിച്ചടിയായി വിമത സ്ഥാനാര്‍ത്ഥികള്‍. രണ്ട് സിപിഎം പ്രാദേശിക നേതാക്കളാണ് പാര്‍ട്ടി നേതൃത്വത്തിന് എതിരെ ശബ്ദുമുയര്‍ത്തി മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്. ചെമ്പഴന്തിയിലും വാഴോട്ടുകോണം വാര്‍ഡിലുമാണ് വിമത നീക്കം. സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് വിമത സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് സിപിഎം പ്രാദേശിക നേതാക്കള്‍ രംഗത്ത് വന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ആനി അശോകനും മുന്‍ ബ്രാഞ്ച് സെക്രട്ടറി കെവി മോഹനനുമാണ് വിമതരായി മത്സരിക്കാന്‍ ഒരുങ്ങുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ വോട്ട് കിട്ടാനാണ് കടകംപള്ളി സുരേന്ദ്രന്റെ നീക്കമെന്ന് ആനി അശോകന്‍ പറയുന്നു. ഉള്ളൂരിലും പാര്‍ട്ടി അംഗം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായേക്കും.

ചെമ്പഴന്തിയില്‍ തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ കടകംപള്ളി സുരേന്ദ്രനും ബിജെപിയും തമ്മിലുണ്ടാക്കിയ ഡീലാണെന്ന് ആനി അശോകന്‍ കുറ്റപ്പെടുത്തുന്നു. പഴയ കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഇവര്‍. 2004 മുതല്‍ 2010 വരെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ചെമ്പഴന്തി സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമാണ് ഇവര്‍. ഇത്തവണ കോര്‍പറേഷനിലേക്ക് മത്സരിക്കാന്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ആനി സ്വതന്ത്രയായി മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഷീലാ മോഹനനാണ് ഡിവിഷനിലെ പാര്‍ടി സ്ഥാനാര്‍ത്ഥി. ഈ സ്ഥാനാര്‍ത്ഥിയെ പ്രദേശത്ത് ആര്‍ക്കും പരിചയമില്ല. കടകംപള്ളി സുരേന്ദ്രന്‍ ബിജെപിയുമായി വോട്ട് കച്ചവടം നടത്തുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച പല വാര്‍ഡുകളിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ കടകംപള്ളിക്ക് വോട്ട് കൂടിയതിന്റെ കാരണം ഇതാണെന്നും അവര്‍ വിമര്‍ശിച്ചു.

'മുന്‍പും ഇപ്പോഴും കടകംപള്ളി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നത് ബിജെപിക്ക് അനുകൂലമായിട്ടാണ്. ജയ സാധ്യത ഇല്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപിയെ വിജയിപ്പിക്കാനാണ് ശ്രമം. കടകംപള്ളിക്ക് എംഎല്‍എ ആയി മത്സരിക്കുമ്പോള്‍ തിരിച്ച് വോട്ട് കിട്ടാന്‍ വേണ്ടിയാണ് നീക്കം. തിരുവനന്തപുരം ജില്ലയ്ക്കകത്ത്, പ്രത്യേകിച്ചും കഴക്കൂട്ടത്ത് ഒരു ജാതി സമവാക്യം ഉണ്ട്. കടകംപള്ളിയുടെ ഭയങ്കരമായിട്ടുള്ള അപ്രമാദിത്വമാണ്. ഒരു വര്‍ഗ ബഹുജന സംഘടനകയുടെയും പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത ആള്‍ക്കാരെയാണ് ഈ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി വച്ചിരിക്കുന്നത്' - ആനി അശോക് ആരോപിച്ചു.

വാഴോട്ടുകോണത്തും ഇതേ സാഹചര്യമാണ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിന്റെ സി ഷാജിയാണ് മത്സരിക്കുന്നത്. ഇദ്ദേഹത്തിന് വിജയസാധ്യതയില്ലെന്ന് ആരോപിച്ചും ലോക്കല്‍ സെക്രട്ടറിയുടെ വ്യക്തി താത്പര്യമാണ് സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിലെന്നും പറഞ്ഞാണ് വാഴോട്ടുകോണത്ത് കെ വി മോഹന്‍ വിമതനായി മത്സരിക്കുമെന്ന് അറിയിച്ചത്. വട്ടിയൂര്‍ക്കാവ് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റായിരുന്നു. ലോക്കല്‍ സെക്രട്ടറി റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണെന്നും ബിസിനസ് സാമ്രാജ്യം വളര്‍ത്താനായി സ്വന്തക്കാരെ സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കുകയാണെന്നും കെവി മോഹനന്‍ ആരോപിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യോജിക്കാനാവാത്ത സമീപനമാണ്. താന്‍ ഇടതുപക്ഷ വിശ്വാസിയാണ്. താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചാണ് മത്സരിക്കുന്നത്. ഈ തീരുമാനത്തില്‍ വളരെയേറെ വേദനയുണ്ടെന്നും കെവി മോഹനന്‍ പറഞ്ഞു. ഉള്ളൂര്‍ ഡിവിഷനില്‍ നേരത്തെ പ്രചാരണം തുടങ്ങിയ സ്ഥാനാര്‍ത്ഥിയെ മാറ്റി, മറ്റൊരാളെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിലാണ് പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നത്.