അടിമാലി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മറിയക്കുട്ടി. അടിമാലി പഞ്ചായത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് താല്‍പര്യം അറിയിച്ചത്. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് സര്‍ക്കാറിനെതിരെ പിച്ചച്ചട്ടിയെടുത്ത് സമരം നടത്തി ശ്രദ്ധേയയായ മറിയക്കുട്ടി നേരത്തെ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നാണ് ബിജെപിയില്‍ എത്തിയത്.

പൊതുജനം മത്സരിക്കണമെന്ന് പറയുന്നുണ്ട്. പക്ഷേ, പാര്‍ട്ടിക്കാര്‍ പറഞ്ഞിട്ടില്ല. എന്റെ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. ശരീരത്തിന് ക്ഷീണങ്ങളുണ്ട്. സുരേഷ് ഗോപി സാര്‍ ഇതുവരെ വിളിച്ചില്ല, വിളിക്കുമായിരിക്കും. മറ്റുപാര്‍ട്ടിയിലൊന്നും ഞാന്‍ പോവില്ല. ബി.ജെ.പി എന്നെ വേണ്ട എന്ന് പറഞ്ഞാലേ പോകൂ. ആംആദ്മി പാര്‍ട്ടിയിലേക്കൊന്നും പോകില്ല.'- മറിയക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മെയിലാണ് മറിയക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നത്.

തൊടുപുഴയില്‍ നടന്ന ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ വികസിത കേരളം കണ്‍വെന്‍ഷനില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചത്. ഭിക്ഷപാത്ര സമരത്തിന് ശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി മറിയക്കുട്ടിയെ സന്ദര്‍ശിക്കുകയും സര്‍ക്കാര്‍ നല്‍കാത്ത പെന്‍ഷന്‍ മറിയക്കുട്ടിക്ക് നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം മണ്‍ചട്ടിയും പ്ലക്കാഡുമേന്തി അടിമാലി ടൗണില്‍ മറിയക്കുട്ടി നടത്തിയ പ്രതിഷേധം വലിയ ശ്രദ്ധ നേടിയിരുന്നു. പെന്‍ഷന്‍ മുടങ്ങിയതിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയെയും സമീപിച്ചിരുന്നു.

തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കം യു.ഡി.എഫ് നേതാക്കള്‍ മറിയക്കുട്ടിയെ കാണാനെത്തി. സര്‍ക്കാറിനെതിരായി യു.ഡി.എഫ് വേദികളില്‍ ഇവര്‍ സാന്നിധ്യവുമായി. പിന്നീട് കെ.പി.സി.സി മറിയക്കുട്ടിക്ക് വീട് നിര്‍മിച്ചു നല്‍കുകയും പ്രസിഡന്റ് കെ. സുധാകരന്‍ താക്കോല്‍ കൈമാറുകയും ചെയ്തു. പിന്നീടാണ് മറിയക്കുട്ടി കളംമാറ്റി ചവിട്ടിയത്.